
യുഡിഎഫ് വിജയത്തെത്തുടര്‍ന്ന് പത്തനംതിട്ട സെന്‍ട്രല്‍ ജങ്ഷനില്‍ ആഹ്ലാദപ്രകടനം നടത്തുന്നവര്‍
പത്തനംതിട്ട: വിവാദങ്ങള്‍ വിത്തിട്ട അങ്കത്തട്ടില്‍ യുഡിഎഫ് വന്‍മരമായിമാറി. തകര്‍ത്തവര്‍ക്കും തഴഞ്ഞവര്‍ക്കും മുന്നില്‍ സടകുടഞ്ഞെഴുന്നേറ്റ് യുഡിഎഫിന്റെ അത്യുഗ്രന്‍ 'കംബാക്ക്'. ശബരിമലയിറങ്ങിവന്ന കാറ്റില്‍ ഇടതുകോട്ടയ്ക്ക് ഇളക്കം തട്ടിയത് കൈയ്യുംകെട്ടി നോക്കിനില്‍ക്കാതെ, പ്രചാരണത്തിലും പ്രവര്‍ത്തനത്തിലും കൈക്കരുത്ത് കാട്ടിയ യുഡിഎഫിന് ഇത് ആവേശോജ്ജ്വലജയം. യുഡിഎഫിന് ജനത്തിന്റെ കൈയടി. എല്‍ഡിഎഫിന് കരണത്തടി.
ഗ്രാമപ്പഞ്ചായത്തിലും ബ്ലോക്കിലും നഗരസഭയിലും ജില്ലാ പഞ്ചായത്തിലും യുഡിഎഫിന് സമഗ്രാധിപത്യം. കുറ്റമറ്റ സ്ഥാനാര്‍ഥികളും കെട്ടുറപ്പോടെയുള്ള പ്രചാരണവും ഭരണവിരുദ്ധതയുമാണ് പെട്ടിയില്‍ വോട്ടായിവീണത്. യുഡിഎഫിന് മുമ്പെങ്ങുമില്ലാത്ത ഐക്യമെന്ന് നേതാക്കള്‍ പറഞ്ഞത് ശരിയെന്ന് ജനം വിധിയെഴുതി.
ആളിറങ്ങിയ കപ്പല്‍
അഞ്ചുവര്‍ഷം എല്‍ഡിഎഫ് ഭരിച്ചത് 32 ഗ്രാമപ്പഞ്ചായത്തുകളാണ്. കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിന് മുമ്പ് കേരള കോണ്‍ഗ്രസ് എം കൂട്ടുചേര്‍ന്നതോടെ എല്‍ഡിഎഫിന് ജയം പുഷ്പംപോലെയായി. യുഡിഎഫ് 18 സീറ്റിലൊതുങ്ങി.
എന്‍ഡിഎ മൂന്നുനേടി. 18-ല്‍നിന്ന് പതിനെട്ടടവും പയറ്റിയാണ് യുഡിഎഫ് ഇത്തവണ 34 പഞ്ചായത്തില്‍ മുന്നിലെത്തിയത്. അമരമൊടിഞ്ഞ് എല്‍ഡിഎഫ് 11-ലേക്ക് കൂപ്പുകുത്തി. കഴിഞ്ഞതവണ യുഡിഎഫ് നേരിട്ടതിലും വലിയ നാണക്കേട്. താമര വിരിഞ്ഞ മൂന്ന് പഞ്ചായത്തുകളും ഇത്തവണ കൈവിട്ടെങ്കിലും മറ്റ് നാല് പഞ്ചായത്തുകളില്‍ മുന്നിലെത്താന്‍ എന്‍ഡിഎയ്ക്കായി. നാല് പഞ്ചായത്തുകളില്‍ സമനിലയാണ്. ഭരണം എങ്ങോട്ടുമാകാം. സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്കായിരുന്നു ചുമതല. ചിലയിടങ്ങളില്‍ മുറുമുറുപ്പുണ്ടായെങ്കിലും അത് ഫലത്തെ ബാധിച്ചില്ല. ഘടകകക്ഷികള്‍ക്ക് അര്‍ഹിച്ച പ്രാധാന്യം നല്‍കിയെന്നതും നേട്ടമായി.
പവര്‍ പ്രചാരണം
ശബരിമല സ്വര്‍ണക്കൊള്ളയും അതില്‍ സിപിഎം ജില്ലാ കമ്മിറ്റിയംഗം എ.പദ്മകുമാര്‍ അറസ്റ്റിലായതും യുഡിഎഫിന്റെ പ്രചാരണ ആയുധമായി. സംസ്ഥാന നേതാക്കള്‍ ജില്ലയിലേക്ക് ഒഴുകി.
കെപിസിസി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ചാണ്ടി ഉമ്മന്‍ തുടങ്ങിയവര്‍ പ്രചാരണത്തില്‍ സജീവമായി. അതേസമയം, എല്‍ഡിഎഫില്‍ സംസ്ഥാന നേതാക്കളാരും പ്രചാരണത്തിന് ജില്ലയിലെത്തിയില്ല.
ജില്ലയില്‍നിന്നുള്ള മന്ത്രി വീണാ ജോര്‍ജ്, പത്തനംതിട്ട നഗരസഭയിലെ ഒരു വാര്‍ഡില്‍ മാത്രമാണ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനംചെയ്തത്. സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതില്‍ മുന്നില്‍ നിന്നെങ്കിലും വോട്ടുപിടിക്കുന്നതില്‍ എല്‍ഡിഎഫ് പരാജയമായെന്ന് ഫലത്തില്‍ വ്യക്തം.
ബ്ലോക്കിലെ റെഡ് സിഗ്‌നല്‍
ബ്ലോക്ക് പഞ്ചായത്തിലെ 'ചുവപ്പ് സിഗ്‌നലില്‍' കാത്തുകിടന്ന യുഡിഎഫ് അഞ്ചുവര്‍ഷത്തിനിപ്പുറം കുതിച്ചുകയറി. എല്‍ഡിഎഫിനോട് ജനം സ്റ്റോപ്പ് പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എട്ടില്‍ ആറ് ബ്ലോക്ക് എല്‍ഡിഎഫിനൊപ്പമായിരുന്നു.
യുഡിഎഫ് ജയിച്ച രണ്ടിടങ്ങളില്‍ കൂറുമാറ്റം വില്ലനായി ഭരണം മാറിമറിഞ്ഞു. എഴുതിത്തള്ളാനാവില്ലെന്ന് പറഞ്ഞ് യുഡിഎഫ് ഇത്തവണ തിരിച്ചെത്തിയപ്പോള്‍ ഒരു ബ്ലോക്കുപോലും ചുവന്നില്ല. എട്ടില്‍ ഏഴെണ്ണവും യുഡിഎഫിനൊപ്പം.
അവിടെയെല്ലാം ഭൂരിപക്ഷവും ഉറപ്പിച്ചു. ഇലന്തൂരില്‍ 14-ല്‍ രണ്ടെണ്ണം മാത്രമാണ് എല്‍ഡിഎഫ് സീറ്റ്. കോന്നി ബ്ലോക്കില്‍ യുഡിഎഫും എല്‍ഡിഎഫും ഏഴെണ്ണം വീതം നേടി തുല്യശക്തിയായി.
നഗരമുന്നേറ്റം
നഗരഹൃദയങ്ങള്‍ യുഡിഎഫിനെ വാരിപ്പുണര്‍ന്നു. എല്‍ഡിഎഫിന്റെ വികസനനേട്ട പ്രചാരണത്തെ മറികടന്ന് മൂന്ന് നഗരസഭയില്‍ യുഡിഎഫ് മുന്നിലെത്തി.
പത്തനംതിട്ട നഗരസഭയില്‍ ഭരണം ഉറപ്പിച്ചു. പന്തളത്ത് തമ്മിലടിച്ച ബിജെപിയെ താഴെയിറക്കി മുന്നിലെത്താനായത് മാത്രമാണ് എല്‍ഡിഎഫിന്റെ ഏക ആശ്വാസം. എന്നാല്‍ ഇവിടെ ഭൂരിപക്ഷം നേടാനായിട്ടില്ല. 25 സീറ്റിലുണ്ടായിരുന്ന എന്‍ഡിഎ ഇത്തവണ 21 സീറ്റിലൊതുങ്ങി. പന്തളത്തെ വീഴ്ചയാണ് പ്രധാന കാരണം.
Content Highlights: UDF achieves a stunning victory in Pathanamthitta local body elections, overcoming past defeats. Explore the reasons behind their triumphant resurgence and what it means for the region. Read more!
Published: 14 Dec 2025, 07:37 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented