ഒറ്റപ്പാലത്ത് കേവലഭൂരിപക്ഷത്തിനരികെ സിപിഎം
ഒറ്റപ്പാലം നഗരസഭയില്‍ 39 സീറ്റില്‍ 19 എണ്ണം നേടി കേവല ഭൂരിപക്ഷത്തിനരികെയെത്തി സിപിഎം. കോണ്‍ഗ്രസിനെ പിന്തള്ളി 12 വാര്‍ഡ് ജയിച്ച് ബിജെപി രണ്ടാമത്തെ വലിയ ഒറ്റക്കക്ഷിയായി. പിന്തുണ നല്‍കിയ സ്വതന്ത്രനുള്‍പ്പെടെ എട്ട് സീറ്റുമാത്രമാണ് യുഡിഎഫ് നേടിയത്. നഗരസഭാ മുന്‍ ചെയര്‍മാന്‍ എന്‍.എം. നാരായണന്‍നമ്പൂതിരി, മുന്‍ വൈസ് ചെയര്‍മാന്‍ എസ്. ശെല്‍വന്‍, ബിജെപി സംസ്ഥാനകമ്മിറ്റി അംഗം കെ. ശിവദാസ്, സ്വതന്ത്രമുന്നണി കണ്‍വീനര്‍ എസ്.ആര്‍. പ്രകാശ് തുടങ്ങിയവര്‍ പരാജയപ്പെട്ടു. കടുത്തമത്സരം നേരിട്ട നിലവിലെ വൈസ് ചെയര്‍മാന്‍ കെ. രാജേഷ്, ജിജെബി സ്‌കൂള്‍ വാര്‍ഡില്‍നിന്ന് ബിജെപിയിലെ വിജയചന്ദ്രനെ തോല്‍പ്പിച്ചു.
നിലവില്‍ 16 സീറ്റുണ്ടായിരുന്ന എല്‍ഡിഎഫ് മൂന്നുസീറ്റ് കൂടുതല്‍നേടി 19 സീറ്റിലും സിപിഎമ്മാണ് ജയിച്ചത്. ഇത്തവണ ചെയര്‍പേഴ്സണ്‍ സ്ഥാനം പട്ടികജാതി വനിതാ സംവരണമാണ്. നഗരസഭയിലെ രണ്ട് പട്ടികജാതി വനിതാസംവരണ സീറ്റിലും സിപിഎം ജയിച്ചതോടെ ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് മത്സരമുണ്ടാകില്ല. കോണ്‍ഗ്രസ് ജയിച്ചിരുന്ന പല്ലാര്‍മംഗലം വാര്‍ഡുകൂടി പിടിച്ചെടുത്താണ് ചെയര്‍പേഴ്സണ്‍ സ്ഥാനം സിപിഎം ഉറപ്പിച്ചത്. സിപിഎമ്മിന്റെ കോമളം ഉണ്ണിക്കൃഷ്ണന്‍ ഇവിടെ ജയിച്ചപ്പോള്‍ കോണ്‍ഗ്രസിന്റെ എം.എസ്. സുചിത്ര രണ്ടാമതായി.
കോണ്‍ഗ്രസില്‍നിന്ന് പോസ്റ്റല്‍ ക്വാര്‍ട്ടേഴ്സ് വാര്‍ഡും (26) സ്വതന്ത്രമുന്നണിയില്‍നിന്ന് കിള്ളിക്കാവ് വാര്‍ഡും (30) പിടിച്ചെടുത്തു. എന്‍ഡിഎ തെന്നടിബസാര്‍ (32), തോട്ടക്കര പോസ്റ്റോഫീസ് (33) എന്നീ വാര്‍ഡുകള്‍ കോണ്‍ഗ്രസില്‍നിന്നും വട്ടനാല്‍ (36) വാര്‍ഡ് സിപിഎമ്മില്‍നിന്നും അമൃതസ്‌കൂള്‍ (35) വാര്‍ഡ് സ്വതന്ത്രമുന്നണിയില്‍നിന്നും പിടിച്ചെടുത്തു. കഴിഞ്ഞതവണ ഒമ്പത് സീറ്റായിരുന്നു എന്‍ഡിഎയ്ക്ക്.
യുഡിഎഫ് വരോട് (2), റെയില്‍വേസ്റ്റേഷന്‍ എന്നീ വാര്‍ഡുകള്‍ സിപിഎമ്മില്‍നിന്നും പിടിച്ചെടുത്തു. കഴിഞ്ഞതവണ സ്വതന്ത്രമുന്നണിയുടേതുള്‍പ്പെടെ 11 സീറ്റുണ്ടായിരുന്ന യുഡിഎഫ് എട്ടിലൊതുങ്ങി. സ്വതന്ത്രമുന്നണിക്ക് ഒറ്റസീറ്റും ലഭിച്ചില്ല.
ചിറ്റൂരില്‍ കുട ചൂടിയ പരീക്ഷണം പാളി
ചിറ്റൂര്‍: ഭൂരിപക്ഷം സീറ്റുകളിലും സ്വതന്ത്രചിഹ്നമായ കുടയില്‍ സ്ഥാനാര്‍ഥികളെ രണ്ടാം തവണയും മത്സരിപ്പിച്ച എല്‍ഡിഎഫിന്റെ പരീക്ഷണം ചിറ്റൂര്‍-തത്തമംഗലം നഗരസഭയില്‍ പാളി. 2020-ലെ പരീക്ഷണം വിജയിച്ചതിനെത്തുടര്‍ന്ന് ഇത്തവണ കൂടുതല്‍ വാര്‍ഡുകളില്‍ സ്വതന്ത്രചിഹ്നത്തിലായിരുന്നു സ്ഥാനാര്‍ഥികള്‍. നഗരസഭാ ചെയര്‍മാന്‍ കെ.എല്‍. കവിതയും വൈസ് ചെയര്‍മാന്‍ എം. ശിവകുമാറും ഉള്‍പ്പെടെയുള്ളവര്‍ ഇത്തവണ പരാജയമേറ്റുവാങ്ങി. ആകെയുള്ള 30 സീറ്റില്‍ 19 സീറ്റും നേടിയാണ് യുഡിഎഫ് ഭരണം തിരിച്ചുപിടിച്ചത്. 11 സീറ്റ് എല്‍ഡിഎഫിനും ലഭിച്ചു. കഴിഞ്ഞ ഭരണസമിതിയില്‍ നഗരസഭയിലെ 29 വാര്‍ഡില്‍ 16 എല്‍ഡിഎഫിനും 12 യുഡിഎഫിനും ഒന്ന് എസ്ഡിപിഐക്കുമായിരുന്നു. കഴിഞ്ഞ തവണവരെ തുടര്‍ച്ചയായി ഭരണം കൈയാളിയിരുന്ന യുഡിഎഫില്‍നിന്നും എല്‍ഡിഎഫ് ഭരണം പിടിച്ചെടുക്കുകയായിരുന്നു. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയിക്കുമെന്നുറപ്പിച്ച ചില വാര്‍ഡുകളില്‍ എല്‍ഡിഎഫ് ജയിച്ചു. എല്‍ഡിഎഫ് ജയം ഉറപ്പിച്ചിരുന്ന ഏതാനും വാര്‍ഡുകളില്‍ യുഡിഎഫും ജയിച്ചു. ചെയര്‍പേഴ്‌സണ്‍ കെ.എല്‍. കവിത പുതുമുഖമായ സി.വി. വിജയനോട് 217 വോട്ടിന്റെ വ്യത്യാസത്തില്‍ പരാജയപ്പെട്ടു. വൈസ് ചെയര്‍മാന്‍ എം. ശിവകുമാര്‍ എട്ടാം വാര്‍ഡായ കടമ്പിടിയില്‍ പുതുമുഖമായ ഗോപകുമാറുമായുള്ള ബലാബലത്തില്‍ 32 വോട്ടിന്റെ വ്യത്യാസത്തില്‍ പരാജയപ്പെട്ടു. അതേ വാര്‍ഡില്‍ ബിജെപി 177 വോട്ട് നേട്ടി. യുഡിഎഫിലെ ചെയര്‍മാന്‍ സ്ഥാനാര്‍ഥി സുമേഷ് അച്യുതന്റെ ആദ്യത്തെ മത്സരം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒരു വോട്ടിന് എല്‍ഡിഎഫ് ജയിച്ച പരുത്തിക്കാവ് വാര്‍ഡിലായിരുന്നു. ഈ വാര്‍ഡില്‍ 185 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സുമേഷ് അച്യുതന്‍ ജയിച്ചത്.
സിപിഎം വര്‍ഷങ്ങളായി ആധിപത്യം പുലര്‍ത്തിയിരുന്ന ഒന്നാം വാര്‍ഡ് ചേരുംക്കാട്ടില്‍ സിപിഎം ചിറ്റൂര്‍ ഏരിയാ കമ്മിറ്റിയംഗം വി. സ്വാമിനാഥന്‍ പരജായപ്പെട്ടു. കന്നിയങ്കത്തിനറങ്ങിയ യുഡിഎഫിലെ എം. മുഹമ്മദ് ആഷിക്ക് ഇവിടെ ജയിച്ചു. മേട്ടുപാളയം വാര്‍ഡില്‍ യുഡിഎഫിലെ മുന്‍ ചെയര്‍പേഴ്‌സണ്‍ കെ.എ. ഷീബ ജയിച്ചവരില്‍പ്പെടും. നഗരസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നേടിയത് യുഡിഎഫിലെ രാഹുല്‍ കൃഷ്ണയാണ് ഭൂരിപക്ഷം (422). ഏറ്റവും കുറവ് അമ്പാട്ടുപാളയം വാര്‍ഡില്‍നിന്നും ജയിച്ച സിപിഎം ഏരിയാ കമ്മിറ്റിയംഗം ജെയിന്‍ ഹില്ലാരിയോസ് (5).
പാലക്കാട് ഭരണമുറപ്പിക്കാന്‍ ബിജെപി
പാലക്കാട്: പാലക്കാട് നഗരസഭയില്‍ ഭൂരിപക്ഷമായ 27 സീറ്റെന്ന മാജിക് സംഖ്യയ്ക്ക് രണ്ടടി പിന്നിലായി ബിജെപി. 53 അംഗസഭയില്‍ പാര്‍ട്ടിക്ക് 25 സീറ്റ് ലഭിച്ചപ്പോള്‍ യുഡിഎഫ് 18ഉം എല്‍ഡിഎഫ് ഒന്‍പതും സീറ്റ് സ്വന്തമാക്കി. ഒരുസീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയും വിജയിച്ചു. ഏറ്റവും ശ്രദ്ധേയമായത് 48-ാം വാര്‍ഡ് പള്ളിപ്പുറത്ത് മുന്നണി സ്ഥാനാര്‍ഥികളെ വീഴ്ത്തിയ സ്വതന്ത്രന്‍ എം.എം. അഷ്‌കറിന്റേതാണ്. ഈ ജയം നഗരസഭയില്‍ പത്ത് വര്‍ഷമായി തുടരുന്ന ബിജെപിയെ തളയ്ക്കാനുള്ള തുറുപ്പുചീട്ടാകുമോയെന്നാണ് ഇനി അറിയാനുള്ളത്.
ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിക്ക് സ്വഭാവികമായും തുടര്‍ഭരണത്തിന് അവകാശവാദമുന്നയിക്കാം. നിയമസഭാ തിരഞ്ഞെടുപ്പിന് ആറുമാസം മാത്രം ബാക്കി നില്‍ക്കേ യുഡിഎഫിനെ പുറത്തു നിന്നെങ്കിലും പിന്തുണയ്ക്കുന്നതിന് എല്‍ഡിഎഫിനോ മറിച്ച് ചിന്തിയ്ക്കുന്നതിന് യുഡിഎഫിനോ പരിമിതികളേറെയാണ്. മറിച്ചായാല്‍ ബിജെപിയ്ക്കത് വലിയ രാഷ്ടീയ ആയുധമാകുകയും ചെയ്യും.
ഈ സാഹചര്യം മറികടക്കാനുള്ള ഫോര്‍മുലയും രാഷ്ട്രീയ വൃത്തങ്ങളില്‍ സജീവ ചര്‍ച്ചയാണിപ്പോള്‍. പള്ളിപ്പുറം വാര്‍ഡിലെ സ്വതന്ത്ര അംഗത്തിന്റെ നേതൃത്വത്തില്‍ ബിജെപിക്ക് ബദല്‍ എന്ന സാധ്യതയാണിത്. യുഡിഎഫും എല്‍ഡിഎഫും സ്വതന്ത്രനെ പിന്തുണച്ചാല്‍ അത് നയവിരുദ്ധമാകില്ലെന്നതാണ് വാദം. 28 സീറ്റ് ഉറപ്പാക്കാനുമാവും. ഇതിന് കോണ്‍ഗ്രസ്, എല്‍ഡിഎഫ് നേതൃത്വങ്ങളുടെ ഇടപെടലുണ്ടാവുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്.
പന്ത് രണ്ടാമത്തെ വലിയ കക്ഷിയായ കോണ്‍ഗ്രസിന്റെ കോര്‍ട്ടിലാണിപ്പോഴെന്നാണ് എല്‍ഡിഎഫ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സിപിഎം, കോണ്‍ഗ്രസ് നേതാക്കള്‍ വിഷയത്തില്‍ നേരിട്ട് പ്രതികരിക്കാന്‍ തയ്യാറായിട്ടുമില്ല.
നഗരസഭാ ഭരണമേറ്റെടുക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നാണ് ബിജെപി നിലപാട്. നിലവിലെ വൈസ് ചെയര്‍മാന്‍ അടക്കമുള്ള നേതാക്കള്‍ വിജയിച്ച സാഹചര്യത്തില്‍ എന്ത് വിലകൊടുത്തും ഭരണം നിലനിര്‍ത്തുമെന്നും അവര്‍ പറയുന്നു.
കരുത്ത് തെളിയിച്ച് പട്ടാമ്പി പിടിച്ച് യുഡിഎഫ്
പട്ടാമ്പി: കഴിഞ്ഞ തവണ കൈവിട്ട പട്ടാമ്പി നഗരസഭയില്‍ ഉജ്ജ്വല തിരിച്ചുവരവ് നടത്തി യുഡിഎഫ്. 29-ല്‍ 19 സീറ്റുകളും നേടിയാണ് യുഡിഎഫ് കരുത്തുതെളിയിച്ചത്. ഒന്‍പത് സീറ്റുകള്‍ എല്‍ഡിഎഫിനും ഒരെണ്ണം ബിജെപിക്കും ലഭിച്ചു.
യുഡിഎഫ് കഴിഞ്ഞ തവണത്തെ 11-ല്‍ നിന്നും 19-ലേക്കെത്തിയപ്പോള്‍ എല്‍ഡിഎഫ് 10-ല്‍ നിന്നും ഒന്‍പതായി. ബിജെപി രണ്ടാം മൈല്‍ ഡിവിഷന്‍ നിലനിര്‍ത്തുകയാണുണ്ടായത്. കിഴക്കേ അങ്ങാടി, ലൗലി, പരുവക്കടവ്, വള്ളൂര്‍ എന്നീ വാര്‍ഡുകള്‍ എല്‍ഡിഎഫില്‍ നിന്നും യുഡിഎഫ് പിടിച്ചെടുത്തു. നേതിരിമംഗലം യുഡിഎഫിന് നഷ്ടമായി. ഇവിടെ കോണ്‍ഗ്രസ് പാര്‍ലമെന്ററി നേതാവായിരുന്ന കെ.ആര്‍. നാരായണസ്വാമിയാണ് പരാജയപ്പെട്ടത്.
നാല് സെറ്റ് യന്ത്രങ്ങള്‍ വീതമാണ് ഓരോ ഘട്ടത്തിലും എണ്ണിയത്. ആദ്യ മൂന്ന് ഘട്ടങ്ങളില്‍ ഒപ്പത്തിനൊപ്പമായിരുന്നെങ്കിലും പിന്നീട് ഓരോ ഘട്ടത്തിലും യുഡിഎഫ് മുന്നേറ്റമായിരുന്നു. 22 ഡിവിഷനുകള്‍ എണ്ണിത്തീര്‍ന്നപ്പോഴേക്കും യുഡിഎഫ് കേവലഭൂരിപക്ഷം മറികടന്നു വിജയമുറപ്പിച്ചിരുന്നു. അപ്പോഴേക്കും വോട്ടെണ്ണല്‍ നടക്കുന്ന പട്ടാമ്പി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് മുന്‍വശത്ത് പ്രവര്‍ത്തകരെ കൊണ്ട് നിറഞ്ഞിരുന്നു.
കഴിഞ്ഞ തവണ യുഡിഎഫിന് 11, എല്‍ഡിഎഫിന് 10, എന്‍ഡിഎയ്ക്ക് ഒന്ന്, വീ ഫോര്‍ പട്ടാമ്പി കൂട്ടായ്മക്ക് ആറ് സീറ്റ് വീതമാണ് ലഭിച്ചത്. പിന്നീട് വീ ഫോര്‍ പട്ടാമ്പിയുമായി ചേര്‍ന്നാണ് എല്‍ഡിഎഫ് ഭരണത്തിലെത്തിയത്. എല്‍ഡിഎഫ് കൗണ്‍സിലര്‍മാരായിരുന്ന പി.കെ. കവിത, പി. വിജയകുമാര്‍ എന്നിവര്‍ ഇക്കുറിയും വിജയിച്ചു. വീഫോര്‍ പട്ടാമ്പി കൂട്ടായ്മയുടെ നേതാവായി ജയിച്ച് വൈസ് ചെയര്‍മാനായ ടി.പി. ഷാജിയാണ് ഇക്കുറി യുഡിഎഫിനെ നയിച്ചത്. ടി.പി. ഷാജിക്ക് തന്നെയാണ് ചെയര്‍മാന്‍ സ്ഥാനത്തിന് സാധ്യത. മുസ്ലിം ലീഗിന് 11ഉം കോണ്‍ഗ്രസിന് എട്ടും സീറ്റാണ് ഇക്കുറി ലഭിച്ചിട്ടുള്ളത്.
എല്‍ഡിഎഫ് ഇക്കുറി സ്വതന്ത്ര സ്ഥാനാര്‍ഥികളെ ഇറക്കി നടത്തിയ പരീക്ഷണം പാളി. കോണ്‍ഗ്രസില്‍നിന്ന് പുറത്തുപോയി എല്‍ഡിഎഫിനൊപ്പം മത്സരിച്ചയാളും പരാജയപ്പെട്ടു. എല്‍ഡിഎഫിന്റെ കനത്ത തോല്‍വി പാര്‍ട്ടിക്കുള്ളില്‍ ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്. കൂടുതല്‍ സ്വതന്ത്രസ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാനുണ്ടായ സാഹചര്യമടക്കം വരുംദിവസങ്ങളില്‍ ചര്‍ച്ചയാവും.
ഇത്തവണയും ആര്‍ക്കും ഭൂരിപക്ഷമില്ലാതെ ഷൊര്‍ണൂര്‍
ഷൊര്‍ണൂര്‍: ഷൊര്‍ണൂര്‍ നഗരസഭയില്‍ ഇത്തവണയും ആര്‍ക്കും ഭൂരിപക്ഷമില്ല. കൂടുതല്‍ അംഗങ്ങളുള്ള ഇടതുപക്ഷംതന്നെ ഭരണ നേതൃത്വത്തില്‍വരും. 17 പേരാണ് എല്‍ഡിഎഫ് പാനലില്‍ തിരഞ്ഞെടുക്കപ്പെട്ടത്. 12 പേര്‍ വിജയിച്ച എന്‍ഡിഎയാണ് രണ്ടാമത്തെ കക്ഷി. കോണ്‍ഗ്രസ് അഞ്ച് വാര്‍ഡില്‍ ഒതുങ്ങി. സിപിഎം വിമത സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസിന്റെ പിന്തുണയോടെ മത്സരിച്ച പി. നിര്‍മല വിജയിച്ചു. ഇതോടെ ഭരണസമിതി തിരഞ്ഞെടുപ്പില്‍ പി. നിര്‍മലയുടെ നിലപാട് നിര്‍ണായകമാവും. നഗരസഭാധ്യക്ഷനായിരുന്ന എം.കെ. ജയപ്രകാശിന്റെ വാര്‍ഡില്‍ നിന്നാണ് നിര്‍മല ജയിച്ചത്. 18 അംഗങ്ങളുണ്ടായാല്‍ കേവലഭൂരിപക്ഷത്തോടെ ഇടതുപക്ഷത്തിന് മത്സരിക്കാനാവും. കഴിഞ്ഞ ഭരണസമിതിയിലെ സ്ഥിരംസമിതി അധ്യക്ഷയായിരുന്ന പി. നിര്‍മല സീറ്റ് നല്‍കാത്തതിനെത്തുടര്‍ന്നാണ് സിപിഎമ്മിനെതിരേ മത്സരിച്ചത്.
കഴിഞ്ഞതവണ ഒന്‍പത് അംഗങ്ങളുണ്ടായിരുന്ന എന്‍ഡിഎ 12 പേരെ വിജയിപ്പിച്ച് ശക്തിതെളിയിച്ചു. ഏഴ് സീറ്റില്‍നിന്നും കോണ്‍ഗ്രസ് അഞ്ചുസീറ്റിലേക്ക് ഒതുങ്ങി. കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ സി. സന്ധ്യ വാര്‍ഡ് നിലനിര്‍ത്തി. മാത്രമല്ല, കോണ്‍ഗ്രസില്‍നിന്നും സിപിഎമ്മിലെത്തിയ ഷൊര്‍ണൂര്‍ വിജയന്റെ വാര്‍ഡും സിപിഎം ഉറപ്പിച്ചു. എസ്ഡിപിഐ മത്സരിച്ച രണ്ട് വാര്‍ഡും പരാജയപ്പെട്ടു. സിപിഎം കുളപ്പുള്ളി ലോക്കല്‍ സെക്രട്ടറി എന്‍. ജയപാലന്‍ ആറ് വോട്ടിനാണ് പരാജയപ്പെട്ടത്. നഗരസഭാ ഉപാധ്യക്ഷ സിന്ധുവും വിജയിച്ചില്ല. സിന്ധുവിനെതിനായി സ്ഥിരംസമിതി അധ്യക്ഷനായിരുന്ന കെ. കൃഷ്ണകുമാര്‍ 115 വോട്ടിനാണ് വിജയിച്ചത്. സ്ഥാനാര്‍ഥികളുമായി മുന്നണികള്‍ ഷൊര്‍ണൂര്‍ ടൗണില്‍ പ്രകടനം നടത്തി.
മണ്ണാര്‍ക്കാട്ടെ പോരാട്ടത്തിനൊടുവില്‍ യുഡിഎഫ്
മണ്ണാര്‍ക്കാട്: വീറുംവാശിയും നിറഞ്ഞ പോരാട്ടത്തിനൊടുവില്‍ മണ്ണാര്‍ക്കാട് നഗരസഭയില്‍ വീണ്ടും യുഡിഎഫ്. 17 സീറ്റുകളില്‍ വിജയിച്ചാണ് ഭരണം നിലനിര്‍ത്തിയത്. കഴിഞ്ഞതവണത്തേക്കാള്‍ ഒരുസീറ്റ് അധികം നേടി എല്‍ഡിഎഫും നില മെച്ചപ്പെടുത്തി. 12 സീറ്റുകളാണ് നേടിയത്. അതേസമയം, മൂന്നുസീറ്റുണ്ടായിരുന്ന ബിജെപി ഇത്തവണ ഒരുസീറ്റിലൊതുങ്ങി. ശക്തമായ മത്സരം നടന്ന ചോമേരി, വിനായകനഗര്‍ വാര്‍ഡുകളില്‍ സിപിഎം വിജയിച്ചപ്പോള്‍ നെല്ലിപ്പുഴയും നമ്പിയംകുന്നും മുസ്ലിം ലീഗും ആല്‍ത്തറ, വടക്കുമണ്ണം വാര്‍ഡുകള്‍ കോണ്‍ഗ്രസും നേടി. നഗരസഭാ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍ പെരിമ്പടാരി വാര്‍ഡില്‍ വിജയിച്ചു.
കൗണ്‍സിലര്‍മാരായ മാസിത സത്താര്‍, മുഹമ്മദ് ഇബ്രാഹിം, കെ. പ്രസീത, അരുണ്‍കുമാര്‍ പാലക്കുറുശ്ശി എന്നിവര്‍ പരാജയപ്പെട്ടു. സിപിഎമ്മിനെതിരേ മത്സരിച്ച ജനകീയ മതേതര മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് നഗരസഭയ്ക്കകത്ത് കാര്യമായ ചലനമുണ്ടാക്കാനായില്ല. യുഡിഎഫ് നേടിയ 17 സീറ്റില്‍ 12 മുസ്ലിംലീഗ്, കോണ്‍ഗ്രസ്-നാല്, കേരള കോണ്‍ഗ്രസ്-ഒന്ന് എന്നിങ്ങനെയാണ്. എല്‍ഡിഎഫില്‍ 12 സീറ്റും സിപിഎമ്മിനാണ്. കഴിഞ്ഞതവണ മുസ്ലിം ലീഗ്-11, കോണ്‍ഗ്രസ്-മൂന്ന്, സ്വതന്ത്രന്‍-ഒന്ന് എന്നിങ്ങനെ 15 അംഗങ്ങളുടെ പിന്തുണയോടെയാണ് യുഡിഎഫ് ഭരിച്ചത്. പ്രതിപക്ഷത്ത് സിപിഎം 11-ഉം ബിജെപി മൂന്നുസീറ്റും നേടി.
ചെര്‍പ്പുളശ്ശേരിയില്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച
ചെര്‍പ്പുളശ്ശേരി നഗരസഭയില്‍ ഭരണം നിലനിര്‍ത്തി എല്‍ഡിഎഫ്. 17 സീറ്റില്‍ എല്‍ഡിഎഫ് വിജയിച്ചു. 14 എണ്ണത്തില്‍ യുഡിഎഫും ബിജെപിയും വെല്‍ഫെയര്‍ പാര്‍ട്ടിയും ഒന്നുവീതം സീറ്റുകളും നേടി.
Published: 15 Dec 2025, 10:38 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented