പെരിങ്ങോട്ടുകുറുശ്ശി: കോൺഗ്രസ് നേതൃത്വത്തോട് കലഹിച്ച് സ്വതന്ത്ര ജനാധിപത്യമുന്നണിയുമായി പെരിങ്ങോട്ടുകുറുശ്ശിയിലെ തിരഞ്ഞെടുപ്പിൽ മത്സരിച്ച എ.വി. ഗോപിനാഥിന്റെ പരീക്ഷണം പാളി. ഗോപിനാഥിനൊപ്പം ചേർന്ന് സുഗമമായി ഭരണത്തിലെത്താമെന്ന സിപിഎം അടവുനയവും പാളി. അരനൂറ്റാണ്ടോളം നീണ്ട ഗോപിനാഥിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ മുഖമുദ്ര സിപിഎം വിരോധമായിരുന്നു. കഴിഞ്ഞതെല്ലാം മറന്ന് സിപിഎമ്മുമായി ചേർന്നുപോവാനുള്ള ഗോപിനാഥിന്റെ തന്ത്രം പെരിങ്ങോട്ടകുറുശ്ശിക്ക് അത്ര രുചിച്ചില്ലെന്നാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലം നൽകുന്ന സൂചന.

To advertise here,

എംഎൽഎ യായിരുന്നപ്പോഴും ഡിസിസി പ്രസിഡന്റായിരുന്നപ്പോഴും പെരിങ്ങോട്ടുകുറുശ്ശിയും സഹകരണബാങ്കും വിട്ടൊരു കളി ഗോപിനാഥിന് ഉണ്ടായിരുന്നില്ല. കഴിഞ്ഞ സഹകരണബാങ്ക് തിരഞ്ഞെടുപ്പിലും സ്വന്തം നീക്കം വിജയിച്ചതോടെ ഇതേ രീതിയിൽ പഞ്ചായത്തിൽ സ്വാധീനം നിലനിറുത്താമെന്ന സ്വപ്നം കൂടിയാണ് പാളിയത്.

കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയിലെ 11 കോൺഗ്രസ് അംഗങ്ങളേയും കോൺഗ്രസ് മണ്ഡലം ഭാരവാഹികളേയും കൂടെ നിറുത്തിയാണ് ഗോപിനാഥ് കോൺഗ്രസ് വിട്ടത്. ആ നീക്കത്തിൽ ഒരുസമയത്ത് കോൺഗ്രസ് പകച്ചുനിൽക്കുകയും ചെയ്തു. സ്ഥാനാർഥി നിർണയഘട്ടത്തിൽ മുഴുവൻ വാർഡുകളിലേക്കും സ്ഥാനാർഥികളെ കണ്ടെത്തുകയെന്ന ആദ്യ കടമ്പ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എസ്. സുരേഷ് കുമാറും സംഘവും കരുതലോടെ മറികടന്നു. രണ്ടോ മൂന്നോ സീറ്റ് എന്ന ചിന്തയിൽ നിന്നാണ് ഏഴുസീറ്റിൽ വിജയിച്ച് കോൺഗ്രസ് ഇത്തവണ ഏറ്റവും വലിയ ഒറ്റകക്ഷിയാവുന്നത്. എ.വി. ഗോപിനാഥിനെ കൂടാതെ മുൻ മണ്ഡലം പ്രസിഡന്റും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന പൗലോസ് മാസ്റ്റർ, രവിശങ്കർ തുടങ്ങിയവരും പരാജയമറിഞ്ഞു. ഗോപിനാഥിന്റെ െഎഡിഎഫിന് മൂന്ന് സീറ്റുകളാണ് ലഭിച്ചത്.

സിപിഎമ്മിന് അഞ്ച് സീറ്റും കിട്ടി. രണ്ട് സീറ്റിൽ ബിജെപിയും ഒരു സീറ്റിൽ സ്വതന്ത്രനുമാണ് 18 അംഗ പഞ്ചായത്ത് ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. മുന്നണിയെന്ന നിലയിൽ ഐഡിഎഫും എൽഡിഎഫും ചേർന്ന മുന്നണിക്കാണ് കൂടുതൽ സീറ്റ്. എട്ടെണ്ണം. ഇവിടെ രണ്ട് സീറ്റുള്ള ബിജെപിയുടെ നിലപാടും നിർണായകമാവും.