മണ്ണാര്‍ക്കാട്: തദ്ദേശതിരഞ്ഞെടുപ്പില്‍ ജനകീയ മതേതര മുന്നണിയുടെ ലക്ഷ്യം വിജയിച്ചെന്ന് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനുണ്ടായ തിരിച്ചടിയില്‍ പി.കെ. ശശിക്ക് ജനങ്ങളിലുള്ള സ്വാധീനവും ഘടകമായെന്ന് ഇവര്‍ അവകാശപ്പെട്ടു.

To advertise here,

സിപിഎം നേതൃത്വത്തോടുള്ള പ്രതിഷേധമായിട്ടാണ് മത്സരിച്ചത്. ആ ലക്ഷ്യത്തില്‍തന്നെ ഉറച്ചുനില്‍ക്കുന്നു. തിരുത്തല്‍ ശക്തിയായി മുന്നോട്ടുപോകും. പാര്‍ട്ടി തെറ്റുതിരുത്തിയാല്‍ തിരിച്ചുവരും. മുന്നണിയിലുള്ളവര്‍ ഇപ്പോഴും കമ്മ്യൂണിസ്റ്റുകാരാണ്. ജില്ലാ സെക്രട്ടറിയുടെ തെറ്റായ നിലപാടുകള്‍ പാര്‍ട്ടിക്ക് തിരിച്ചടിയായി. പാര്‍ട്ടി കോട്ടകളായ കരിമ്പ, കാരാകുറുശ്ശി പഞ്ചായത്തുകളില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായി. കാഞ്ഞിരപ്പുഴയിലും തിരിച്ചടിയേറ്റു.

മണ്ണാര്‍ക്കാട് നഗരസഭയില്‍ ഒരു വാര്‍ഡില്‍ ജനകീയ മതേതര മുന്നണിയുടെ സ്ഥാനാര്‍ഥി രണ്ടാംസ്ഥാനത്തെത്തി. മത്സരിച്ച മറ്റുപല വാര്‍ഡുകളിലും അന്‍പതിന് മുകളില്‍ വോട്ട് നേടി. ഇതെല്ലാം പി.കെ. ശശിയോട് പാര്‍ട്ടി സ്വീകരിച്ച നിലപാടുകളോടുള്ള ജനങ്ങളുടെ പ്രതിഷേധമാണ്. പി.കെ. ശശി നയിച്ച കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വര്‍ഗീയശക്തികളോട് കൂട്ടുകൂടാതെ നഗരസഭയില്‍ 11 സീറ്റുകളില്‍ എല്‍ഡിഎഫ് വിജയിച്ചു. ഇത്തവണ വോട്ടുകച്ചവടം നടത്തിയാണ് സീറ്റുകള്‍ നേടിയത്.

കാഞ്ഞിരപ്പുഴ പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായി. യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ച മുന്‍ ലോക്കല്‍ സെക്രട്ടറി അരുണ്‍ ഓലിക്കല്‍ ഇവിടെ ജയിച്ചു. കോട്ടോപ്പാടം, അലനല്ലൂര്‍, തച്ചനാട്ടുകര പഞ്ചായത്തുകളിലും എല്‍ഡിഎഫിന് വോട്ടും സീറ്റും കുറഞ്ഞിട്ടുണ്ട്. ജനകീയ മതേതര മുന്നണി സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പി.കെ. ശശി ഇടപെട്ടിട്ടില്ല. പാര്‍ട്ടിക്കെതിരെയുള്ള മത്സരത്തില്‍നിന്ന് പിന്തിരിപ്പിക്കാനാണ് ശ്രമിച്ചത്. പാര്‍ട്ടി ഇനിയും തെറ്റുതിരുത്താന്‍ തയ്യാറായിട്ടില്ലെങ്കില്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സമാന നിലപാട് സ്വീകരിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. കെ.പി. അഷ്‌റഫ്, കെ. ഷാനിഫ്, അരുണ്‍ ഓലിക്കല്‍, രജനി ഇടമുറ്റത്ത്, അബൂബക്കര്‍ നാലകത്ത്, അഷ്‌റഫ് തുടങ്ങിയവര്‍ പങ്കെടുത്തു.