എരമംഗലം (മലപ്പുറം): കാൽ നൂറ്റാണ്ടായി ഇടത് ഭരണം തുടരുന്ന മാറഞ്ചേരി ഗ്രാമപ്പഞ്ചായത്തിൽ എൽഡിഎഫ് സ്ഥാനാർഥിക്കെതിരെ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് വിമത സ്ഥാനാർഥി. കേരളാ റേഷൻ എംപ്ലോയീസ് യൂണിയൻ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കബീർ അമ്പാരത്താണ് മാറഞ്ചേരി പഞ്ചായത്ത് പത്താം വാർഡിൽ മത്സരിക്കുന്നത്. എൽഡിഎഫ് സ്ഥാനാർഥിയായ സിപിഐ നേതാവുകൂടിയായ നാസർമാഷിനെതിരെയാണ് വിമതനായി മത്സരിക്കുന്നത്.

To advertise here,

സ്വതന്ത്രനായി മത്സരിക്കുന്നതിന് കബീർ അമ്പാരത്ത് വ്യാഴാഴ്ച നാമനിർദേശ പത്രിക സമർപ്പിച്ചിട്ടുണ്ട്. നേരത്തേ സിപിഎം അംഗമായിരുന്നുവെങ്കിലും 2020 ൽ ജില്ലാ പഞ്ചായത്തിലേക്ക് എൽഡിഎഫ് സ്ഥാനാർഥിക്കെതിരേ വിമതനായി മത്സരിച്ചതിനാൽ പാർട്ടി അംഗത്വത്തിൽനിന്ന് ഒഴിവാക്കിയിരുന്നു. എസ്എഫ്ഐ മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റും സംസ്ഥാന കമ്മിറ്റി അംഗവുമായ ദിൽഷാദ് കബീറിന്റെ പിതാവാണ് എൽഡിഎഫ് സ്ഥാനാർഥിക്കെതിരെ വിമതനായി മത്സരിക്കാൻ പത്രിക നൽകിയ കബീർ അമ്പാരത്ത്.

പാർട്ടി അംഗമല്ലെങ്കിലും സിഐടിയു സംസ്ഥാന ഭാരവാഹിയായ ഒരാൾ എൽഡിഎഫ് കെട്ടുറപ്പിനെ തകർക്കുന്ന തരത്തിൽ പ്രവർത്തിക്കുന്നത് ഗുണകരമല്ലെന്നും വിഷയം പാർട്ടി നേതൃത്വത്തെ അറിയിക്കുമെന്നും സിപിഎം മാറഞ്ചേരി ലോക്കൽ സെക്രട്ടറി പി.സി. മൊയ്തീൻ പറഞ്ഞു.