
പേരാമ്പ്ര: ചങ്ങരോത്ത് ഗ്രാമപ്പഞ്ചായത്ത് ഓഫീസിനുമുന്നിൽ തിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ മുസ്‌ലിംലീഗ് പ്രവർത്തകർ പ്രതീകാത്മകമായി ‘ശുദ്ധീകരണം’ നടത്തിയത് വിവാദമാകുന്നു. മുസ്‌ലിംലീഗിന്റെ കൊടിയുമായി പ്രവർത്തകർ ബക്കറ്റിലെ വെള്ളംതളിച്ച് ചൂലുകൊണ്ടടിക്കുന്ന വീഡിയോയാണ് സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ജാതീയമായ അധിക്ഷേപമാണിതെന്നാണ് എൽഡിഎഫ് ആരോപണം.
കഴിഞ്ഞതവണ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം എസ്‌സി സംവരണമായിരുന്നു. എൽഡിഎഫ് ഭരിച്ചിരുന്ന പഞ്ചായത്തിൽ സിപിഎം ഏരിയാകമ്മിറ്റി അംഗമായ ഉണ്ണി വേങ്ങേരിയായിരുന്നു പ്രസിഡന്റ്. യുഡിഎഫ് പ്രവർത്തകർ ചാണകവെള്ളം തളിച്ച്, ജാതി അധിക്ഷേപകരമായ ശുദ്ധീകരണമാണ് നടത്തിയതെന്നും ഇതിൽ പ്രതിഷേധമുയരണമെന്നും എൽഡിഎഫ് കൺവീനർ ഒ.ടി. രാജൻ പറഞ്ഞു. അതേസമയം, ജാതി അധിക്ഷേപം നടന്നിട്ടില്ലെന്നും പഞ്ചായത്തിലെ അഴിമതിഭരണം തുടച്ചുനീക്കിയതിന്റെ പ്രതീകാത്മകമായ ചിത്രീകരണമാണ് നടത്തിയതെന്നും മുസ്‌ലിംലീഗ് ചങ്ങരോത്ത് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ആനേരി നസീർ വ്യക്തമാക്കി.ഇത്തവണ 20-ൽ 19 സീറ്റ് നേടിയാണ് ഭരണം യുഡിഎഫ് പിടിച്ചെടുത്തത്. തിരഞ്ഞെടുപ്പുഫലം അറിഞ്ഞതിനുപിന്നാലെ നടന്ന വിജയാഹ്ലാദത്തിനിടെയായിരുന്നു ഓഫീസിനുമുന്നിലെ പ്രതീകാത്മക ശുദ്ധീകരണം.
Content Highlights: Muslim League activists perform a symbolic `purification` outside Changaroth Grama Panchayat, leading to accusations of casteist remarks. UDF defends it as cleansing corruption.
Published: 16 Dec 2025, 11:09 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented