പത്തനംതിട്ട: ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ തനിക്കെതിരേ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന ആരോപണവുമായി സിപിഐ വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന ശ്രീനാദേവി കുഞ്ഞമ്മ. ഈ വിഷയത്തില്‍ സ്പീക്കര്‍ക്കും പോലീസിനും പരാതിനല്‍കുമെന്നും അവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഒരാഴ്ചമുമ്പ് ചിറ്റയം ഗോപകുമാര്‍, ശ്രീനാദേവിക്കെതിരേ നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം സ്ത്രീവിരുദ്ധത പ്രകടിപ്പിച്ചെന്നാണ് ആരോപണം. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ സിപിഐക്കാരിയായി മത്സരിച്ച് ജയിച്ച ശ്രീനാദേവി, പാര്‍ട്ടിമാറിയതിനെക്കുറിച്ചുള്ള പരാമര്‍ശമാണ് സ്ത്രീവിരുദ്ധമെന്ന ആരോപണമായിവന്നത്.

To advertise here,

''നിങ്ങള്‍ക്ക് എന്നെക്കാള്‍ കൂടുതല്‍ അറിയാമല്ലോ''എന്ന് ഒരു വഷളന്‍ ചിരിയോടെ ചിറ്റയം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞതായി ശ്രീന പറയുന്നു. രോഗി ഇച്ഛിച്ചതും പാല്, വൈദ്യന്‍ കല്പിച്ചതും പാല് എന്ന് വാചകംകൂടി ഒപ്പം പറയുകയുംചെയ്തു. പാര്‍ട്ടി മാറാന്‍ മാന്യമായ വഴിയാണ് താന്‍ സ്വീകരിച്ചത്. പക്ഷേ, അത്തരമൊരു ചര്‍ച്ചയുടെ കാര്യംപോലും ആവശ്യമില്ലാത്ത സ്ഥലത്ത് അനാവശ്യമായി ഇങ്ങനെ ഒരുകാര്യം പറഞ്ഞതിലാണ് സ്ത്രീവിരുദ്ധത വ്യക്തമാവുന്നത്. രോഗി ഇച്ഛിച്ചതും പാല്, വൈദ്യന്‍ കല്പിച്ചതും പാല് എന്നു കാണിച്ചുള്ള എഫ്ബി പോസ്റ്റും ചിറ്റയം പ്രചരിപ്പിച്ചു. സിപിഐ പത്തനംതിട്ട മുന്‍ ജില്ലാസെക്രട്ടറി എ.പി. ജയനെതിരേ വിജിലന്‍സിനെ സമീപിക്കുമെന്നും അവര്‍ വിശദീകരിച്ചു.

തനിക്ക് സിപിഐയില്‍ തുടരാനാകാത്ത സ്ഥിതിയായിരുന്നു. എല്ലാത്തിനും പിന്നില്‍ എ.പി. ജയനാണ്. തനിക്കെതിരേ കൊലപാതകമടക്കം നിരവധി കള്ളക്കേസുകള്‍ ജയന്റെ നേതൃത്വത്തില്‍ ചമയ്‌ക്കെപ്പെട്ടു. ഇതടക്കം സൂചിപ്പിച്ച് മുല്ലക്കര രത്നാകരനു പരാതി നല്‍കിയിരുന്നു. എ.പി. ജയനെ കാണാനാണ് അദ്ദേഹം നിര്‍ദേശിച്ചത്. ബിനോയ് വിശ്വത്തില്‍നിന്ന് നീതി കിട്ടിയില്ല.

ജില്ലാ പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായ തന്റെ പത്രിക തള്ളാന്‍ വ്യാജരേഖയുമായി എ.പി. ജയന്‍ വരണാധികാരിയെ സമീപിച്ചതായും അവര്‍ ആരോപിച്ചു. അനധികൃത സ്വത്ത് സമ്പാദനമെന്ന് ആരോപിച്ച് ശ്രീനാദേവി നല്‍കിയ പരാതിയില്‍ എ.പി. ജയനെ, രണ്ടുവര്‍ഷം മുന്‍പ് ബ്രാഞ്ചിലേയ്ക്ക് തരംതാഴ്ത്തിയിരുന്നു. കഴിഞ്ഞ ജില്ലാസമ്മേളനത്തില്‍ ജയന്‍ ജില്ലാ കൗണ്‍സിലിലേക്ക് തിരിച്ചുവന്നു.

പറഞ്ഞത് സ്ത്രീവിരുദ്ധതയല്ല, യാഥാര്‍ഥ്യങ്ങള്‍- ചിറ്റയം ഗോപകുമാര്‍

സ്ത്രീവിരുദ്ധതയല്ല, യാഥാര്‍ഥ്യങ്ങളാണ് താന്‍ പറഞ്ഞതെന്ന് ചിറ്റയം ഗോപകുമാര്‍ പ്രതികരിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ് ശ്രീനാദേവി കുഞ്ഞമ്മയെ വളര്‍ത്തിക്കൊണ്ടുവന്നത്. ആ പാര്‍ട്ടിയെയും അതിന്റെ മുതിര്‍ന്ന നേതാക്കളെയും തള്ളിപ്പറഞ്ഞത് ശരിയായില്ലെന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.