പത്തനംതിട്ട: കേരളം മുഴുവന്‍ ആഞ്ഞടിച്ച യുഡിഎഫ് കൊടുങ്കാറ്റില്‍ പത്തനംതിട്ടയിലും എല്‍ഡിഎഫിന് അടിപതറി. ശബരിമല സ്വര്‍ണപ്പാളി വിഷയം ഉള്‍പ്പെടെ പ്രധാന പ്രചാരണവിഷയങ്ങളായ തദ്ദേശ തിരഞ്ഞെടുപ്പില്‍, ശബരിമല ക്ഷേത്രം സ്ഥിതിചെയ്യുന്ന പത്തനംതിട്ടയിലും യുഡിഎഫിന് മികച്ച മുന്നേറ്റമാണ് കാഴ്ചവെയ്ക്കാനായത്.

To advertise here,

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് എല്‍ഡിഎഫില്‍നിന്ന് യുഡിഎഫ് തിരിച്ചുപിടിച്ചു. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ജില്ലയിലെ നാല് നഗരസഭകളില്‍ മൂന്നെണ്ണത്തിലും യുഡിഎഫിനാണ് മുന്നേറ്റം. ഇതില്‍ അടൂരും പത്തനംതിട്ടയും എല്‍ഡിഎഫില്‍നിന്ന് യുഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. കേരളത്തില്‍ പാലക്കാടിന് പുറമേ ബിജെപി അധികാരത്തിലുള്ള നഗരസഭയായിരുന്നു പന്തളം. എന്നാല്‍, ഇത്തവണ പന്തളം നഗരസഭ ബിജെപിക്ക് നഷ്ടമായി. ഇവിടെ 14 സീറ്റുകളുമായി എല്‍ഡിഎഫാണ് മുന്നില്‍. യുഡിഎഫിന് 11 സീറ്റ് കിട്ടി. ബിജെപി ഇത്തവണ 9 സീറ്റുകളില്‍ ഒതുങ്ങി.

ബ്ലോക്ക് പഞ്ചായത്തുകളില്‍ യുഡിഎഫിന്റെ സര്‍വാധിപത്യമാണ്. ഏറ്റവും ഒടുവിലെ കണക്കുകള്‍പ്രകാരം എട്ടില്‍ ഏഴ് ബ്ലോക്ക് പഞ്ചായത്തുകളിലും യുഡിഎഫ് വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുകയാണ്. 2020-ല്‍ കോയിപ്രം, കോന്നി എന്നീ ബ്ലോക്ക് പഞ്ചായത്തുകളില്‍ മാത്രമായിരുന്നു യുഡിഎഫ് ഭരണം. ഇത്തവണ ഇലന്തൂര്‍, മല്ലപ്പള്ളി, പന്തളം, പറക്കോട്, പുളിക്കീഴ്, റാന്നി ബ്ലോക്ക് പഞ്ചായത്തുകള്‍ എല്‍ഡിഎഫില്‍നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. അതേസമയം, കോന്നി ബ്ലോക്ക് പഞ്ചായത്തില്‍ ഇത്തവണ എല്‍ഡിഎഫിനും യുഡിഎഫിനും ഏഴുസീറ്റുകള്‍ വീതമാണുള്ളത്. ഇതോടെ ഭരണം തുലാസിലായി.

ഗ്രാമപഞ്ചായത്തുകളിലും ഇത്തവണ യുഡിഎഫിന്റെ ക്ലീന്‍ സ്വീപ്പായിരുന്നു. ഏറ്റവും ഒടുവിലെ കണക്കുകള്‍പ്രകാരം ആകെയുള്ള 53 പഞ്ചായത്തുകളില്‍ 34 പഞ്ചായത്തുകള്‍ യുഡിഎഫിനൊപ്പമാണ്. 2020-ല്‍ 13 പഞ്ചായത്തുകളില്‍ മാത്രമായിരുന്നു യുഡിഎഫ് വിജയം. എല്‍ഡിഎഫിന് ഇത്തവണ 11 പഞ്ചായത്തുകള്‍ മാത്രമാണ് ലഭിച്ചത്. കഴിഞ്ഞതവണ 37 പഞ്ചായത്തുകളിലായിരുന്നു എല്‍ഡിഎഫ് ഭരണം. ഇത്തവണ 26 പഞ്ചായത്തുകള്‍ എല്‍ഡിഎഫിന് നഷ്ടമായി. കഴിഞ്ഞതവണ മൂന്ന് പഞ്ചായത്തുകളിലായിരുന്നു ബിജെപി ഭരണം. എന്നാല്‍, ഇത്തവണ ബിജെപി മുന്നേറ്റം നാല് പഞ്ചായത്തുകളിലായി. അതേസമയം, കഴിഞ്ഞതവണ ബിജെപി ഭരണത്തിലുണ്ടായിരുന്ന ചെറുകോല്‍, കുളനട, പഞ്ചായത്തുകള്‍ നഷ്ടമായി. 2020-ല്‍ ബിജെപി ഭരിച്ച കവിയൂരില്‍ ഇത്തവണ ബിജെപിയും എല്‍ഡിഎഫും അഞ്ചുസീറ്റുകള്‍ വീതംനേടി ഒപ്പത്തിനൊപ്പമാണ്. അതിനിടെ, പന്തളം തെക്കേക്കര പഞ്ചായത്ത് എല്‍ഡിഎഫില്‍നിന്ന് ബിജെപി പിടിച്ചെടുത്തു. അയിരൂര്‍, കുറ്റൂര്‍, ഓമല്ലൂര്‍ പഞ്ചായത്തുകളിലും ബിജെപിക്കാണ് മുന്നേറ്റം.

ജില്ലയില്‍ മത്സരിച്ച പ്രമുഖ സ്ഥാനാര്‍ഥികളില്‍ പലരും ജയിച്ചുകയറിയപ്പോള്‍ മറ്റുചിലര്‍ അപ്രതീക്ഷിത തോല്‍വിയേറ്റുവാങ്ങി. സിപിഐ വിട്ട് കോണ്‍ഗ്രസിലെത്തിയ മുന്‍ ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ വീണ്ടും ജില്ലാ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പള്ളിക്കല്‍ ഡിവിഷനില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിലായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥിയായ ശ്രീനാദേവി കുഞ്ഞമ്മയുടെ ജയം. കഴിഞ്ഞതവണ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റായിരുന്ന സിപിഎമ്മിലെ രേഷ്മ മറിയം റോയിക്ക് ഇത്തവണ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കാലിടറി. മലയാലപ്പുഴ ഡിവിഷനില്‍ യുഡിഎഫിന്റെ അമ്പിളി ടീച്ചറോടായിരുന്നു രേഷ്മ മറിയം റോയിയുടെ പരാജയം. കോന്നി ബ്ലോക്ക് പഞ്ചായത്തിലെ ഇളകൊല്ലൂര്‍ വാര്‍ഡില്‍ കോണ്‍ഗ്രസ് നേതാവ് റോബിന്‍ പീറ്റര്‍ ജയിച്ചു. മെഴുവേലി പഞ്ചായത്തില്‍ മുന്‍ സിപിഎം എംഎല്‍എ കെ.സി. രാജഗോപാലന്‍ ജയിച്ചെങ്കിലും പഞ്ചായത്ത് യുഡിഎഫ് നേടി. മെഴുവേലിയില്‍ എല്‍ഡിഎഫ് ഭരണം പിടിക്കുകയാണെങ്കില്‍ കെ.സി.ആര്‍ പഞ്ചായത്ത് പ്രസിഡന്റാകുമെന്നായിരുന്നു വിലയിരുത്തല്‍.