കുഴല്‍മന്ദം: യുഡിഎഫ് സാന്നിധ്യം നാമമാത്രമായിരുന്ന കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തില്‍ ഇക്കുറി മത്സരം കടുക്കും. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഗ്രാമപ്പഞ്ചായത്തുകളില്‍ എല്‍ഡിഎഫും യുഡിഎഫും തുല്യശക്തികളാണെങ്കിലും തുടക്കംമുതല്‍ ബ്ലോക്ക് പഞ്ചായത്ത് ഭരിച്ചത് എല്‍ഡിഎഫാണ്.

To advertise here,

കഴിഞ്ഞതവണ 13 അംഗ ഭരണസമിതിയില്‍ കോണ്‍ഗ്രസിന് ഒരംഗമായിരുന്നു. ഇത്തവണ ഇദ്ദേഹം എ.വി. ഗോപിനാഥ് നേതൃത്വം നല്‍കുന്ന ഐഡിഎഫിനൊപ്പമായി.

കണ്ണാടി, മാത്തൂര്‍, കോട്ടായി, പെരിങ്ങോട്ടുകുറുശ്ശി, കുത്തനൂര്‍, കുഴല്‍മന്ദം, തേങ്കുറുശ്ശി ഗ്രാമപ്പഞ്ചായത്തുകളാണ് കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍. ഇതില്‍ കുഴല്‍മന്ദം, മാത്തൂര്‍, കുത്തനൂര്‍ ഗ്രാമപ്പഞ്ചായത്തുകള്‍ യുഡിഎഫും തേങ്കുറുശ്ശി, കോട്ടായി, കണ്ണാടി ഗ്രാമപ്പഞ്ചായത്തുകള്‍ എല്‍ഡിഎഫുമാണ് ഭരിക്കുന്നത്. കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായിരുന്ന പെരിങ്ങോട്ടുകുറുശ്ശി ഗ്രാമപ്പഞ്ചായത്ത് എ.വി. ഗോപിനാഥിന്റെ നിലപാട് മാറ്റത്തോടെ എല്‍ഡിഎഫ് പക്ഷത്തായി.

എല്ലാ ഗ്രാമപ്പഞ്ചായത്തുകളിലും രണ്ട് ഡിവിഷനുകള്‍ വീതം ഇത്തവണ ആകെ 14 ഡിവിഷന്‍ ആണ്. കുത്തനൂര്‍, കണ്ണാടി, മാത്തൂര്‍, കുഴല്‍മന്ദം ഗ്രാമപ്പഞ്ചായത്തുകളിലെ ഡിവിഷനുകളില്‍ ശക്തമായ മത്സരമാണ്.

പൊതുവെ സിപിഎമ്മിന്റെ സ്വാധീനമേഖലയാണ് ബ്ലോക്ക് പരിധി. നിയമസഭ, ലോക്സഭ തിരഞ്ഞെടുപ്പുകളില്‍ ലീഡ് ലഭിച്ച പ്രദേശങ്ങള്‍ ഉള്‍പ്പെടുന്നതാണ് യുഡിഎഫിന്റെ പ്രതീക്ഷ. തേങ്കുറുശ്ശി, കുത്തനൂര്‍, മാത്തൂര്‍ ഗ്രാമപ്പഞ്ചായത്തുകളില്‍ ബിജെപി ശക്തികേന്ദ്രങ്ങളുണ്ട്.

കുഴല്‍മന്ദം സാമൂഹികാരോഗ്യകേന്ദ്രത്തിലുള്‍പ്പെടെ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കിയ പദ്ധതികളും സംസ്ഥാനസര്‍ക്കാരിന്റെ നേട്ടങ്ങളും എല്‍ഡിഎഫ് പ്രചാരണ വിഷയമാക്കുന്നു. യുഡിഎഫ് ഇതിനെ ഖണ്ഡിക്കുമ്പോള്‍ കേന്ദ്രത്തിന്റെ ഭരണനേട്ടങ്ങളും മാറ്റത്തിനായുള്ള വോട്ടുമാണ് ബിജെപിയുടെ പ്രചാരണായുധം.