കടയ്ക്കാവൂർ: ഇടത് വേരോട്ടമുള്ള ചിറയിൻകീഴ് ഡിവിഷൻ ഇക്കുറി ത്രികോണപ്പോരിനൊരുങ്ങുകയാണ്. അഞ്ചുതെങ്ങ്, വക്കം പഞ്ചായത്തുകളിലെ 14 വാർഡുകളും കടയ്ക്കാവൂർ പഞ്ചായത്തിലെ 13 വാർഡും ചിറയിൻകീഴിലെ ഒൻപത് വാർഡുകളും ചേരുന്നതാണ് ചിറയിൻകീഴ് ജില്ലാപ്പഞ്ചായത്ത് ഡിവിഷൻ. ഇതിൽ വക്കം പഞ്ചായത്തിൽ യുഡിഎഫും ബാക്കിയുള്ളത് എൽഡിഎഫുമാണ് ഭരണത്തിൽ. 2020-ൽ എൽഡിഎഫ് സ്ഥാനാർഥി ആർ. സുഭാഷാണ് വിജയിച്ചത്. തീരദേശഗ്രാമങ്ങൾ ഉൾപ്പെടുന്ന ഡിവിഷൻ ഇക്കുറി വനിതാ സംവരണമാണ്. കടയ്ക്കാവൂർ സ്വദേശിനികളാണ് മൂന്നു മുന്നണികളുടെയും സ്ഥാനാർഥികൾ.
എൽഡിഎഫിനായി നിലവിലെ കടയ്ക്കാവൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷീല(58)യാണ് മത്സരരംഗത്തുള്ളത്. 20 വർഷമായി പഞ്ചായത്തിലെ ജനപ്രതിനിധിയാണ്. സിപിഎം കടയ്ക്കാവൂർ ലോക്കൽ കമ്മിറ്റി അംഗം, ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റിയംഗം, എൻആർഇജിഎസ് വർക്കേഴ്‌സ് യൂണിയൻ കടയ്ക്കാവൂർ മേഖലാ പ്രസിഡന്റ്, കർഷകസംഘം ആറ്റിങ്ങൽ ഏരിയാ കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
യുഡിഎഫിനായി കോൺഗ്രസ് നേതാവ് വി. ചന്ദ്രിക(61)യാണ് മത്സരിക്കുന്നത്. മഹിളാ കോൺഗ്രസ് ആറ്റിങ്ങൽ ബ്ലോക്ക് ജനറൽ സെക്രട്ടറി, കടയ്ക്കാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ്, ഐഎൻടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി, എഡിഎസ് അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
എൻഡിഎ സ്ഥാനാർഥിയായി സുനിതാ ബിജു(48) മത്സരിക്കുന്നു. കടയ്ക്കാവൂർ ഗ്രാമപ്പഞ്ചായത്തിലെ പത്താം വാർഡ് ബിജെപി കൺവീനർ, അഞ്ചുതെങ്ങിലെ കുടുംബശ്രീ പ്രസിഡന്റ്, അഞ്ചുതെങ്ങ് എസ്എൻഡിപി മൈക്രോഫിനാൻസ് ജ്ഞാനവേദി യൂണിറ്റ് ജോയിന്റ് കൺവീനർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. സന്നദ്ധസേവന പ്രവർത്തനങ്ങളിലൂടെ പൊതുരംഗത്ത് സജീവമാണ്.
പിടിതരാതെ പള്ളിച്ചൽ
ബാലരാമപുരം: ഒരു ഭാഗത്തോടും സ്ഥിരമായി ചായ്‍വുകാണിക്കാത്ത പള്ളിച്ചൽ ജില്ലാപ്പഞ്ചായത്ത് ഡിവിഷനിൽ ഇത്തവണയും പ്രവചനം അസാധ്യമാണ്. ഇവിടെ മൂന്നു മുന്നണികളും കനത്ത പോരാട്ടത്തിലാണ്. സിറ്റിങ് സീറ്റ് നിലനിർത്താനാണ് എൽഡിഎഫിന്റെ ശ്രമം. കഴിഞ്ഞതവണ നഷ്ടപ്പെട്ട സീറ്റ് തിരികെപ്പിടിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. അട്ടിമറിവിജയം നേടാനാണ് എൻഡിഎ ലക്ഷ്യം.
സിപിഐയിലെ ബി.ശോഭനയാണ് എൽഡിഎഫ് സ്ഥാനാർഥി. യൂത്ത് കോൺഗ്രസിലൂടെ പൊതുപ്രവർത്തനരംഗത്ത് കടന്നുവന്ന പ്രിയാ ചന്ദ്രനാണ് യുഡിഎഫ് സ്ഥാനാർഥി. നേമം ബ്ലോക്ക് പഞ്ചായത്തംഗവും ബിജെപി മലയിൻകീഴ് മണ്ഡലം ജനറൽ സെക്രട്ടറിയായ ബി.മഞ്ജു ആണ് എൻഡിഎ സ്ഥാനാർഥി.
പള്ളിച്ചൽ പഞ്ചായത്തിലെ 10, വിളപ്പിൽ പഞ്ചായത്തിലെ 22, വിളവൂർക്കൽ പഞ്ചായത്തിലെ 20, മലയിൻകീഴ് പഞ്ചായത്തിലെ രണ്ട് വാർഡുകൾ ആകെ 54 വാർഡുകൾ ചേർന്നതാണ് പള്ളിച്ചൽ ജില്ലാപ്പഞ്ചായത്ത് ഡിവിഷൻ. എൽഡിഎഫ് സ്ഥാനാർഥി സിപിഐ യിലെ വിളപ്പിൽ രാധാകൃഷ്ണൻ 1126 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞതവണ ഇവിടെ വിജയിച്ചത്.
26 വർഷമായി സിപിഐ നേതൃത്വനിരയിൽ പ്രവർത്തിക്കുകയാണ് എൽഡിഎഫ് സ്ഥാനാർഥി ബി.ശോഭന. കേരള മഹിളാസംഘം സംസ്ഥാന കമ്മറ്റിയംഗമാണ്. രണ്ടരവർഷക്കാലം വിളവൂർക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു. യൂത്ത് കോൺഗ്രസിലൂടെ പൊതുപ്രവർത്തനരംഗത്ത് കടന്നുവന്ന പ്രിയാ ചന്ദ്രൻ ആദ്യമായാണ് മത്സരരംഗത്ത്. യൂത്ത് കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറി, ബ്ലോക്ക് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ്, കാട്ടാക്കട ക്ഷീരവ്യവസായ സഹകരണ സംഘം വൈസ് പ്രസിഡന്റുമാണ് പ്രിയാ ചന്ദ്രൻ. എൻഡിഎ സ്ഥാനാർഥി ബി.മഞ്ജു നേമം ബ്ലോക്ക് പഞ്ചായത്തംഗവും ബിജെപി മലയിൻകീഴ് മണ്ഡലം ജനറൽ സെക്രട്ടറിയുമാണ്.
കല്ലറയിൽ മത്സരം കടുപ്പം
കല്ലറ: കോൺഗ്രസ് 2005-ലും 2010-ലും തുടർച്ചയായി വിജയിച്ച ജില്ലാപ്പഞ്ചായത്ത് ഡിവിഷനാണ് കല്ലറ. 2015-ൽ എൽഡിഎഫ് പിടിച്ചെടുത്തു. 2015-ൽ സിപിഐ സ്ഥാനാർഥി എസ്.എം.റാസി 400 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
തുടർന്ന് 2020-ൽ സിപിഐ സ്ഥാനാർഥി ബിൻഷ ബി. ഷറഫ് 6006 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച് എൽഡിഎഫിനായി സീറ്റ് നിലനിർത്തി. പാങ്ങോട്, കല്ലറ, വാമനപുരം പഞ്ചായത്തുകൾ പൂർണമായും നെല്ലനാട് പഞ്ചായത്തിന്റെ മൂന്ന് വാർഡുകളും ചേർന്ന 54 വാർഡുകളാണ് കല്ലറ ഡിവിഷനിൽ ഉള്ളത്. ഇതിൽ പാങ്ങോട്, നെല്ലനാട് പഞ്ചായത്തുകൾ യുഡിഎഫ് ഭരിക്കുന്നു. കല്ലറ, വാമനപുരം പഞ്ചായത്തുകൾ എൽഡിഎഫ് ആണ് ഭരിക്കുന്നത്. കല്ലറ, വാമനപുരം, നെല്ലനാട് പഞ്ചായത്തുകളിൽ എൻഡിഎയ്ക്കും പ്രാതിനിധ്യമുണ്ട്.
എൽഡിഎഫ് ഇത്തവണ മത്സരത്തിനിറക്കിയിരിക്കുന്നത് സിപിഐയുടെ പുലിപ്പാറ സന്തോഷിനെയാണ് (60). എഐവൈഎഫ് ജില്ലാ സെക്രട്ടറി ആയിരിക്കെ സർക്കാർ സർവീസിൽ പ്രവേശിച്ചു. ജോയിന്റ് കൗൺസിൽ തിരുവനന്തപുരം ജില്ലാ സെക്രട്ടറി, പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, ട്രഷറർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. സിപിഐ വെഞ്ഞാറമൂട് മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറിയാണ്. ആദ്യമത്സരമാണ്.
യൂത്ത് കോൺഗ്രസ് മുൻ ജില്ലാ പ്രസിഡന്റ് സുധീർഷാ പാലോട്(38) ആണ് യുഡിഎഫ് സ്ഥാനാർഥി. ഇക്ബാൽ കോളേജ് യൂണിയൻ ഭാരവാഹി, കെഎസ്‌യു ജില്ലാ–സംസ്ഥാന ഭാരവാഹി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ഡിസിസി വൈസ് പ്രസിഡന്റാണ്. ആദ്യമായാണ് മത്സരരംഗത്തിറങ്ങുന്നത്.
ബിജെപി ലീഗൽ സെൽ കൺവീനറും അഭിഭാഷകനുമായ ഷൈൻദിനേശ്(50) ആണ് എൻഡിഎ സ്ഥാനാർഥി. ആറ്റിങ്ങൽ, നെടുമങ്ങാട്, തിരുവനന്തപുരം കോടതികളിൽ അഭിഭാഷകനാണ്. നിലവിൽ ബിജെപി കിളിമാനൂർ മണ്ഡലം സെക്രട്ടറി.
Content Highlights: Kerala Local Body Elections: A Close Look at the Thrilling Contests in Chirayinkeezhu, Pallichal, and Kallara
Published: 02 Dec 2025, 08:34 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented