കഴിഞ്ഞ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് കാലഘട്ടത്തില്‍ സംസ്ഥാനത്തുടനീളം ഉയര്‍ന്ന് കേട്ടതായിരുന്നു യുഡിഎഫ് -വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധം. ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയപാര്‍ട്ടിയുമായി യുഡിഎഫ് തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കുന്നുവെന്ന് ആരോപിച്ച് അന്ന് സിപിഎമ്മും എല്‍ഡിഎഫും അത് വലിയ വിവാദമാക്കുകയും ചെയ്തു. നേരത്തെ വെല്‍ഫെയര്‍ പാര്‍ട്ടി ഇടതുമായി സഖ്യമുണ്ടാക്കിയതിനെ കുറിച്ച് ജനങ്ങളോട് ബോധ്യപ്പെടുത്താന്‍ അന്ന് യുഡിഎഫിനും കഴിഞ്ഞില്ല. ഇതോടെ വെല്‍ഫെയര്‍ വിഷയം സംസ്ഥാനം ഒന്നാകെ യുഡിഎഫിനെതിരേയുള്ള ആയുധമായി എല്‍ഡിഎഫ് പ്രയോഗിക്കുകയും ചെയ്തു.

To advertise here,

തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ വെല്‍ഫെയര്‍ പാര്‍ട്ടിക്ക് കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചില്ലെന്ന് മാത്രമല്ല, ഇത് യുഡിഎഫിന്റെ വോട്ട് ചോര്‍ച്ചയ്ക്ക് കാരണമായെന്ന വിലയിരുത്തലുമുണ്ടായി. ഇതില്‍ നിന്നും പാഠമുള്‍ക്കൊണ്ട് ഇത്തവണ വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള നീക്കുപോക്കുണ്ടാക്കാന്‍ യുഡിഎഫ് തയ്യാറാവുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി എല്‍ഡിഎഫിന് പിന്തുണ കൊടുത്തിരുന്നു. എന്നാല്‍ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് വന്നതോടെയാണ് അവര്‍ യുഡിഎഫിന് പിന്തുണകൊടുക്കാന്‍ തീരുമാനിച്ചത്. പക്ഷെ ഇക്കാര്യം അംഗീകരിക്കാന്‍ ഇടതുപക്ഷം തയ്യാറായില്ല. യുഡിഎഫിന് അത് തുറന്നുകാട്ടാനും സാധിച്ചില്ല. വെല്‍ഫെയര്‍ ബന്ധം അണികളില്‍ ആശയക്കുഴപ്പത്തിന് കാരണമായതെന്നും വോട്ടുചോര്‍ച്ചയ്ക്ക് കാരണമായെന്നുമായിരുന്നു പിന്നീടുള്ള വിലയിരുത്തല്‍. കഴിഞ്ഞ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലും വെല്‍ഫെയര്‍ വിഷയം ഇടതുപക്ഷം വലിയ ചര്‍ച്ചയാക്കിയിരുന്നു. നിലമ്പൂരില്‍ വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിന് പിന്തുണകൊടുക്കുമെന്ന് അറിയിച്ചതോടെയായിരുന്നു വര്‍ഗീയ കക്ഷികളുമായി കൂട്ടുചേരുന്നു എന്ന് ആരോപിച്ച് സിപിഎം രംഗത്ത് വന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഇത്തവണത്തെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഇത്തരം ആരോപണങ്ങളെ മാറ്റി നിര്‍ത്തണമെന്ന ചര്‍ച്ച മുന്നണിക്കുള്ളില്‍ കാര്യമായി ഉയരുന്നുണ്ട്. പക്ഷെ പ്രാദേശിക നീക്കുപോക്കിനുള്ള സാധ്യത തള്ളിക്കളയേണ്ടെന്നാണ് ചില നേതാക്കള്‍ നല്‍കുന്ന സൂചന. കഴിഞ്ഞ തവണ സംസ്ഥാനത്താകെ 22 സീറ്റായിരുന്നു വെല്‍ഫെയര്‍ പാര്‍ട്ടിക്ക് ലഭിച്ചത്. കോഴിക്കോട് ജില്ലയില്‍ മാത്രം 11 സീറ്റും അവര്‍ക്ക് ലഭിച്ചിരുന്നു.

കോഴിക്കോട് ജില്ലാ പഞ്ചായത്തില്‍ യുഡിഎഫിന്റെ സീറ്റ് വിഭജനം പൂര്‍ത്തിയായപ്പോള്‍ ഇത്തവണ വെല്‍ഫയര്‍ പാര്‍ട്ടിക്ക് സീറ്റ് നല്‍കിയിട്ടില്ല. കഴിഞ്ഞ തവണ ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്ക് നടന്ന മത്സരത്തില്‍ യുഡിഎഫ് പിന്തുണയോടെ പനയുള്ള കണ്ടി സാജിദ കുറ്റ്യാടി ഡിവിഷനില്‍ നിന്നും വെല്‍ഫെയര്‍ സ്ഥാനാര്‍ഥിയായിരുന്നു. ഇത്തവണ സീറ്റ് വിട്ടുകൊടുക്കേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്.

ജില്ലാ പഞ്ചായത്തില്‍ ആകെയുള്ള 28 സീറ്റുകളില്‍ 14 സീറ്റുകളില്‍ കോണ്‍ഗ്രസും മുസ്ലീം ലീഗ് 11 സീറ്റിലുമാണ് മത്സരിക്കുന്നത്. സിഎംപിയും ആര്‍എസ്പിയും കേരള കോണ്‍ഗ്രസും ഓരോ സീറ്റുകളിലും മത്സരിക്കും. കഴിഞ്ഞ തവണ 27 സീറ്റ് ഉണ്ടായിരുന്നതില്‍ ഒന്ന് കൂടി ഈ വര്‍ഷം 28 സീറ്റാണ് ഉണ്ടാവുക. ആ സീറ്റ് ലീഗിന് നല്‍കാനാണ് തീരുമാനം.

വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള യുഡിഎഫ് ബന്ധം കഴിഞ്ഞതവണ മൂര്‍ച്ചയുള്ള ആയുധമായി എല്‍ഡിഎഫ് കണ്ടിരുന്നു. വെല്‍ഫെയറുമായി ഉണ്ടാക്കിയ നീക്കുപോക്കുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനകത്തും അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. അന്നത്തെ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നീക്കുപോക്കിനെ എതിര്‍ത്തപ്പോള്‍ യുഡിഎഫ് കണ്‍വീനറായ എം എം ഹസനും കെ.മുരളീധരന്‍ എംപിയും അനുകൂലിക്കുന്ന സാഹചര്യവുമുണ്ടായി ഇതെല്ലാം വലിയ രീതിയില്‍ എതിര്‍പക്ഷം ചര്‍ച്ചയാക്കുകയും ചെയ്തു. ഫലം വന്നതോടെ കോഴിക്കോട് ജില്ലയില്‍ കൊടുവള്ളിയിലും മുക്കത്തും കുറച്ച് സീറ്റ് ലഭിച്ചുവെന്നല്ലാതെ കാര്യമായ നേട്ടമുണ്ടാക്കാനായില്ല. അത് മറ്റിടങ്ങളില്‍ തിരിച്ചടിയാകുകയും ചെയ്തുവെന്നായിരുന്നു വിലയിരുത്തലുകള്‍. യുഡിഎഫിനെ പതിവായി പിന്തുണച്ചിരുന്നവര്‍ ഈ ബന്ധത്തെ സംശയത്തോടെ കണ്ടത് അത് വോട്ട് ചോര്‍ച്ചയ്ക്ക് കാരണമായെന്ന വിലയിരുത്തലുമുണ്ടായിരുന്നു.

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ യുഡിഎഫിന് വോട്ട് ചെയ്യാമെന്നറിയിച്ചിണ്ടെന്നും പ്രാദേശിക നീക്കുപോക്കുകളൊക്കെ ഉണ്ടാവുമെന്നും വിഷയത്തില്‍ മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പ്രതികരിച്ചു. വോട്ട് ചെയ്യാമെന്ന് പറയുമ്പോള്‍ എന്തിന് വേണ്ടെന്ന് വെക്കണമെന്നും സലാം ചോദിച്ചു. സിപിഎമ്മിന് പിന്തുണ നല്‍കുമ്പോള്‍ വെല്‍ഫെയര്‍ വര്‍ഗീയ കക്ഷിയല്ലാതാവുകയും യുഡിഎഫിന് പിന്തുണ നല്‍കുമ്പോള്‍ വര്‍ഗീയ കക്ഷിയാവുകയും ചെയ്യുന്നത് എങ്ങനെയെന്നും അദ്ദേഹം ചോദിച്ചു.

ഫാസിസ്റ്റ് ഭരണകൂടത്തെ എതിര്‍ക്കാന്‍ ഇന്ത്യാ മുന്നണിയ്‌ക്കൊപ്പമാണ് വെല്‍ഫെയര്‍ പാര്‍ട്ടി നിലകൊള്ളുന്നത്. കഴിഞ്ഞ ലോക്‌സഭാ നിയമസഭാ തിരഞ്ഞെടുപ്പുകളിലും രാജ്യത്താകമാനം വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിനെ സഹായിച്ചിട്ടുണ്ട്. അത്തരത്തില്‍ നീക്കുപോക്കുകളും ധാരണകളും കഴിഞ്ഞകാലത്തേതുപോലെ തന്നെ ഇത്തവണയും പ്രാദേശിക തലത്തില്‍ ഉണ്ടാകുമെന്നും പിഎംഎ സലാം പറഞ്ഞു.

കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ആകെ 8190 വാര്‍ഡായിരുന്നു യുഡിഎഫിന് ലഭിച്ചത്. എല്‍ഡിഎഫിന് 10114 വാര്‍ഡും എന്‍ഡിഎ 1600 വാര്‍ഡും നേടി. 2015-നെ അപേക്ഷിച്ച് 226 വോട്ട് എല്‍ഡിഎഫിനും 825 വാര്‍ഡ് യുഡിഎഫിനും കുറഞ്ഞപ്പോള്‍ എന്‍ഡിഎയ്ക്ക് 356 വാര്‍ഡ് വര്‍ധിപ്പിക്കാനായി. എന്നാല്‍ സിപിഎമ്മിന് മാത്രം 208 വാര്‍ഡ് കൂടിയപ്പോള്‍ കോണ്‍ഗ്രസിന് 233 വാര്‍ഡ് കുറഞ്ഞു.