കുണ്ടറ: കൊറ്റങ്കര, ഇളമ്പള്ളൂർ, പേരയം പഞ്ചായത്തുകളിലെ നാല് വാർഡുകളിൽ സിപിഐയുടെയും സിപിഎമ്മിന്റെയും സ്ഥാനാർഥികൾ മത്സരരംഗത്ത്. നാളെ കൂടുതൽ വാർഡുകളിൽ ഇത്തരത്തിൽ സ്ഥാനാർഥികൾ വന്നേക്കുമെന്നാണ് സൂചന.

To advertise here,

കൊറ്റങ്കരയിൽ 14-ാം വാർഡിലും കോവിൽമുക്ക് വാർഡിലുമാണ് സിപിഐയും സിപിഎമ്മും സ്ഥാനാർഥികളെ നിർത്തിയിരിക്കുന്നത്. കൊറ്റങ്കര 14-ാം വാർഡിലെ സിപിഐ സ്ഥാനാർഥി രജിതയ്ക്കെതിരേ സിപിഎം ലതികയെയും കോവിൽമുക്ക് വാർഡിൽ സിപിഐയുടെ എം. വൈശാഖിനെതിരേ സിപിഎമ്മിലെ ശ്യാമുമാണ് മത്സരിക്കുന്നത്. ഇരുവരും സ്വതന്ത്ര സ്ഥാനാർഥികളാണെങ്കിലും ഇവർക്കായി ലോക്കൽ കമ്മിറ്റി അംഗങ്ങളാണ് പ്രചാരണത്തിനുള്ളത്.

ജില്ലാ നേതൃത്വത്തോട് ഇടഞ്ഞ് സിപിഐയിൽനിന്ന് രാജിവെച്ച് സിപിഎമ്മിൽ ചേർന്ന ജലജാ ഗോപനാണ് ഇളമ്പള്ളൂർ പഞ്ചായത്തിലെ കന്യാകുഴിയിൽ സ്ഥാനാർഥി. ഇവിടെ സിപിഐ പാർട്ടി അംഗം പങ്കജാക്ഷൻപിള്ളയും മത്സരിക്കുന്നു. പാർട്ടി വിട്ട് സിപിഎമ്മിൽ ചേർന്നതാണ് ജലജാ ഗോപനെതിരേ സിപിഐ സ്ഥാനാർഥിയെ നിർത്താനുണ്ടായ കാരണം.

പേരയം പഞ്ചായത്തിലെ ഏക പട്ടികസംവരണ വാർഡായ കോട്ടപ്പുറം ഏഴാം വാർഡിലും സിപിഐ, സിപിഎം സ്ഥാനാർഥികൾ പത്രിക നൽകിയിട്ടുണ്ട്. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം എസ്. ശ്യാമിനെതിരേയാണ് സിപിഎം സ്ഥാനാർഥിയായി എസ്. സുധീഷിനെ നിർത്തിയിരിക്കുന്നത്. പ്രസിഡന്റ് സ്ഥാനം സംവരണവിഭാഗത്തിനായതിനാൽ ഈ പോരാട്ടത്തിനു തീവ്രതയേറുന്നു.