
അൻസജിത റസ്സൽ, ടി.എൽ. ആതിര ഗ്രേയ്സ്, വിജില, ആദര്ശ് ഇലകമണ്, പ്രദീപ് ശിവഗിരി, വക്കം എസ്. സുനിൽകുമാർ | Photo: Special Arrangement
വെള്ളറട: വിജയത്തുടർച്ചയ്ക്ക് യുഡിഎഫും തിരിച്ചുപിടിക്കാൻ എൽഡിഎഫും അട്ടിമറിവിജയത്തിന് ബിജെപിയും തന്ത്രങ്ങൾ മെനയുമ്പോൾ ജില്ലാപ്പഞ്ചായത്ത് വെള്ളറട ഡിവിഷനിൽ ഉഗ്രപോരാട്ടം നടക്കുമെന്ന് ഉറപ്പായി. എൽഡിഎഫും, ബിജെപിയും പുതുമുഖങ്ങളെ മത്സരിപ്പിക്കുമ്പോൾ ഇതേ ഡിവിഷനിൽ മുമ്പ് ഹാട്രിക് വിജയം നേടിയ അൻസജിത റസ്സലിനെയാണ് ഇക്കുറി യുഡിഎഫ് സ്ഥാനാർഥിയായി രംഗത്തിറക്കിയിട്ടുള്ളത്.
നാലുപ്രാവശ്യം വെള്ളറടയിലും രണ്ടുതവണ പൂവച്ചൽ ഡിവിഷനിൽനിന്നുമായി അൻസജിത ആറുതവണ മത്സരിച്ച് വിജയിച്ചു. 1995 മുതൽ 2010 വരെയും 2020-2025 കാലയളവിലും വെള്ളറടയിൽ നിന്നും 2010 മുതൽ 2020 വരെ പൂവച്ചൽ ഡിവിഷനിൽ നിന്നുമാണ് വിജയിച്ചത്. ജില്ലാപ്പഞ്ചായത്ത് ഭരണസമിതിയിൽ 2013 മുതൽ 2015 വരെ രണ്ടരവർഷം പ്രസിഡന്റുമായി. കാട്ടാക്കട കോളേജിൽ നിന്നും ബിഎ ബിരുദവും നാഗർകോവിൽ ഹിന്ദു കോളേജിൽനിന്നും ബിഎഡും കരസ്ഥമാക്കിയ അൻസജിത കലാലയ രാഷ്ട്രീയത്തിലൂടെയാണ് പാർട്ടിയിലേക്ക് എത്തിയത്. കെഎസ്‌യു, മഹിളാ കോൺഗ്രസ് ഭാരവാഹിയായും എഐസിസി അംഗമെന്നനിലയിലും പ്രവർത്തിച്ചിരുന്നു. നിലവിൽ കെപിസിസി ജനറൽ സെക്രട്ടറിയാണ്.
മുൻകാലങ്ങളിൽ ഈ ഡിവിഷനിൽ എൽഡിഎഫിൽ ഘടകക്ഷികളായ കേരള കോൺഗ്രസ്(എം), സിപിഐ സ്ഥാനാർഥികളാണ് മത്സരിച്ചിരുന്നത്. ഇക്കുറി ഈ ഡിവിഷൻ സിപിഎം ഏറ്റെടുക്കുകയായിരുന്നു. എൽഡിഎഫിൽ സിപിഎമ്മിലെ ടി.എൽ.ആതിര ഗ്രെയ്സാണ് സ്ഥാനാർഥി. കുടയാൽ കുറക്കോട് സ്വദേശിനിയാണ്. ബാലസംഘം, എസ്എഫ്‌ഐ മഹിളാസംഘം എന്നിവയിലൂടെ പൊതുരംഗത്തേക്ക് എത്തിയ ആതിര നെയ്യാറ്റിൻകര കോടതിയിലെ അഭിഭാഷകയാണ്. കന്നിമത്സരമാണ്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽനിന്നും ഡിഗ്രിയും ലോ അക്കാദമിയിൽനിന്നും എൽഎൽബിയും കരസ്ഥമാക്കി. പാർലമെന്ററി കോഴ്സും പൂർത്തിയാക്കിയ ആതിര സഭയുടെ ഫെറോനതല പ്രവർത്തനങ്ങളിലും സജീവമാണ്. സംസ്ഥാന സർക്കാരിന്റെ വികസനപ്രവർത്തനങ്ങൾ നിരത്തിയാണ് ആതിരയുടെ പ്രചാരണം.
മത്സരരംഗത്ത് കന്നിക്കാരിയാണെങ്കിലും 17 വർഷമായി അഭിഭാഷകയായി സേവനമനുഷ്ഠിക്കുന്ന വിജിലയാണ് ഇവിടെ ബിജെപി സ്ഥാനാർഥി. ഒരു പതിറ്റാണ്ടിലേറെയായി പൊതുപ്രവർത്തനത്തിൽ സജീവ പങ്കാളിത്തമുള്ള വിജില മഹിളാമോർച്ച തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റുമാണ്. തിരുവനന്തപുരം, നെയ്യാറ്റിൻകര, കുഴിത്തുറ കോടതികളിൽ പ്രാക്ടീസ് ചെയ്യുന്നുണ്ട്. മാർത്താണ്ഡം കോളേജിൽനിന്നും ഡിഗ്രിയും ബാംഗ്ലൂർ യൂണിവേഴ്സിറ്റി ലോ കോളേജിൽനിന്നും എൽഎൽബിയും എൽഎൽഎമ്മും നേടിയ വിജില പനച്ചമൂട് പഞ്ചാക്കുഴി സ്വദേശിയാണ്. കേന്ദ്ര സർക്കാരിന്റെ വികസനപ്രവർത്തനങ്ങളും ശബരിമല വിഷയവും വിവരിച്ചാണ് വിജില വോട്ടർമാരെ സമീപിക്കുന്നത്.
വെള്ളറട ഗ്രാമപ്പഞ്ചായത്തിലെ 21 വാർഡും അമ്പൂരി പഞ്ചായത്തിലെ 14 വാർഡുകളും ഒറ്റശേഖരമംഗലം ഗ്രാമപ്പഞ്ചായത്തിലെ അഞ്ചും ആര്യങ്കോടിലെ മൂന്നും കള്ളിക്കാടിലെ ഒന്നും ഉൾപ്പെടെ 44 വാർഡുകളാണ് ഈ ഡിവിഷനിലുള്ളത്. കഴിഞ്ഞ തവണ ഈ ഡിവിഷനിൽ വെള്ളറട, അമ്പൂരി, ഒറ്റശേഖരമംഗലം കുന്നത്തുകാൽ ഗ്രാമപ്പഞ്ചായത്തുകളിൽ നിന്നുള്ള 55 വാർഡുകളാണ് ഉണ്ടായിരുന്നത്. കേരള കോൺഗ്രസ് (എം) സ്ഥാനാർഥിയായ സഹയദാസിനേക്കാൾ 8600 ലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അൻസജിത റസ്സൽ വിജയിച്ചത്.
2020-ലെ ഫലം
അൻസജിത റസ്സൽ (യുഡിഎഫ്)- 25,905
സഹായദാസ് (കേരള കോൺഗ്രസ്-എം)- 18,468
സുരേന്ദ്രൻ (ബിജെപി)- 9,846
ഇത്തവണത്തെ വോട്ടർമാരുടെ എണ്ണം- 74,820
ഇലകമണിൽ ഇക്കുറിഇളക്കമുണ്ടാകുമോ?
വർക്കല: ജില്ലാപ്പഞ്ചായത്തിൽ ഇലകമൺ എന്ന പുതിയ പേരിലുള്ള ഒന്നാം ഡിവിഷനിലെ പോരാട്ടത്തിന് കളമൊരുങ്ങി. 2020 വരെ ചെമ്മരുതി എന്ന പേരായിരുന്നു ഡിവിഷന്. ഡിവിഷൻ പുനർവിഭജനത്തിലൂടെയാണ് ഇലകമൺ എന്നപേര് ലഭിച്ചത്. പട്ടികജാതി സംവരണ ഡിവിഷനിൽ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. ഡിവിഷൻ നിലനിർത്താൻ എൽഡിഎഫും തിരികെപ്പിടിക്കാൻ യുഡിഎഫും വിജയം പിടിച്ചെടുക്കാൻ എൻഡിഎയും രംഗത്തുണ്ട്.
സിപിഐയുടെ ആദർശ് ഇലകമൺ(39) ആണ് എൽഡിഎഫ് സ്ഥാനാർഥി. കോൺഗ്രസിലെ പ്രദീപ് ശിവഗിരി(49) യാണ് യുഡിഎഫിനായി മത്സരിക്കുന്നത്. എൻഡിഎ സ്ഥാനാർഥിയായി ബിജെപിയുടെ വക്കം എസ്. സുനിൽകുമാർ(52) ജനവിധിതേടുന്നു.
2020-ലെ തിരഞ്ഞെടുപ്പിൽ സിപിഐയുടെ ഗീതാ നസീറാണ് വിജയിച്ചത്. തുടർച്ചയായി എൽഡിഎഫ് വിജയിച്ചുവരുന്ന ഡിവിഷനിൽ 2010-ൽ മാത്രമാണ് യുഡിഎഫ് വിജയിച്ചത്. കോൺഗ്രസിലെ സുബൈദയാണ് അന്ന് വിജയിച്ചത്. 2015-ൽ വി.രഞ്ജിത്തിലൂടെ സിപിഐ ഡിവിഷൻ വീണ്ടും ചുവന്നു. ഇടവ, ഇലകമൺ ഗ്രാമപ്പഞ്ചായത്തുകളിലെ എല്ലാ വാർഡുകളും ചെമ്മരുതി ഗ്രാമപ്പഞ്ചായത്തിലെ ഒന്നുമുതൽ അഞ്ചുവരെയും 14മുതൽ 20വരെയുമുള്ള വാർഡുകളുമാണ് ഡിവിഷനിലുള്ളത്. മൂന്നു പഞ്ചായത്തുകളിലെ 48 വാർഡുകൾ ചേരുന്നതാണ് ഇലകമൺ ഡിവിഷൻ.
എൽഡിഎഫ് സ്ഥാനാർഥി ആദർശിന് കന്നിയങ്കമാണ്. സിപിഐ ഇലകമൺ ലോക്കൽ കമ്മിറ്റിയംഗം, യുവകലാസാഹിതി ഇലകമൺ മേഖലാ സെക്രട്ടറി, കിസാൻസഭ വർക്കല മണ്ഡലം വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. വർഷങ്ങളായി മാതൃഭൂമി ദിനപത്രത്തിന്റെ പാരിപ്പള്ളിമുക്ക് ഏജന്റുമാണ്.
യുഡിഎഫ് സ്ഥാനാർഥി പ്രദീപ് ശിവഗിരി 2010-2015 കാലയളവിൽ കരവാരം ഗ്രാമപ്പഞ്ചായത്ത് അംഗമായിരുന്നു. മൂന്നാം മത്സരമാണ്. കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി, ദളിത് കോൺഗ്രസ് ജില്ലാ സെക്രട്ടറി, കശുവണ്ടി തൊഴിലാളി കോൺഗ്രസ് കരവാരം മേഖലാ സെക്രട്ടറി, പ്രവാസി കോൺഗ്രസ് നാവായിക്കുളം ബ്ലോക്ക് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2011-ൽ മികച്ച പൊതുപ്രവർത്തകനുള്ള കേന്ദ്ര ദളിത് സാഹിത്യ അക്കാദമിയുടെ ദേശീയ പുരസ്‌കാരം നേടി.
എൻഡിഎ സ്ഥാനാർഥി വക്കം എസ്. സുനിൽകുമാറിന്റെ ആദ്യ മത്സരമാണ്. 27 വർഷമായി ബിജെപിക്കായി പ്രവർത്തിക്കുന്നു.
നിലവിൽ തിരുവനന്തപുരം നോർത്ത് ജില്ലാ വൈസ് പ്രസിഡന്റാണ്. ബിജെപി വക്കം പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി, യുവമോർച്ച ആറ്റിങ്ങൽ മണ്ഡലം ജനറൽ സെക്രട്ടറി, പട്ടികജാതി മോർച്ച ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്റ്, പട്ടികജാതി മോർച്ച ജില്ലാ സെക്രട്ടറി, വൈസ് പ്രസിഡന്റ് തുടങ്ങി നിരവധി ചുമതലകൾ വഹിച്ചു. 2016-ലെ ദീൻ ദയാൽജി ജന്മശതാബ്ദി വാർഷികംമുതൽ 2024വരെ പാർട്ടിയുടെ മുഴുവൻസമയ പ്രവർത്തകനായിരുന്നു.
2020-ലെ ഫലം
ഗീതാ നസീർ(സിപിഐ)- 25,012
ചന്ദ്രിക (കോൺഗ്രസ്)- 15,505
ഷിജി (ബിജെപി)- 15,692
സുനിത(സ്വതന്ത്ര)- 1,253
ഭൂരിപക്ഷം- 9,320
ഈ വർഷത്തെ വോട്ടർമാർ - 70,359
Content Highlights: Explore the intense Thiruvananthapuram District Panchayat battles in Vellarada & Elakamon
Published: 23 Nov 2025, 05:48 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented