'ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സീറ്റു കുറഞ്ഞാൽ സർക്കാർ രാജിവെക്കണമെന്നു പറയുന്നതിൽ എന്തു യുക്തിയാണുള്ളത്? അതിന്റെ പേരിലാരും രാജി ചോദിച്ചു പുറപ്പെടേണ്ട. 2019-ൽ വിജയിച്ച യു.ഡി.എഫ്. പിന്നീടുള്ള പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടു' ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ വാക്കുകളാണിത്.

To advertise here,

ലോക്‌സഭാ ജനവിധി സംസ്ഥാന സർക്കാരിനെതിരല്ലെന്നും ബി.ജെ.പി. ഈ രാജ്യത്തു സൃഷ്ടിച്ച ഭീകരാന്തരീക്ഷത്തിൽ മോദിസർക്കാർ മാറണമെന്ന് ജനങ്ങൾ ചിന്തിച്ചു. സ്വാഭാവികമായും കോൺഗ്രസ് ഭരണത്തിൽവരാനുള്ള സാധ്യതയിൽ അവർ വോട്ടുചെയ്തു. അവർക്ക് ഇടതുപക്ഷത്തോടൊരു വിരോധവുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞുവെക്കുകയുണ്ടായി. ദേശീയ രാഷ്ട്രീയമൊന്നും ചർച്ചയാകാതിരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ഒന്നര പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ തിരിച്ചടിയേറ്റ് നിൽക്കുമ്പോൾ എൽഡിഎഫും മുഖ്യമന്ത്രിയും ഇനി എന്ത് വാദമുയർത്തും.

കോട്ടകൾ പലതും തകർന്നടിഞ്ഞു. കൊല്ലം കോർപ്പറേഷനിൽ ചരിത്രത്തിലാദ്യമായി തോൽവി. തിരുവനന്തപുരം കോർപറേഷനും ആദ്യമായി നഷ്ടപ്പെട്ടു. എൽഡിഎഫിൽ നിന്ന് ബിജെപി ഭരണം പിടിച്ചപ്പോൾ യുഡിഎഫ് സീറ്റ് ഇരട്ടിയാക്കി. എൽഡിഎഫിന് നഷ്ടമായത് 25 സീറ്റാണ്‌. തൃശ്ശൂരിൽ ഭരണം നഷ്ടമായി. കോഴിക്കോട് കോർപ്പറേഷനിൽ മാത്രമാണ് മുന്നിലുള്ളത്. എന്നാൽ ഭരിക്കുന്നതിന് ആവശ്യമായ ഭൂരിപക്ഷത്തിന് ഒരു സീറ്റിന്റെ മാത്രം കുറവ്‌. മൂന്ന് പതിറ്റാണ്ടിന് ശേഷം പെരിന്തൽമണ്ണ നഗരസഭ കൈവിട്ടു. പഞ്ചായത്ത് ചരിത്രത്തിലാദ്യമായി ചെങ്ങന്നൂരിലെ ബുധനൂർ, കോഴിക്കോട് ജില്ലയിലെ തലക്കളത്തൂർ,നെന്മണ്ട, ബാലുശ്ശേരി തുടങ്ങിയ പഞ്ചായത്തുകളിലെ പരാജയം ഏറ്റുവാങ്ങി. മാവേലിക്കര നഗരസഭയിൽ മൂന്നാം സ്ഥാനത്തേക്ക് പോയി. മേയർ സ്ഥാനാർഥികളായി പരിഗണിച്ച നിരവധി പ്രമുഖരും ഇതോടൊപ്പം കടപുഴകി.

ആറുമാസത്തിനുള്ളിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് വാതിൽ തുറക്കുന്ന രാഷ്ട്രീയപ്പോരാട്ടത്തിലാണ് ഇത്തരമൊരു പരാജയം എൽഡിഎഫും സിപിഎമ്മും നേരിട്ടിരിക്കുന്നത്. മൂന്നാം തുടർഭരണം എന്ന സിപിഎം-ഇടത് മോഹത്തിനേറ്റ കനത്ത ആഘാതമായി മാറി തദ്ദേശ ഫലം. 2020-ലെ തദ്ദേശഫലം അതിന് ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വ്യക്തമായ ഫല സൂചന നൽകിയിട്ടുണ്ട്. മുൻകാലങ്ങളിലെ ജനവിധി പരിശോധിക്കുമ്പോൾ 2025-ലെ ഫലവും സംസ്ഥാനത്തിന്റെ മനസ്സിലെന്താണ് എന്നതിനുള്ള ദിശാസൂചിക തന്നെയാണ് നൽകുന്നത്. ആ മനസ്സ് മാറ്റാനുള്ള എന്ത് നീക്കങ്ങളാണ് വരാനിരിക്കുന്ന മാസങ്ങളിൽ നടത്തേണ്ടതെന്ന് ആലോചിച്ച് സിപിഎമ്മിനും ഇടതുപക്ഷത്തിനും തല പുകയ്‌ക്കേണ്ടി വരും.

തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ഒരു മാസം മുമ്പ് ക്ഷേമ പെൻഷൻ വർധിപ്പിച്ചതടക്കമുള്ള വമ്പൻ പ്രഖ്യാപനങ്ങൾ വോട്ടായി വന്നില്ല. ഒപ്പം അപ്രതീക്ഷിതമായി വീണുകിട്ടിയ രാഹുൽ മാങ്കൂട്ടത്തിൽ വിഷയവും ആളിക്കത്തിച്ചെങ്കിലും സർക്കാർ വിരുദ്ധ വികാരം തടഞ്ഞുനിർത്താനായില്ലെന്ന് വേണം കരുതാൻ. കഴിഞ്ഞ തവണ വിജയിച്ച വെൽഫെയർ-യുഡിഎഫ് ബാന്ധവമെന്ന ആരോപണം ഇത്തവണയും പ്രചാരാണയുധമാക്കിയെങ്കിലും വോട്ടർമാർ ഏറ്റെടുത്തില്ല. എന്നാൽ പ്രതിപക്ഷം ഉയർത്തിയ ശബരിമല സ്വർണക്കൊള്ളയും പിഎം ശ്രീ അടക്കമുള്ള വിഷയങ്ങളിലെ നിലപാട് മാറ്റങ്ങളും വോട്ടർമാരെ സ്വാധീനിക്കുകയും ചെയ്തു. ശബരിമല വികാരം തെക്കൻ കേരളത്തിൽ ആഞ്ഞടിച്ചപ്പോൾ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള നിലപാട് മാറ്റം വടക്കൻ കേരളത്തിലും എൽഡിഎഫിന് ക്ഷീണമുണ്ടാക്കി. ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസിനെ മുന്നണിയിലെത്തിച്ചിട്ടും മധ്യകേരളത്തിൽ നേട്ടമുണ്ടാക്കാനായില്ല. ജോസ് കെ.മാണിക്ക് സ്വന്തം വാർഡ് പോലും നിലനിർത്താനായില്ല.

തദ്ദേശ തിരഞ്ഞെടുപ്പിൽ എക്കാലത്തും ഉണ്ടായിരുന്ന മേൽക്കൈ സിപിഎമ്മിന്റെ സംഘടനാ സംവിധാനങ്ങളുടെ കരുത്ത്കൂടിയായിരുന്നു പ്രതിഫലിപ്പിച്ചിരുന്നത്. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ തിരിച്ചടിയിൽനിന്ന് പാഠം ഉൾക്കൊണ്ടുള്ള പ്രവർത്തനങ്ങളാണ് എൽഡിഎഫിന് തുടർന്ന് നടന്ന തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വൻ തിരിച്ചുവരവിന് വഴിയൊരുക്കിയത്. പിഴവില്ലാത്ത ആസൂത്രണവും തന്ത്രപരമായ പ്രചാരണരീതിയും ഒരുക്കുന്നതിൽ സിപിഎം സംഘടനാപരമായി വിജയിച്ചിരുന്നു. ഇത്തവണ എവിടെയാണ് വീഴ്ച പറ്റിയതെന്നതാകും വരുംദിനങ്ങളിലെ ചർച്ച. വാർഡ് വിഭജനം പോലും അനുകൂലമായി നടത്തിയിട്ടും ഇത്ര വലിയ പരാജയം സിപിഎമ്മിന് ഞെട്ടലുണ്ടാക്കുന്നതാണ്‌. ഭരണവിരുദ്ധ വികാരത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരണം നൽകേണ്ടതിനൊപ്പം പാർട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് എം.വി.ഗോവിന്ദന്റെ നിലനിൽപ്പും ചോദ്യചിഹ്നത്തിലാകും. ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായ ശേഷമുള്ള പ്രധാന തിരഞ്ഞെടുപ്പുകളിലെല്ലാം സിപിഎമ്മിന് തിരിച്ചടിയായിരുന്നു. ഒപ്പം രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് നടന്ന രാഷ്ട്രീയ ബലാബലങ്ങളിലെല്ലാം എൽഡിഎഫിന് ആശങ്കയാണ് സമ്മാനിച്ചിട്ടുള്ളത്. ഉപതിരഞ്ഞെടുപ്പുകളിൽ തൃക്കാക്കരയും പുതുപ്പള്ളിയും പാലക്കാട് നിലനിർത്തിയ യുഡിഎഫ് നിലമ്പൂരും തിരിച്ച് പിടിച്ച ശേഷമാണ് ഇപ്പോൾ തദ്ദേശത്തിലും വെന്നിക്കൊടി പാറിച്ചിരിക്കുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണം ന്യൂനപക്ഷ പ്രീണനമാണെന്ന ആരോപണങ്ങൾക്ക് തടയിടാനായി സ്വീകരിച്ച തന്ത്രങ്ങൾ പാളിയോ എന്ന് സിപിഎമ്മിന് പരിശോധിക്കേണ്ടി വരും. സ്ത്രീപ്രവേശനത്തിന്റെ മുറിവുണക്കാൻ ശബരിമലയിൽ ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ച് എൻഎസ്എസിന്റെ അടക്കം സ്വീകാര്യത നേടിയെങ്കിലും സ്വർണക്കൊള്ള വിവാദം സ്വപ്‌നങ്ങൾ തകിടം മറിച്ചു. പാർട്ടി ജില്ലാ കമ്മിറ്റി അംഗമടക്കം കേസിൽ ജയിലിലായിട്ടും നടപടി സ്വീകരിക്കാതിരുന്നത് എന്തുകൊണ്ടെന്ന ചോദ്യം വോട്ടർമാർക്കിടയിൽ ഉയർന്നു. സിപിഎം-ബിജെപി കൂട്ടുക്കെട്ടെന്ന യുഡിഎഫ് ആരോപണത്തിന് കരുത്ത് പകരുന്നതായിരുന്നു പിഎം ശ്രീ അടക്കമുള്ള വിഷയങ്ങളിലെ നിലപാട് മാറ്റം. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസ് പുറത്താക്കൽ നടപടി സ്വീകരിച്ചതോടെ മുകേഷ് അടക്കമുള്ളവരുടെ കാര്യത്തിൽ സിപിഎം എന്ത് നടപടി സ്വീകരിച്ചുവെന്ന ചോദ്യമുയർന്നു. ഇനിയും കൊടുത്ത് തീർക്കാനുള്ള ഡിഎ കുടിശ്ശികയിൽ ജീവനക്കാരുടെ എതിർപ്പ് എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു സർവീസ് വോട്ടുകളിലെയും മാറ്റം.

മുന്നണിക്കുള്ളിലും പാർട്ടിയിലും പ്രശ്‌നങ്ങൾ നേരിട്ട 2010ലൊഴിച്ച് തദ്ദേശം സമീപ കാലത്തെല്ലാം ഇടത്തോട്ട് ചാഞ്ഞിരുന്നു. മുന്നണിയിലും പാർട്ടിയിലും ഇത്തവണ അത്തരമൊരു സാഹചര്യമില്ലാതിരുന്നിട്ടും തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഒരു മിനി ബജറ്റെന്ന പോലെ പ്രഖ്യാപനങ്ങൾ നടത്തിയിട്ടും ഉണ്ടായ തിരിച്ചടി സിപിഎമ്മിനെ ഇരുത്തി ചിന്തിപ്പിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിന് സമാനമായി ബിജെപിയുടെ കടന്നുകയറ്റം തങ്ങളുടെ കോട്ടകളിലാണ് എന്നതും സിപിഎമ്മിന് പ്രതിസന്ധി സൃഷ്ടിക്കുന്നു.