മുക്കം (കോഴിക്കോട്): കഴിഞ്ഞ തവണ ഭരണം ത്രിശങ്കുവിലായ മുക്കം നഗരസഭയില്‍ ലീഗ് വിമതന്റെ പിന്തുണയോടെ അഞ്ചുവര്‍ഷത്തോളം ഭരണം നടത്തിയ എല്‍ഡിഎഫിന് ഇത്തവണ പേടിയില്ലാതെ ഭരണം നടത്താം. ആകെയുള്ള 34 ഡിവിഷനുകളില്‍ ഒടുവില്‍ ഫലം വരുമ്പോള്‍ എല്‍ഡിഎഫ് 18 സീറ്റിലും യുഡിഎഫ് 7 സീറ്റിലും വിജയിച്ചിട്ടുണ്ട്. ആറ് സീറ്റില്‍ സ്വന്തമായി മത്സരിച്ച വെല്‍ഫെയര്‍ പാര്‍ട്ടി നാല് സീറ്റിലും എന്‍ഡിഎ ഒരു സീറ്റിലും വിജയിച്ചുകയറി. മൂന്ന് സീറ്റിന്റെ ഫലം വരാനുണ്ട്. 18 സീറ്റാണ് ഭരിക്കാന്‍ വേണ്ടത്.

To advertise here,

കഴിഞ്ഞ തവണ 33 ഡിവിഷനുകളില്‍ 15 സീറ്റില്‍ എല്‍ഡിഎഫും 15 സീറ്റില്‍ യുഡിഎഫും രണ്ട് സീറ്റില്‍ എന്‍ഡിഎയും ഒരു സീറ്റില്‍ ലീഗ് സ്വതന്ത്രനുമായിരുന്നു വിജയിച്ചുകയറിയത്. ഇതോടെയാണ് ഭരണം നടത്താന്‍ എല്‍ഡിഎഫ് ലീഗ് വിമതന്റെ പിന്തുണ തേടിയത്. തുടര്‍ന്ന് ഇരട്ടകുളങ്ങര വാര്‍ഡില്‍ നിന്നും വിജയിച്ച അബ്ദുള്‍ മജീദിന്റെ പിന്തുണയില്‍ അഞ്ചുവര്‍ഷത്തോളം എല്‍ഡിഎഫ് നഗരസഭ ഭരിക്കുകയായിരുന്നു. ഇത്തവണയും അബ്ദുള്‍ മജീദ് ഇരട്ടകുളങ്ങര വാര്‍ഡില്‍ നിന്നും മത്സരിച്ചിരുന്നുവെങ്കിലും വിജയിക്കാനായില്ല. അബ്ദുള്‍ മജീദിന് 390 വോട്ട് മാത്രമാണ് ലഭിച്ചത്. ഇവിടെ ലീഗ് സ്ഥാനാര്‍ഥിയായ അബ്​ദുൾ ശരീഫ് ആണ് വിജയിച്ചത്. ഇദ്ദേഹത്തിന് 491 വോട്ട് കിട്ടി.

നൂല്‍പ്പാലത്തിലെന്നപോലെയായിരുന്നു മുക്കം നഗരസഭയില്‍ കഴിഞ്ഞ അഞ്ചുവര്‍ഷം വര്‍ഷം എല്‍ഡിഎഫ് ഭരണം പൂര്‍ത്തിയാക്കിയത്. സ്വന്തമായി ഭൂരിപക്ഷം ലഭിക്കാതെ വന്നതോടെ, ലീഗ് സീറ്റ് നിഷേധിച്ചതില്‍ വിമതനായി മത്സരിച്ച് ജയിച്ച മുഹമ്മദ് അബ്ദുള്‍ മജീദിന്റെ പിന്തുണ അന്ന് എല്‍ഡിഎഫ് തേടുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ഭരണസമിതിയുടെ അവസാന നാളില്‍ എല്‍ഡിഎഫിനുള്ള പിന്തുണ പിന്‍വലിച്ച് മുഹമ്മദ് അബ്ദുള്‍ മജീദ് യുഡിഎഫിനൊപ്പം ചേര്‍ന്ന് ഭരണസമിതിക്കെതിരേ അവിശ്വാസം കൊണ്ടുവന്നിരുന്നു. പക്ഷേ, ക്വാറം തികയാത്തതിനാല്‍ പരാജയപ്പെട്ടു.

ഇരട്ടകുളങ്ങര വാര്‍ഡില്‍ നിന്നും 16 വോട്ടിനാണ് ലീഗ് സ്ഥാനാര്‍ഥിയായിരുന്ന ഷെരീഫ് വെണ്ണക്കോടിനെ മുഹമ്മദ് അബ്ദുള്‍ മജീദ് അന്ന് പരാജയപ്പെടുത്തിയത്. ഷെരീഫ് വെണ്ണക്കോടിന് 312 വോട്ടും അബ്ദുള്‍ മജീദിന് 328 വോട്ടും ലഭിച്ചു.