കോട്ടയം: ഒരു സ്ഥാനാര്‍ഥിയോടും താത്പര്യമില്ലാത്ത വോട്ടര്‍മാര്‍ക്ക് വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള 'ഓപ്ഷ'നാണ് 'നോട്ട'. 'None of the above' എന്നതിന്റെ ചുരുക്കപ്പേരാണ് നോട്ട. ലോക്സഭ, നിയമസഭാ തിരഞ്ഞെടുപ്പില്‍ ബാലറ്റില്‍ സ്ഥാനാര്‍ഥികള്‍ക്കൊപ്പം നോട്ടയുമുണ്ട്. എന്നാല്‍, തദ്ദേശ തിരഞ്ഞെടുപ്പില്‍ 'നോട്ട' ബൂത്തിനുപുറത്താണ്.
ബാലറ്റില്‍ 'നോട്ട' എന്ന ഓപ്ഷന്‍ ഇല്ല. പകരം ഗ്രാമ, ബ്ലോക്ക്, ജില്ലാപഞ്ചായത്ത് സ്ഥാനാര്‍ഥികളില്‍ ആര്‍ക്കും വോട്ടുചെയ്യാന്‍ താത്പര്യമില്ലെങ്കില്‍ 'എന്‍ഡ്' ബട്ടണ്‍ അമര്‍ത്തി മടങ്ങാം. ജില്ലാ പഞ്ചായത്തിലേക്കുള്ള ബാലറ്റിന്റെ അവസാനമാണ് 'എന്‍ഡ് ബട്ടണ്‍' ഉള്ളത്. ഇഷ്ടമുള്ള ഒരു സ്ഥാനാര്‍ഥിക്കുമാത്രം വോട്ടുചെയ്തശേഷം 'എന്‍ഡ് ബട്ടണ്‍' അമര്‍ത്താനും അവസരമുണ്ട്. ഉദാഹരണത്തിന് ഗ്രാമപ്പഞ്ചായത്തിലേക്കുള്ള സ്ഥാനാര്‍ഥിക്കുമാത്രം വോട്ട് ചെയ്ത് ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ ഒഴിവാക്കി എന്‍ഡ് ബട്ടണ്‍ അമര്‍ത്തി മടങ്ങാം. വോട്ടര്‍ എന്‍ഡ്ബട്ടണ്‍ അമര്‍ത്തിയില്ലെങ്കില്‍ പോളിങ് ഉദ്യോഗസ്ഥന്‍ ബട്ടണ്‍ അമര്‍ത്തി യന്ത്രം സജ്ജീകരിക്കണം. എന്നാല്‍, മുനിസിപ്പാലിറ്റിയിലും കോര്‍പ്പറേഷനിലും ബാലറ്റില്‍ എന്‍ഡ് ബട്ടണില്ല.
പഞ്ചായത്തീരാജ്, മുനിസിപ്പാലിറ്റി നിയമപ്രകാരമാണ് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷന്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തുന്നത്. നോട്ട ഉള്‍പ്പെടുത്തണമെങ്കില്‍ നിയമങ്ങളും അവയുടെ ചട്ടങ്ങളും ഭേദഗതി ചെയ്യണം. വോട്ടിങ് യന്ത്രത്തില്‍ 'നോട്ട' ഉള്‍പ്പെടുത്താന്‍ 2013-ല്‍ സുപ്രീംകോടതിയാണ് ഉത്തരവിട്ടത്. ഇത് കേന്ദ്ര തിരഞ്ഞെടുപ്പുകമ്മിഷന്‍ അംഗീകരിച്ചു. 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലാണ് കേരളത്തില്‍ ആദ്യമായി നോട്ട വന്നത്. 2,10,563 പേരാണ് അന്ന് നോട്ടയ്ക്ക് വോട്ടുചെയ്തത്. ഇന്ത്യ, ഗ്രീസ്, അമേരിക്ക, യുക്രൈന്‍, സ്‌പെയിന്‍ തുടങ്ങി ചില രാജ്യങ്ങളില്‍ ഈ സംവിധാനം നിലവിലുണ്ട്.
Content Highlights: kerala local body electon no nota in voting machine can use end button
Published: 05 Dec 2025, 09:32 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented