
പോരാട്ടം കഴിഞ്ഞു. ഇനി കളംനിറയാനുള്ള കാത്തിരിപ്പ്. പെട്ടിയിൽ വീണ വോട്ടുകളുടെ എണ്ണത്തിൽ കണക്കുകൂട്ടലുകൾ.വിധിയറിയാൻ മുന്നണികൾ കണ്ണുംനട്ടിരിപ്പ്. തദ്ദേശതിരഞ്ഞെടുപ്പിന് ശേഷം വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് സ്ട്രോങ് റൂമിന് മുന്നിലെ കാഴ്ച
പത്തനംതിട്ട: കോവിഡ് കൊടുമ്പിരികൊണ്ട വര്‍ഷത്തിലും പത്തനംതിട്ട പോളിങ്ങില്‍ പാളിച്ച വരുത്തിയില്ല. എന്നാല്‍ ആരോഗ്യം വീണ്ടെടുത്ത് അഞ്ചുവര്‍ഷത്തിനിപ്പുറം ജില്ലയിലെ പോളിങ്ങില്‍ ഉണ്ടായത് വലിയ ഇടിവ്. അന്തിമ കണക്കുപ്രകാരം തദ്ദേശതിരഞ്ഞെടുപ്പില്‍ ജില്ലയിലെ ആകെ പോളിങ് 66.78 ശതമാനമാണ്. കഴിഞ്ഞതവണ 69.72 ശതമാനമായിരുന്നു പോളിങ്. 2.94 ശതമാനത്തിന്റെ ഇടിവാണുണ്ടായത്. രാഷ്ട്രീയവിവാദങ്ങള്‍ വിത്തിട്ടും വളര്‍ന്നും പടര്‍ന്ന പത്തനംതിട്ടയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്‍പ്പെടെ സംസ്ഥാന നേതാക്കളെത്തിയിരുന്നു. ശബരിമല സ്വര്‍ണക്കൊള്ളയും രാഹുല്‍ മാങ്കൂട്ടത്തിലുമൊക്കെ വിഷയങ്ങളായി മുന്നണികളിലെ ആശങ്കയിലാക്കിയെങ്കിലും വോട്ടര്‍മാരെ ബൂത്തിലെത്തിക്കാന്‍ അതൊന്നും മതിയായില്ല. യുവാക്കളുടെ കുറവും കുടിയേറ്റവും പ്രധാനകാരണങ്ങളാണ്. മിക്ക ബൂത്തുകളിലും യുവ വോട്ടര്‍മാരുടെ എണ്ണം തീരേ കുറവായിരുന്നു.
10,62,756 വോട്ടര്‍മാരില്‍ 7,09,669 പേരാണ് വോട്ടുരേഖപ്പെടുത്തിയത്. 4,90,779 പുരുഷവോട്ടര്‍മാരില്‍ 3,30,173 പേരും (67.27%), 5,71,974 സ്ത്രീവോട്ടര്‍മാരില്‍ 3,79,495 പേരും (66.35%) മൂന്ന് ട്രാന്‍സ്ജെന്‍ഡറില്‍ ഒരാളും വോട്ടുചെയ്തു.
വാര്‍ഡിലെ കൗതുകക്കണക്ക്
ജില്ലയില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള വാര്‍ഡ് പള്ളിക്കല്‍ പഞ്ചായത്തിലെ പഴകുളം ആയിരുന്നു. 1998 വോട്ടര്‍മാരുണ്ടായിരുന്ന ഇവിടെ വോട്ട് ചെയ്തത് 1411 പേരാണ്. ഏറ്റവും ചെറിയ വാര്‍ഡ് തുമ്പമണ്‍ പഞ്ചായത്തിലെ മുട്ടം പടിഞ്ഞാറാണ്. 438 പേരില്‍ ഇവിടെ 290 പേര് വോട്ടിട്ടു. ജില്ലയില്‍ ഏറ്റവും ഉയര്‍ന്ന പോളിങ് സീതത്തോട് പഞ്ചായത്തിലെ ഗവി വാര്‍ഡിലാണ്. 621 പേരില്‍ 522 പേരും വോട്ടുചെയ്തു. 84.06 ആണ് പോളിങ് ശതമാനം. ഏറ്റവും കുറവ് പോളിങ് നടന്നത് തിരുവല്ല നഗരസഭയിലെ മേരിഗിരി വാര്‍ഡിലാണ്. 1201 പേരില്‍ വോട്ട് ചെയ്തത് 588 പേര് മാത്രം. പോളിങ് ശതമാനം 48.96.
നില മെച്ചപ്പെട്ടത് നാലിടത്ത്
ജില്ലയിലെ നാല് പഞ്ചായത്തുകള്‍ മാത്രമാണ് 2020-നെക്കാളും പോളിങ് നില മെച്ചപ്പെടുത്തിയത്. ആനിക്കാട് 3.78 ശതമാനവും കുന്നന്താനം 0.59 ശതമാനവും കോഴഞ്ചേരി 0.9 ശതമാനവും പള്ളിക്കല്‍ 1.05 ശതമാനവും പോളിങ് മെച്ചപ്പെടുത്തി. ബ്ലോക്ക് പഞ്ചായത്തുകളില്‍ ഒരിടത്തും കഴിഞ്ഞതവണത്തേക്കാളും പോളിങ് കൂടിയില്ല. പന്തളം തെക്കേക്കരയാണ് ജില്ലയില്‍ ഏറ്റവുമധികം പോളിങ് നടന്ന പഞ്ചായത്ത്-71.85%. ഏറ്റവും കുറവ് പോളിങ് റാന്നി അങ്ങാടി പഞ്ചായത്തില്‍-60.22%.
വിവാദവും വികസനവും വോട്ട് കൂട്ടിയില്ല, പത്തനംതിട്ട നഗരസഭയില്‍ പോളിങ് 67.87%
പത്തനംതിട്ട: വിവാദങ്ങളും വികസന വാഗ്ദാനങ്ങളും നഗരസഭയിലെ വോട്ടര്‍മാരെ ഇളക്കിയില്ല. പത്തനംതിട്ട നഗരസഭയില്‍ 2020-നെക്കാളും പോളിങ് കുറഞ്ഞു. 67.87 ശതമാനമാണ് ആകെ പോളിങ്. 2020-ല്‍ 71.49 ശതമാനമായിരുന്നു. 3.67 ശതമാനത്തിന്റെ കുറവാണുണ്ടായത്. ആകെ 33,939 വോട്ടര്‍മാരില്‍ 23,033 പേര് വോട്ട് രേഖപ്പെടുത്തി. 15,590 പുരുഷന്മാരില് 10,611 പേരും 18,349 സ്ത്രീകളില്‍ 12,422 പേരുമാണ് വോട്ടുചെയ്തത്. ഭൂരിഭാഗം വാര്‍ഡുകളിലും പതിഞ്ഞ താളത്തിലായിരുന്നു പോളിങ്. മൈലാടുംപാറ വാര്‍ഡിലായിരുന്നു ഏറ്റവുമധികം പോളിങ്. 911 വോട്ടര്‍മാരില്‍ 696 പേര് വോട്ടുചെയ്തു. 76.40 ശതമാനമാണ് പോളിങ്. കളക്ടറേറ്റ് വാര്‍ഡിലാണ് ഏറ്റവും കുറവ്- 57.37 ശതമാനം. 746 വോട്ടര്‍മാരില്‍ 428 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. കുലശേഖരപതി, അറബിക് കോളേജ്, മൈലാടുംപാറ, ചുട്ടിപ്പാറ ഈസ്റ്റ്, വലഞ്ചുഴി, കല്ലറക്കടവ്, കോളേജ് വാര്‍ഡ്, നോര്‍ത്ത് വൈഎംസിഎ, വെട്ടിപ്പുറം എന്നീ ഒന്‍പത് വാര്‍ഡുകളില്‍ 70 ശതമാനത്തിലധികം പോളിങ്ങുണ്ട്. നാല് വാര്‍ഡുകളില്‍ മാത്രമാണ് കഴിഞ്ഞതവണത്തേക്കാള്‍ പോളിങ് നില കൂടിയത്.
Content Highlights: Pathanamthitta`s local election voter turnout drops by 2.94% compared to the previous term, despite political campaigns. Youth and emigration cited as reasons.
Published: 11 Dec 2025, 07:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented