തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ഉത്തരവാദിത്തം കോണ്‍ഗ്രസ് തന്നെ ഏല്‍പ്പിച്ചതായും ഈ അവസരത്തെ താന്‍ വളരെയധികം സന്തോഷത്തോടെ കാണുന്നുവെന്നും കെ.എസ്.ശബരിനാഥന്‍. താന്‍ പഞ്ച് ഡയലോഗ് അടിക്കുന്ന ആളല്ലെന്നും ശബരിനാഥ് വ്യക്തമാക്കി.

To advertise here,

ശാസ്തമംഗലത്തില്‍ ഉള്‍പ്പെടുന്ന കവടിയാര്‍ വാര്‍ഡ് പ്രതിനിധാനം ചെയ്യാനുള്ള അവസരം ലഭിച്ചതില്‍ സന്തോഷമുണ്ട്. താന്‍ തിരുവനന്തപുരത്തെ സ്ഥിരം നിവാസിയാണെന്നും, സ്‌കൂള്‍ പഠനം, എഞ്ചിനീയറിംഗ് കോളേജ് പഠനം, അടുത്തിടെ നിയമപഠനം എന്നിവയെല്ലാം പൂര്‍ത്തിയാക്കിയത് ഈ ജില്ലയിലാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. താന്‍ ഒരു പാര്‍ട്ടിക്കാരനാണ്, പാര്‍ട്ടി എന്ത് പറയുന്നോ അത് ചെയ്യുക എന്നത് തന്റെ ഏറ്റവും വലിയ ഉത്തരവാദിത്തമാണെന്നും ശബരീനാഥന്‍ കൂട്ടിച്ചേര്‍ത്തു.

മുന്‍ എംഎല്‍എ, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി എന്നീ പദവികളില്‍ നിന്ന് കോര്‍പ്പറേഷന്‍ വാര്‍ഡ് തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്നത് ഒരു ഉയര്‍ച്ച ആയിട്ടാണ് താന്‍ കാണുന്നതെന്നും ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടിയായി ശബരിനാഥന്‍ വ്യക്തമാക്കി.

മുംബൈയില്‍ ഉയര്‍ന്ന സ്ഥാനത്ത് ജോലി ചെയ്യുകയായിരുന്നു താന്‍. പിതാവിന്റെ മരണശേഷം ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, വി.എം. സുധീരന്‍ തുടങ്ങിയ നേതാക്കള്‍ കെ.പി.സി.സി.യില്‍ നിന്ന് ഒരു ഫോണ്‍ കോളിലൂടെ വിളിച്ചപ്പോഴാണ് തിരികെ വന്നതെന്നും, തിരികെ വരാന്‍ തന്നെ പ്രേരിപ്പിച്ചത് തിരുവനന്തപുരത്തോടുള്ള സ്‌നേഹം കൂടിയണെന്നും അദ്ദേഹം അറിയിച്ചു. അദ്ദേഹം അറിയിച്ചു.

തിരുവനന്തപുരത്തിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കുവാനും, എല്ലാവര്‍ക്കും ജീവിക്കാന്‍ കഴിയുന്ന ഭാവിയുടെ ഒരു സുസ്ഥിര നഗരം ആക്കുക എന്ന ലക്ഷ്യവുമാണ് യുഡിഎഫിനും കോണ്‍ഗ്രസിനുമുള്ളതെന്ന് ശബരീനാഥന്‍ വിശദീകരിച്ചു. 1932-ല്‍ എയര്‍ ഇന്ത്യ സ്ഥാപിച്ചപ്പോള്‍ കറാച്ചിയില്‍ നിന്ന് ആദ്യ വിമാനം തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്ത ചരിത്രപരമായ പ്രൗഢി അദ്ദേഹം ചൂണ്ടിക്കാട്ടി.

യുഡിഎഫ് മുന്നോട്ട് വച്ചിരിക്കുന്നത് ഏറ്റവും മികച്ച ഒരു പാനലാണ്. ആശാ വര്‍ക്കര്‍ സമരത്തില്‍ പങ്കെടുത്തവര്‍ മുതല്‍ തലമുതിര്‍ന്ന കൗണ്‍സിലര്‍മാര്‍, ടെക്നോപാര്‍ക്കില്‍ ജോലി ചെയ്ത ലോ അക്കാദമി വിദ്യാര്‍ത്ഥിനി, തിരുവനന്തപുരം കോളേജിലെ അധ്യാപിക വരെ ഈ പാനലില്‍ ഉള്‍പ്പെടുന്നു. ഈ പാനല്‍ തിരുവനന്തപുരത്തിന്റെ പരിച്ഛേദമാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

'കോണ്‍ഗ്രസിന് പ്രശ്നമുണ്ടാകുമ്പോള്‍ അസ്വസ്ഥരാകുന്ന, നിശബ്ദമായി പ്രവര്‍ത്തിക്കുന്ന, വലിയ ബഹളം ഉണ്ടാക്കാതെ കോണ്‍ഗ്രസിനെ ഇഷ്ടപ്പെടുന്ന വീട്ടമ്മമാര്‍ അടക്കമുള്ള സാധാരണക്കാരായിട്ടുള്ള സ്ലീപ്പര്‍ സെല്ലുകളാണ് കോണ്‍ഗ്രസിന്റെ ശക്തിയും ചാലകശക്തിയും' ശബരിനാഥന്‍ പറഞ്ഞു.

51 സീറ്റ് നേടി കോര്‍പ്പറേഷന്‍ ഭരിക്കാന്‍ യുഡിഎഫിന് കഴിയും എന്ന പൂര്‍ണ്ണ വിശ്വാസം തങ്ങള്‍ക്കുണ്ടെന്നും, തിരുവനന്തപുരം കോണ്‍ഗ്രസിന് വേരോട്ടമുള്ള മണ്ണാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള ധാരണയുടെ പുറത്താണെന്ന മന്ത്രി വി. ശിവന്‍കുട്ടിയുടെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോള്‍, 'ധാരണ'യെക്കുറിച്ച് സംസാരിക്കാന്‍ ഏറ്റവും അനുയോജ്യന്‍ ശിവന്‍കുട്ടി സഖാവ് തന്നെയാണെന്ന് ശബരീനാഥന്‍ പ്രതികരിച്ചു.

പി.എം. ശ്രീയില്‍ ഒപ്പിട്ടത് തെറ്റായിപ്പോയെന്ന ഗോവിന്ദന്‍ മാസ്റ്ററുടെ പരാമര്‍ശം അദ്ദേഹം ഉയര്‍ത്തിക്കാട്ടി. പി.എം. ശ്രീയില്‍ ഒപ്പിട്ടത് ഐഎഎസ് ഉദ്യോഗസ്ഥരാണെങ്കിലും, അത് ശിവന്‍കുട്ടി പറഞ്ഞിട്ടല്ലേ എന്നും, ശിവന്‍കുട്ടി ധാരണയുടെ മുന്നില്‍ നില്‍ക്കുന്ന ആളാണ് എന്നും ശബരീനാഥന്‍ ആരോപിച്ചു.