കോഴിക്കോട്: രണ്ട് ലോക്‌സഭാ മണ്ഡലങ്ങൾ വർഷങ്ങളായി യുഡിഎഫിന്റെ കൈയിലാണെങ്കിലും 13 നിയമസഭാ മണ്ഡലങ്ങളിൽ 11 ഇടങ്ങളിലും എൽഡിഎഫ് ആണ്. ജില്ലാ പഞ്ചായത്തിലും ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്തുകളിലുമെല്ലാം എൽഡിഎഫിന്റെ ആധിപത്യംതന്നെ. എൻഡിഎ കോഴിക്കോട് കോർപ്പറേഷനിൽ ഒഴികെ ജില്ലയിൽ കരുത്തുതെളിയിച്ചിട്ടുമില്ല.

To advertise here,

തദ്ദേശത്തിൽ എങ്ങനെ

ജില്ലാപഞ്ചായത്ത് നിലവിൽവന്ന കാലംമുതൽ എൽഡിഎഫാണ് ഭരിക്കുന്നത്. 27 ഡിവിഷനുകളിൽ പതിനെട്ടും ഇടത്തോട്ടുതന്നെ. 70 ഗ്രാമപ്പഞ്ചായത്തുകളിൽ 43 ഇടത്തും എൽഡിഎഫ് ഭരണമാണ്. 12 ബ്ലോക്ക് പഞ്ചായത്തുകളിൽ 10 എണ്ണത്തിലും എൽഡിഎഫ് ഭരണംതന്നെ. കോഴിക്കോട് കോർപ്പറേഷനിലും 45 വർഷത്തിലേറെയായി എൽഡിഎഫ് മാറ്റമില്ലാതെ തുടരുന്നു. മുനിസിപ്പാലിറ്റികളിലാണ് യുഡിഎഫ് മുന്നിൽനിൽക്കുന്നത്. ഏഴ് മുനിസിപ്പാലിറ്റികളിൽ നാലിടത്ത് യുഡിഎഫും മൂന്നിടത്ത് എൽഡിഎഫുമാണ്. എൻഡിഎയ്ക്ക്‌ ജില്ലയിൽ ആകെ നാൽപ്പതിൽ താഴെ വാർഡുകൾ മാത്രമേയുള്ളൂ.

പോരാട്ടച്ചൂട്

തിരഞ്ഞെടുപ്പു വിജ്ഞാപനം വരുന്നതിനു മുൻപുതന്നെ യുഡിഎഫ് ഗ്രാമപ്പഞ്ചായത്തുകളിൽ മിക്കയിടത്തും സ്ഥാനാർഥിപ്രഖ്യാപനം നടത്തി പ്രചാരണം തുടങ്ങിയിരുന്നു. പക്ഷേ, വോട്ടർപട്ടികയിൽ പേരുണ്ടോ എന്ന് പരിശോധിക്കാതെ വി.എം. വിനുവിനെ കോഴിക്കോട്ട് മേയർസ്ഥാനാർഥിയായി പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിയശേഷം മാറ്റേണ്ടിവന്നത് വലിയ തിരിച്ചടിയായി. ഭരണവിരുദ്ധവികാരം വോട്ടാക്കിമാറ്റാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. എൻഡിഎ പ്രധാനമായും ലക്ഷ്യംവെക്കുന്നത് കോഴിക്കോട് കോർപ്പറേഷനാണ്. ഏഴു കൗൺസിലർമാർ മാത്രമേ നിലവിലുള്ളൂ. എങ്കിലും 2020-ലെ തിരഞ്ഞെടുപ്പിൽ 22 വാർഡുകളിൽ ബിജെപി രണ്ടാംസ്ഥാനത്തെത്തിയിരുന്നു.

വെൽഫെയർ പാർട്ടിയുമായി കഴിഞ്ഞതിരഞ്ഞെടുപ്പിൽ 33 സീറ്റുകളിൽ യുഡിഎഫ് ധാരണയുണ്ടായിരുന്നു. എന്നാൽ, ഇത്തവണ ഏഴുപഞ്ചായത്തുകളിലും കോഴിക്കോട് കോർപ്പറേഷനിൽ ഒരു വാർഡിലും മാത്രമായി അത് ഒതുങ്ങി. പക്ഷേ, പലയിടത്തും നീക്കുപോക്കുണ്ടെന്നും പറയപ്പെടുന്നുണ്ട്. വെൽഫെയർ പാർട്ടിയുമായുള്ള ധാരണ എത്രമാത്രം ഗുണംചെയ്യുമെന്നതാണ് ഉയരുന്ന ചോദ്യം.

ആർഎംപിയും എൽഡിഎഫിന്റെ സ്വാധീനകേന്ദ്രങ്ങളായ വടകരമേഖലയിൽ നിർണായകമാണ്. ഷാഫി പറമ്പിൽ എംപിയെ മുൻനിർത്തിയാണ് വടകരമേഖലയിൽ യുഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

ഒഴിയാതെ വിമതശല്യം

യുഡിഎഫിൽ ജില്ല, ഗ്രാമ പഞ്ചായത്തുകളിൽ വിമതഭീഷണി വലിയരീതിയിലുണ്ട്. ലീഗും കോൺഗ്രസും നേർക്കുനേർ മത്സരിക്കുന്ന വാർഡുകളും കോൺഗ്രസിന്റെ മണ്ഡലം നേതാക്കൾ ഉൾപ്പെടെ വിമതരായി മത്സരിക്കുന്ന സ്ഥലങ്ങളുമുണ്ട്. മുസ്‌ലിം ലീഗിൽ ഇത്തവണ പതിവില്ലാത്തവിധത്തിൽ തർക്കങ്ങളുണ്ടായി. അത് പൂർണമായി പരിഹരിക്കാനായില്ല. ഇടതുമുന്നണിയിലും പ്രശ്നങ്ങളുണ്ട്. തുറയൂർ പഞ്ചായത്തിൽ എട്ടു വാർഡുകളിൽ മുന്നണിയല്ലാതെ സിപിഐ തനിച്ചാണ് മത്സരിക്കുന്നത്.

പെൻഷൻ തുക വർധിപ്പിച്ചതും സംസ്ഥാനസർക്കാരിന്റെ ഭരണനേട്ടങ്ങളുമാണ് എൽഡിഎഫിന്റെ പ്രചാരണവിഷയം. മറ്റുരണ്ട് മുന്നണികളും വികസനപ്രശ്നങ്ങളും ശബരിമല സ്വർണക്കൊള്ളയുമാണ് പ്രചാരണവിഷയമാക്കുന്നത്

വിഭജനം ആർക്ക് ഗുണം

വാർഡ് വിഭജനത്തോടെ ജില്ലയിലെ ഗ്രാമപ്പഞ്ചായത്തുകളിൽ 117 വാർഡുകൾ കൂടിയിട്ടുണ്ട്. 1226-ൽനിന്ന് വാർഡുകളുടെ എണ്ണം 1343 ആയി ഉയർന്നു. വാർഡ് വിഭജനം പൊതുവേ ഇടതുപക്ഷത്തിന് അനുകൂലമാണെന്നാണ് വിലയിരുത്തൽ.

കക്ഷിനില

തദ്ദേശസ്ഥാപനം

ജില്ലാപഞ്ചായത്ത്

എൽഡിഎഫ് 18

യുഡിഎഫ്-9

എൻഡിഎ 00

 

കോർപ്പറേഷൻ

എൽഡിഎഫ്-50

യുഡിഎഫ്-18

എൻഡിഎ 7

നഗരസഭ

 

എൽഡിഎഫ്-03

യുഡിഎഫ്- 04

 

ബ്ലോക്ക് പഞ്ചായത്ത്

എൽഡിഎഫ്-10

യുഡിഎഫ്-2

എൻഡിഎ-00

 

ഗ്രാമപ്പഞ്ചായത്ത്

എൽഡിഎഫ് 43

യുഡിഎഫ് 27

(ജനകീയമുന്നണി ഉൾപ്പെടെ)