
ചങ്ങരോത്ത് പഞ്ചായത്തില്‍ നടന്ന ശുദ്ധീകരണത്തിന്റെ വീഡിയോ ദൃശ്യം
പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്ത് ഓഫീസില്‍ പ്രതീകാത്മകമായി ശുദ്ധീകരണം നടത്തി മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ ജാതീയമായി അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി പേരാമ്പ്ര ഡിവൈഎസ്പിക്ക് പരാതി നല്‍കി. കഴിഞ്ഞതവണ പ്രസിഡന്റ് സ്ഥാനം പട്ടികജാതിവിഭാഗത്തിന് സംവരണം ചെയ്ത പഞ്ചായത്തായിരുന്നു ചങ്ങരോത്ത്. അവിടെയാണ് സിപിഎം ഏരിയാകമ്മിറ്റി അംഗമായ ഉണ്ണി പ്രസിഡന്റായിരുന്നത്. തിരഞ്ഞെടുപ്പ് റിസല്‍ട്ട് വന്ന ദിവസം വിജയാഹ്ലാദത്തിനിടെ ഏതാനും മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ പാര്‍ട്ടിപതാകയുമായി എത്തി ബക്കറ്റില്‍ കൊണ്ടുവന്ന വെള്ളം തളിച്ച് ചൂലുകൊണ്ടടിച്ച് പ്രതീകാത്മകമായി ശുദ്ധീകരണം നടത്തുകയാണുണ്ടായത്. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു.
എല്‍ഡിഎഫാണ് കഴിഞ്ഞതവണ പഞ്ചായത്ത് ഭരിച്ചിരുന്നത്. ഇത്തവണ യുഡിഎഫ് 20-ല്‍ 19 സീറ്റുമായി അധികാരം തിരിച്ചുപിടിച്ചു. ഇതിന്റെ വിജയാഹ്ലാദത്തിലാണ് ശുദ്ധീകരണം നടന്നത്. ജാതീയമായ അധിക്ഷേപമാണ് നടന്നതെന്ന് ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് രംഗത്തെത്തിയതിന് പിന്നാലെ ചൊവ്വാഴ്ച രാവിലെ ഡിവൈഎഫ്ഐയും പട്ടികജാതിക്ഷേമസമിതിയും സംഭവത്തില്‍ നിയമനടപടി ആവശ്യപ്പെട്ട് പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
പ്രതിഷേധിക്കുന്നു -പികെഎസ്
കോഴിക്കോട്: പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്ത് ഭരണംനേടിയ യുഡിഎഫിന്റെ വിജയാഘോഷത്തില്‍ ലീഗുകാരുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസില്‍ ചാണകവെള്ളംതളിച്ച് ശുദ്ധികലശംനടത്തിയ നടപടിയില്‍ പ്രതിഷേധിക്കുന്നതായി പിന്നാക്കക്ഷേമസമിതി (പികെഎസ്) ജില്ലാകമ്മിറ്റി. ഇത് പരിഷ്‌കൃതസമൂഹത്തിന് ചേരാത്തതും ഒരുതരത്തിലും നീതീകരിക്കാന്‍കഴിയുന്നതുമല്ല. കഴിഞ്ഞ അഞ്ചുവര്‍ഷം ദളിതനായിരുന്ന വ്യക്തി പ്രസിഡന്റായതിനാലാണ് ഇത്തരത്തില്‍ ശുദ്ധികലശംനടത്തിയതെന്ന് കുറ്റപ്പെടുത്തി. യുഡിഎഫിന്റെ ദളിത്വിരുദ്ധനിലപാടില്‍ ജില്ലാകമ്മിറ്റിയുടെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതോടൊപ്പം ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംകൊടുത്തിട്ടുള്ള മുഴുവന്‍ പ്രതികള്‍ക്കുനേരേയും ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
Content Highlights: Muslim League workers` symbolic `purification` at Changaroth Panchayat Office escalates into a caste discrimination complaint by the Panchayat President. Learn more about the controversy.
Published: 17 Dec 2025, 10:56 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented