പത്തനംതിട്ട: ജില്ലാപഞ്ചായത്തിലേക്ക് അഞ്ചുഡിവിഷനുകളില്‍ എല്‍ഡിഎഫിനുണ്ടായത് തിളക്കമില്ലാത്ത ജയം. കൊടുമണ്‍, കലഞ്ഞൂര്‍, ചിറ്റാര്‍, കുളനട, ഏനാത്ത് എന്നിവടങ്ങളിലാണ് എല്‍ഡിഎഫ് ജയിച്ചതെങ്കിലും ഒരിടത്തും ഭൂരിപക്ഷം 1000 മറികടന്നില്ല. എന്നാല്‍, യുഡിഎഫ് ജയിച്ച 12 മണ്ഡലങ്ങളില്‍ മൂന്നിടത്തൊഴിച്ച് എല്ലായിടത്തും ഭൂരിപക്ഷം ആയിരത്തിനു മുകളിലാണ്.

To advertise here,

ചിറ്റാര്‍ ഡിവിഷനില്‍ നേടിയ 238 ആണ് എല്‍ഡിഎഫിന്റെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം. ഏനാത്ത് ഡിവിഷനില്‍ നേടിയ 970 ആണ് ഏറ്റവും ഉയര്‍ന്നതും.

എല്‍ഡിഎഫിന്റെ മേല്‍ക്കൈയുണ്ടായിരുന്ന ഡിവിഷനുകളിലാണ് ജയിച്ചിരിക്കുന്നത്. ഇടതു കോട്ടയെന്നറിയപ്പെടുന്ന കൊടുമണ്ണിലും കലഞ്ഞൂരിലും എല്‍ഡിഎഫ് വലിഞ്ഞുവീണ് കരകയറുകയായിരുന്നു. കൊടുമണ്ണില്‍ 355-ഉം കലഞ്ഞൂരില്‍ 412 വോട്ടും മാത്രമാണ് ഭൂരിപക്ഷം നേടാനായത്. ജില്ലാപഞ്ചായത്ത് ഡിവിഷനുകളില്‍ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം പള്ളിക്കല്‍ ഡിവിഷനില്‍ ജയിച്ച ശ്രീനാദേവി കുഞ്ഞമ്മയ്ക്കാണ്. താന്‍ നേടിയ 196 വോട്ടിന്റെ ഭൂരിപക്ഷത്തിന് 1.96 ലക്ഷത്തിന്റെ മൂല്യമുണ്ടെന്നാണ് അവര്‍ പറയുന്നത്. സിപിഐയില്‍നിന്ന് പുറത്തുപോയി കോണ്‍ഗ്രസില്‍ചേര്‍ന്ന് ഇടതുകോട്ടയായ പള്ളിക്കലില്‍ മത്സരിച്ച ശ്രീനയില്‍ വലിയ പ്രതീക്ഷകള്‍ യുഡിഎഫിനുപോലും ഉണ്ടായിരുന്നില്ല. എന്നാല്‍, ഫലം അതെല്ല തെളിയിച്ചത്. റാന്നി അങ്ങാടിയില്‍ ജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥി ആരോണ്‍ ബിജിലി പനവേലി നേടിയ 11,859 വോട്ടിന്റെ ഭൂരിപക്ഷമാണ് ഏറ്റവും ഉയര്‍ന്നത്.

എല്‍ഡിഎഫിന്റെ ഘടകകക്ഷികളില്‍ സിപിഎമ്മിനു മാത്രമാണ് ജയിക്കാനായത്. പ്രധാന കക്ഷിയായ സിപിഐയ്ക്ക് ഒരിടത്തും ജയിക്കാനായില്ല.

യുഡിഎഫ് ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് (ജോസഫ്) മത്സരിച്ച രണ്ടു സീറ്റിലും ജയിച്ചു. യുഡിഎഫില്‍ മറ്റ് ഘടകകക്ഷികള്‍ ജില്ലാപഞ്ചായത്തിലേക്ക് മത്സരിച്ചിരുന്നില്ല.

പ്രാദേശിക വിഷയത്തിലുപരി സംസ്ഥാന സര്‍ക്കാരിനെതിരായ വികാരമാണ് ജില്ലാപഞ്ചായത്ത് തിരഞ്ഞെടുപ്പിനെ ബാധിച്ചതെന്നത് വ്യക്തമാണ്. അല്ലെങ്കില്‍ ഇടതുകോട്ടകളില്‍ ഇത്രകണ്ട് എല്‍ഡിഎഫ് ആടിയുലയുമായിരുന്നില്ല. ശബരിമല സ്വര്‍ണപ്പാളി വിഷയം എല്‍ഡിഎഫിനെ കൊത്തിവലിക്കുകയും ചെയ്തു. ഈ കേസില്‍ പ്രതിയായ എ. പ്ദമകുമാറിനെതിരേ നടപടിയെടുക്കാതെയുള്ള നിലപാട് വോട്ടര്‍മാരില്‍ സ്വാധീനമുണ്ടാക്കിയെന്നുവേണം കരുതാന്‍. ജയിലില്‍കഴിയുമ്പോഴും ജില്ലാ കമ്മിറ്റിയംഗമായി പദ്മകുമാര്‍ തുടരുന്നത് സിപിഎമ്മിനേല്‍പ്പിച്ച പ്രഹരം വലുതായിരുന്നു. ഈ വിഷയങ്ങള്‍ യുഡിഎഫും ബിജെപിയും കൃത്യമായി പടക്കളത്തില്‍ പ്രയോഗിക്കുകയും ചെയ്തിരുന്നു.