തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ പ്രവർത്തനത്തിൽ പോരായ്മയുണ്ടായെന്ന പാർട്ടി വിലയിരുത്തലിൽ സിപിഎം തിരുവനന്തപുരം ജില്ലാകമ്മിറ്റിയിൽ രൂക്ഷമായ വാക്കേറ്റം. ജില്ലാ സെക്രട്ടറി വി.ജോയ് അവതരിപ്പിച്ച റിപ്പോർട്ടിൽ ജില്ലാകമ്മിറ്റി അംഗം കരമന ഹരിക്കെതിരേയുള്ള പരാമർശമാണ് വാക്കേറ്റത്തിനിടയാക്കിയത്. ജോയിക്കെതിരേ കടകംപള്ളി സുരേന്ദ്രനും വിമർശനം ഉന്നയിച്ചു. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശന്റെയും സാന്നിധ്യത്തിൽ നടന്ന യോഗത്തിലായിരുന്നു ഈ വിമർശനങ്ങളെല്ലാം. കോർപ്പറേഷനിലടക്കം പാർട്ടിക്ക് മുന്നേറ്റമുണ്ടാകുമെന്നും 45 സീറ്റ് ഉറപ്പാണെന്നുമാണ് സിപിഎമ്മിന്റെ കണക്ക്.

To advertise here,

വോട്ടെടുപ്പിനു മുൻപായി നടന്ന തിരഞ്ഞെടുപ്പ് അവലോകനത്തിനുള്ള ജില്ലാകമ്മിറ്റി യോഗത്തിലായിരുന്നു തർക്കമുണ്ടായത്. നഗരപരിധിയിലെ വാർഡുകളിൽ ചുമതലയുണ്ടായിരുന്ന കരമന ഹരി വേണ്ടത്ര രീതിയിൽ പ്രവർത്തനം ഏകോപിപ്പിച്ചില്ലെന്ന വിമർശനം ജില്ലാ സെക്രട്ടേറിയറ്റിലാണ് ആദ്യമുണ്ടായത്. ഒരാൾക്കു കൂടി ഇവിടെ ചുമതല നൽകാമായിരുന്നു എന്ന അഭിപ്രായം സെക്രട്ടേറിയറ്റിലുണ്ടായി. ഇതിനുശേഷം ചേർന്ന ജില്ലാകമ്മിറ്റിയിൽ വി. ജോയി ഇക്കാര്യം റിപ്പോർട്ട് ചെയ്തു. പാർട്ടി ഏല്പിക്കുന്ന ചുമതല നിർവഹിക്കുന്നതിൽ വീഴ്ച വരുത്തുന്നത് കഷ്ടമാണെന്നായിരുന്നു ജോയിയുടെ പരാമർശം.

ഈ ഘട്ടത്തിൽതന്നെ കരമന ഹരി ഇടപെട്ടു. ഇപ്പോൾ നേതൃസ്ഥാനത്തിരിക്കുന്ന പലരും പാർട്ടി ചുമതലപ്പെടുത്തിയ പ്രവർത്തനങ്ങളല്ലാതെ സ്വന്തം കാര്യങ്ങൾ ചെയ്യുന്ന കാലത്ത് തലസ്ഥാനത്ത് സിപിഎമ്മിനു വേണ്ടി വിയർപ്പൊഴുക്കിയ ആളാണ് താനെന്നു ഹരി യോഗത്തിൽ പറഞ്ഞു. അത്തരം നേതാക്കളെക്കുറിച്ചുള്ള സൂചന നൽകിക്കൊണ്ടായിരുന്നു ഹരിയുടെ സംസാരം. ഈ ഘട്ടത്തിൽ ഇടപെടാൻ എം.വി.ഗോവിന്ദനടക്കം തയ്യാറായതുമില്ല. മൂന്നു ഏരിയാ സെക്രട്ടറിമാരാണ് ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. പാർട്ടി സമ്മേളനം തിരഞ്ഞെടുത്ത ഉത്തരവാദിത്വ സ്ഥാനങ്ങളിലിരിക്കുന്നവർ മത്സരത്തിനിറങ്ങിയത് എന്തിനായിരുന്നുവെന്ന് ചിലർ ചോദിച്ചു. ഇത്തരം തീരുമാനങ്ങളിൽ വേണ്ടത്ര ചർച്ചയുണ്ടായോയെന്ന സംശയവും ഇക്കൂട്ടത്തിലുണ്ടായി.

സെക്രട്ടേറിയറ്റ് യോഗത്തിലായിരുന്നു കടകംപള്ളിയുടെ വിമർശനമുണ്ടായത്. തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാനാണ് പാർട്ടിക്കുള്ളിൽനിന്നു തന്നെ ചിലർ ശ്രമിക്കുന്നതെന്ന് കടകംപള്ളി പറഞ്ഞു. വിമത സ്ഥാനാർഥികളുണ്ടായതിൽ കടകംപള്ളിയെ ചൂണ്ടി ചില കുറ്റപ്പെടുത്തലുകളുണ്ടായതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്.