പട്ടാമ്പി: ബ്ലോക്ക് പഞ്ചായത്തിൽ ഇക്കുറി മത്സരം കടുക്കും. ഭരണം നിലനിർത്താൻ യുഡിഎഫും പിടിച്ചെടുക്കാൻ എൽഡിഎഫും തീവ്രശ്രമത്തിലാണ്. കഴിഞ്ഞതവണ 15 സീറ്റിൽ യുഡിഎഫിന് എട്ട് സീറ്റും എൽഡിഎഫിന് ഏഴ് സീറ്റുമാണ് ലഭിച്ചത്. രണ്ടരവർഷം വീതം കോൺഗ്രസും മുസ്‌ലിം ലീഗും പ്രസിഡന്റ് പദവി പങ്കിട്ടു.
കഴിഞ്ഞതവണ എസ്‌സി സംവരണമായിരുന്നു പ്രസിഡന്റ് സ്ഥാനം. ഇക്കുറി ജനറലാണ്. പട്ടാമ്പി ബ്ലോക്ക് പഞ്ചായത്തിലേക്ക് 52 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. ഇതിൽ 22പേർ വനിതാ സ്ഥാനാർഥികളാണ്. 30 വയസ്സിൽതാഴെ പ്രായമുള്ള അഞ്ചുപേർ മത്സരരംഗത്തുണ്ട്. ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ കാരക്കാട് ഡിവിഷനിൽനിന്നാണ് ആറുപേർ. പരുതൂർ, തിരുവേഗപ്പുറ, കൊപ്പം, വിളയൂർ, മുതുതല, കുലുക്കല്ലൂർ, ഓങ്ങല്ലൂർ എന്നീ പഞ്ചായത്തുകൾചേർന്നതാണ് പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത്. ഇരുമുന്നണികൾക്കും സ്വാധീനമുള്ള ബ്ലോക്കാണിത്. വാർഡ് വിഭജനത്തിൽ ഇക്കുറി ഒരു സീറ്റ് വർധിച്ച് 16 സീറ്റാണുള്ളത്. യുഡിഎഫിൽ ഒൻപത് സീറ്റിൽ കോൺഗ്രസും ആറ് സീറ്റിൽ മുസ്‌ലിം ലീഗും ഒരു സീറ്റിൽ യുഡിഎഫ് സ്വതന്ത്രനുമാണ് മത്സരിക്കുന്നത്. എൽഡിഎഫിൽ 15 സീറ്റിൽ സിപിഎമ്മും ഒരു സീറ്റിൽ സിപിഐയും മത്സരരംഗത്തുണ്ട്. 14 സീറ്റുകളിൽ എൻഡിഎ മത്സരിക്കുന്നുണ്ട്. കാരക്കുത്ത് വാർഡിലും പള്ളിപ്പുറം വാർഡിലും ബിജെപി സ്ഥാനാർഥികളെ നിർത്തിയിട്ടില്ല. എസ്ഡിപിഐ, വെൽഫെയർ പാർട്ടി എന്നിവർ രണ്ട് സീറ്റുകളിലും ഒരു സീറ്റിൽ എൻസിപിയും മത്സരിക്കുന്നുണ്ട്. കാരക്കാട് സീറ്റിൽ മത്സരിക്കുന്ന രാജഗോപാലനാണ് ഏക സ്വതന്ത്രസ്ഥാനാർഥി.
നിലവിലെ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളിൽ പി.ടി.എം. ഫിറോസും പി.പി. ഉണ്ണിക്കൃഷ്ണനുമാണ് വീണ്ടും മത്സരരംഗത്തുള്ളത്. അഞ്ചുവർഷത്തെ ഭരണനേട്ടങ്ങൾ ഉയർത്തിപ്പിടിച്ചാണ് യുഡിഎഫിന്റെ പ്രചരണം. വികസനമുരടിപ്പിന്റെ അഞ്ചുവർഷങ്ങളാണ് കടന്നുപോയതെന്ന് ചൂണ്ടിക്കാട്ടി എൽഡിഎഫും പ്രചരണം കൊഴുപ്പിക്കുന്നുണ്ട്. യുഡിഎഫിന് അധികാരം ലഭിച്ചാൽ പ്രസിഡന്റ് സ്ഥാനം പങ്കിടുകയാണ് ചെയ്യുക.
യുഡിഎഫിൽ പ്രസിഡന്റ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മുസ്‌ലിം ലീഗിലെ ടി. ഐദ്രു, വി. അബ്ദുള്ളക്കുട്ടി, പി.ടി.എം. ഫിറോസ് എന്നിവരും, കോൺഗ്രസിലെ എ.പി. രാമദാസ്, ജയശങ്കർ കൊട്ടാരത്തിൽ, വി.എം. മുസ്തഫ എന്നിവരും സ്ഥാനാർഥികളായുണ്ട്. സിപിഎമ്മിൽ മുൻ ഗ്രാമപ്പഞ്ചായത്തംഗവും സിപിഎം ഏരിയാ കമ്മിറ്റിയംഗവുമായ എം. ശങ്കരൻകുട്ടി, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതിയധ്യക്ഷ എ. ഷാബിറ, വിളയൂർ പഞ്ചായത്തംഗം മുജീബ് കരുവാൻകുഴി, ബിജെപി നേതാക്കളായ എ.കെ. സുനിൽകുമാർ, ഗണേഷ്, കൃഷ്ണകുമാർ ഉൾപ്പെടെയുള്ള നേതാക്കളും മത്സരരംഗത്തുണ്ട്.
Published: 01 Dec 2025, 12:02 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented