
സംസ്ഥാനത്ത് യുഡിഎഫ് ഉജ്ജ്വതിരിച്ചുവരവ് അറിയിച്ച തദ്ദേശ തിരഞ്ഞെടുപ്പില്‍ ഏറ്റവുംകൂടുതല്‍ നേട്ടമുണ്ടാക്കിയ പാര്‍ട്ടിയായിമാറി മുസ്ലിംലീഗ്. ഭരണവിരുദ്ധ വികാരത്തിനൊപ്പം ലോക്സഭാ തിരഞ്ഞെടുപ്പിലെ ക്ഷീണം മാറ്റാനുള്ള എല്‍ഡിഎഫിന്റെ ചില പ്രചാരണങ്ങളുടെ ഗുണഭോക്താവായും ലീഗ് മാറി.
സിപിഎമ്മും കോണ്‍ഗ്രസ്സും കഴിഞ്ഞാല്‍ വാര്‍ഡുകളിലെ വിജയത്തില്‍ സംസ്ഥാനത്ത് മൂന്നാമത്തെ വലിയ പാര്‍ട്ടിയാണ് ലീഗ്. വടക്കന്‍ ജില്ലകളില്‍ യുഡിഎഫിന് അടിത്തറ ഭദ്രമാക്കിയത് കൂടാതെ തെക്കന്‍ ജില്ലകളില്‍ ഭേദപ്പെട്ട പ്രകടനം നടത്താനും പല ജില്ലകളിലും അക്കൗണ്ട് തുറക്കാനും ഈ തദ്ദേശ തിരഞ്ഞെടുപ്പിലൂടെ മുസ്ലിം ലീഗിന് കഴിഞ്ഞു. ഭൂരിപക്ഷ വോട്ടുകള്‍ ലക്ഷ്യംവെച്ചുള്ള എല്‍ഡിഎഫിന്റെ തന്ത്രംപാളിയതാണ് ലീഗിന് ഇത്രയധികം സീറ്റുകള്‍ നേടാന്‍ കാരണമായതെന്നാണ് കണക്കുകള്‍ വിലയിരുത്തപ്പെടുന്നത്. തെക്കന്‍ കേരളത്തില്‍ ലീഗിന് മികച്ച പരിഗണന ലഭിച്ചിരുന്നെങ്കില്‍ യുഡിഎഫിന് കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ കഴിയുമായിരുന്നു എന്നാണ് മുസ്ലീം ലീഗ് സംസ്ഥാന കമ്മറ്റിയുടെ വിലയിരുത്തല്‍.
പിണറായി -വെള്ളാപ്പള്ളി കൂട്ടുകെട്ട്
ന്യൂനപക്ഷ പ്രീണനമെന്ന ആരോപണം മറികടക്കുന്നതിനും ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയിലേക്കൊഴുകിയ വോട്ടുകള്‍ തിരിച്ചുകൊണ്ടുവരിക എന്ന ലക്ഷ്യവും മുന്‍നിര്‍ത്തിയാണ് വെള്ളാപ്പള്ളി നടേശനെ സിപിഎം കൂട്ടുപിടിച്ചത്. ആവര്‍ത്തിച്ച് വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തി വരുന്നതിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വെള്ളാപ്പള്ളി നടേശനൊപ്പം കാറില്‍ ഒരുമിച്ച് യാത്ര ചെയ്തത്. സമീപകാലത്തായി എല്‍ഡിഎഫിലേക്ക് അടുത്തിരുന്ന മുസ്ലീം വോട്ടുകള്‍ അകലുന്നതിലേക്ക് ഇത്തരം സമീപനങ്ങള്‍ വഴിവെച്ചുവെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിജയം കണ്ട ജമാഅത്തെ ഇസ്ലാമി-ലീഗ് ബന്ധമെന്ന ആരോപണവും കാര്യമായി ഏശിയില്ല.
ഭൂരിപക്ഷ വോട്ടുകള്‍ തിരിച്ചെത്തിക്കാനുള്ള സിപിഎമ്മിന്റെ ഇത്തരം തന്ത്രങ്ങള്‍ ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിക്കുന്ന സ്ഥിതിയിലേക്ക് മാറി. കേരളത്തിലെ ന്യൂനപക്ഷം ഇടതുപക്ഷത്തെ അവിശ്വസിക്കുകയും ലീഗ് മത്സരിച്ചിടത്തെല്ലാം പരമാവധി വോട്ടുകള്‍ ലീഗിന്റെ അക്കൗണ്ടിലേക്ക് മാറുകയും ചെയ്ത കാഴ്ചയാണ് തിരഞ്ഞെടുപ്പില്‍ കണ്ടത്.
തെക്കന്‍ കേരളത്തില്‍ 80 ശതമാനം വിജയം
കോണി ചിഹ്നത്തില്‍ 2843 പേരുള്‍പ്പെടെ 3203 പേരെയാണ് ഈ തദ്ദേശ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിന് വിജയിപ്പിക്കാനായത്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള മുഴുവന്‍ ജില്ലകളിലും ലീഗിന് മെമ്പര്‍മാരുണ്ട് എന്നതും ഈ തിരഞ്ഞെടുപ്പിലെ നേട്ടമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒരംഗം പോലുമില്ലാത്ത പത്തനംതിട്ട ജില്ലയിലും ഏഴ് സ്ഥാനാര്‍ത്ഥികളെ ലീഗ് വിജയിപ്പിച്ചെടുത്തു.
2148-ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരും 300 ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരും 51 ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരും 34 കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരും 568 മുനിസിപ്പല്‍ കൗണ്‍സിലര്‍മാരുമാണ് ഈ തിരഞ്ഞെടുപ്പില്‍ ലീഗില്‍ നിന്നും ജയിച്ചത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 865 പുതിയ മെമ്പര്‍മാരേ പാര്‍ട്ടിക്ക് നേടാനായി. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ ആകെ 955 അംഗങ്ങളുള്ള കാസര്‍കോഡ് ജില്ലയില്‍ 263 പേര്‍ ലീഗ് സീറ്റില്‍ വിജയിച്ചവരാണ്. 1624 അംഗങ്ങളുള്ള കണ്ണൂരില്‍ 262 പേരേയും വയനാട്ടില്‍ 178 പേരേയും കോഴിക്കോട്ട് 497 പേരേയും ലീഗിന് വിജയിപ്പിക്കാനായി. സ്വന്തം തട്ടകമായ മലപ്പുറത്താണ് മുസ്ലീം ലീഗ് ഏറ്റവും വലിയ നേട്ടമുണ്ടാക്കിയത്. സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ലാ പഞ്ചായത്തായ മലപ്പുറത്ത് ആകെയുള്ള 33 ഡിവിഷനുകളില്‍ 33ലും യുഡിഎഫ് വിജയിച്ചപ്പോള്‍ മുസ്ലിം ലീഗിന് കിട്ടിയത് 23 സീറ്റാണ്. ഇടതുപക്ഷത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് മലപ്പുറം ജില്ലാ പഞ്ചായത്തില്‍ ലീഗിന് ഒറ്റ ഡിവിഷന്‍ പോലും ഇല്ലാതാവുന്നത്. ആകെ 2001 അംഗങ്ങളുള്ള മലപ്പുറത്ത് 1456 സീറ്റുകളില്‍ വിജയിച്ചത് ലീഗ് സ്ഥാനാര്‍ത്ഥികളാണ്. പാലക്കാട്ട് 262 പേരാണ് ലീഗില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ തവണ തൃശ്ശൂര്‍ ജില്ലയില്‍ ആകെ ലീഗിന് ഉണ്ടായിരുന്നത് 42 മെമ്പര്‍മാരായിരുന്നെങ്കില്‍ ഇക്കുറിയത് 85ആയി ഉയര്‍ത്താന്‍ പാര്‍ട്ടിക്ക് കഴിഞ്ഞു. വടക്കന്‍ കേരളത്തില്‍ ആധിപത്യം ഉയര്‍ത്തിയ ലീഗിന് മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും ഗ്രാഫ് ഉയര്‍ത്താനും ഈ തിരഞ്ഞെടുപ്പിലൂടെ കഴിഞ്ഞു.
എറണാകുളത്ത് 88 സീറ്റുകളിലും ഇടുക്കിയില്‍ 35 സീറ്റുകളിലും ആലപ്പുഴയില്‍ 18 സീറ്റിലും കോട്ടയത്ത് 20 സീറ്റിലും ലീഗ് സ്ഥാനാര്‍ത്ഥികള്‍ ജയിച്ചപ്പോള്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും ഇല്ലാതിരുന്ന പത്തനംതിട്ടയില്‍ രണ്ട് ഗ്രാമ പഞ്ചായത്ത് അംഗങ്ങളേയും ഒരു ബ്ലോക്ക് പഞ്ചായത്ത് അംഗത്തേയും നാല് മുനിസിപ്പല്‍ കൗണ്‍സിലര്‍മാരേയും ഉള്‍പ്പെട 7 അംഗങ്ങളെ വിജയിപ്പിച്ചെടുക്കാന്‍ ലീഗിനായി.
കൊല്ലം ജില്ലയില്‍ 19 അംഗങ്ങളും തിരുവനന്തപുരത്ത് 13 അംഗങ്ങളും ലീഗില്‍ നിന്നും ജയിച്ചവരാണ്. തിരുവനന്തപുരം കൊല്ലം കോര്‍പ്പറേഷനിലേക്കും രണ്ടംഗങ്ങളും കൊച്ചി കോര്‍പ്പറേഷനിലേക്ക് മൂന്ന് പേരും ലീഗില്‍ നിന്നും വിജയിച്ചപ്പോള്‍ കോഴിക്കോട് കോര്‍പ്പറേഷനിലെ അംഗ സംഖ്യ ഏഴില്‍ നിന്നായി 14 ആയി ഉയര്‍ത്താനും ലീഗിനായി.
Content Highlights: Muslim League emerges as a major gainer in Kerala`s local body elections
Published: 16 Dec 2025, 04:28 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented