2020-ലെ തിരഞ്ഞെടുപ്പില്‍ ഭാഗ്യം കടാക്ഷിച്ചാണ് വയനാട് ജില്ലാ പഞ്ചായത്തില്‍ യുഡിഎഫ് അധികാരം ഉറപ്പിച്ചതെങ്കില്‍ ഇത്തവണ യുഡിഎഫ് ഉരുക്കുകോട്ടയായി വയനാട് ജില്ലാ പഞ്ചായത്ത് മാറിയിരിക്കുകയാണ്.

കേരളത്തെ സംബന്ധിച്ച് നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ എന്നാണ് തദ്ദേശ തിരഞ്ഞെടുപ്പിനെ വിശേഷിപ്പിക്കുന്നത്. ഈ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയതാകട്ടെ പ്രതിപക്ഷമായ യുഡിഎഫും. ഗ്രാമപ്പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും കോര്‍പറേഷനിലുമെല്ലാം യുഡിഎഫിന് വ്യക്തമായ മേല്‍കൈ നേടാനായിട്ടുണ്ട്. ഭരണകക്ഷിയായ എല്‍ഡിഎഫിന് ആകെ ആശ്വസിക്കാന്‍ വക നല്‍കുന്നത് ജില്ലാ പഞ്ചായത്തുകളുടെ ഫലം മാത്രമാണ്. ആകെ 14 ജില്ലാ പഞ്ചായത്തുകളില്‍ ഏഴ്-ഏഴ് എന്ന നിലയിലാണ് ഫലം.
14 ജില്ലാ പഞ്ചായത്തുകളിലായി 346 ഡിവിഷനുകളാണ് ആകെയുള്ളത്. ഏഴ് വീതം ജില്ലാ പഞ്ചായത്തുകളാണ് ഇരു മുന്നണികള്‍ക്കും ഉള്ളതെങ്കില്‍ വിജയിച്ച ഡിവിഷനുകളുടെ കാര്യത്തില്‍ യുഡിഎഫ് ആണ് മുന്നില്‍ 196 ഡിവിഷനുകളിലാണ് യുഡിഎഫ് വിജയിച്ചത്. ഇടത് ആധിപത്യം 148 ഡിവിഷനുകളിലേക്ക് കുറഞ്ഞിട്ടുമുണ്ട്. എന്‍ഡിഎ, ആര്‍എംപി എന്നീ പാര്‍ട്ടികള്‍ ഓരോ സീറ്റ് വീതം പിടിച്ചെടുത്തത്. ജില്ലാ പഞ്ചായത്തുകളിലെ വിജയത്തില്‍ എല്‍ഡിഎഫും യുഡിഎഫും ബലാബലമാണെങ്കിലും മുന്‍വര്‍ഷത്തെ ഫലവുമായി തുലനം ചെയ്യുമ്പോള്‍ എല്‍ഡിഎഫിന് തിരിച്ചടി തന്നെയാണ്.
2020-ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ 11 ജില്ലാ പഞ്ചായത്താണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. ശേഷിക്കുന്ന മൂന്നിടങ്ങളില്‍ രണ്ടെണ്ണം യുഡിഎഫ് മത്സരിച്ച് ജയിക്കുകയും ഒരിടത്ത് ഭാഗ്യം കടാക്ഷിച്ചുള്ള വിജയവുമായിരുന്നു ഉണ്ടായത്. വയനാട് ജില്ലാ പഞ്ചായത്തില്‍ ഇരുമുന്നണികളും എട്ട് വീതം സീറ്റുകളില്‍ വിജയിച്ചതോടെ നറുക്കെടുപ്പിലേക്ക് പോകുകയും യുഡിഎഫിന് ഭരണം ലഭിക്കുകയുമായിരുന്നു. എന്നാല്‍, ഇവിടെ ഉള്‍പ്പെടെ ജില്ലാ പഞ്ചായത്തില്‍ വ്യക്തമായ മേല്‍കൈയാണ് യുഡിഎഫ് നേടിയിരിക്കുന്നത്.
തിരുവനന്തപുരം ജില്ലയിലെ 28 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ 15 ഇടത്ത് എല്‍ഡിഎഫും 13 ഡിവിഷനുകളില്‍ യുഡിഎഫുമാണ് വിജയിച്ചിരിക്കുന്നത്. സംസ്ഥാനത്തുടനീളം നേട്ടമുണ്ടാക്കിയ എന്‍ഡിഎയ്ക്ക് തലസ്ഥാനത്തെ ജില്ലാ പഞ്ചായത്ത് ഡിവിഷനുകള്‍ കൈവിട്ടെന്നതും ശ്രദ്ധേയമാണ്. കൊല്ലം ജില്ലാ പഞ്ചായത്തിലെ 27 ഡിവിഷനുകളില്‍ 17 എണ്ണം എല്‍ഡിഎഫും 10 എണ്ണത്തില്‍ യുഡിഎഫുമാണ് വിജയിച്ചത്. പത്തനംതിട്ടയിലെ 17 ഡിവിഷനുകളില്‍ 12 ഡിവിഷനുകള്‍ യുഡിഎഫ് പിടിച്ചെടുത്തു. അഞ്ച് ഡിവിഷനുകള്‍ മാത്രമാണ് എല്‍ഡിഎഫിനൊപ്പം നിന്നത്.
സിപിഎമ്മിന്റെ ശക്തി കേന്ദ്രമായ ആലപ്പുഴയില്‍ ഗ്രാമപഞ്ചായത്ത് മുതല്‍ മുനിസിപ്പാലിറ്റി വരെ എല്‍ഡിഎഫിന് കാലിടറിയെങ്കിലും ജില്ലാ പഞ്ചായത്തില്‍ മാത്രമാണ് കാലുറപ്പിച്ച് നില്‍ക്കാനായത്. ആകെയുള്ള 24 ഡിവിഷനുകളില്‍ 16 എണ്ണം എല്‍ഡിഎഫിനൊപ്പം എട്ടെണ്ണം യുഡിഎഫിനൊപ്പവുമാണ്. കോട്ടയം, ഇടുക്കി ജില്ലകളിലാണ് എല്‍ഡിഎഫിന് കനത്ത ആഘാതമുണ്ടായിരിക്കുന്നത്. കോട്ടയത്ത് ഏഴും ഇടുക്കിയില്‍ മൂന്നും ഡിവിഷനിലേക്ക് എല്‍ഡിഎഫ് കൂപ്പുകുത്തിയപ്പോള്‍ കോട്ടയത്ത് 16-ഉം, ഇടുക്കിയില്‍ 14-ഉം ഡിവിഷനുകളിലേക്കാണ് യുഡിഎഫ് കുതിച്ചുകയറിയത്.
28 ഡിവിഷനുകളുള്ള എറണാകുളം ജില്ലാ പഞ്ചായത്തില്‍ 25 എണ്ണമാണ് യുഡിഎഫ് ഇത്തവണ പിടിച്ചെടുത്തത്. എല്‍ഡിഎഫിനെ മൂന്ന് ഡിവിഷനുകളില്‍ തളച്ചിടാനും യുഡിഎഫിന് സാധിച്ചു. തൃശ്ശൂരില്‍ മേല്‍കൈ എല്‍ഡിഎഫിനാണെങ്കിലും നിലമെച്ചപ്പെടുത്തിയത് യുഡിഎഫ് ആണ്. 2020-ലെ അഞ്ച് ഡിവിഷനുകളില്‍ നിന്ന് ഒമ്പതായി ഉയര്‍ത്താന്‍ യുഡിഎഫിന് സാധിച്ചു. 21 ഡിവിഷനുകളിലാണ് എല്‍ഡിഎഫിന് ജയിക്കാനായത്. പാലക്കാട് ജില്ലാ പഞ്ചായത്ത് ഇടതോരം ചേര്‍ന്നാണ് മുന്നേറുന്നതെങ്കിലും നേട്ടം കൊയ്തത് യുഡിഎഫാണ്. എല്‍ഡിഎഫ് 19 ഡിവിഷനുകള്‍ പിടിച്ചപ്പോള്‍ യുഡിഎഫ് 12 എണ്ണമാണ് പിടിച്ചെടുത്തത്.
മലപ്പുറം ജില്ലാ പഞ്ചായത്തിലാണ് എല്‍ഡിഎഫ് തകര്‍ന്ന് തരിപ്പണമായത്. 2020-ലെ തിരഞ്ഞെടുപ്പില്‍ അഞ്ച് ഡിവിഷനിലേക്ക് വിജയിച്ച് കയറിയ എല്‍ഡിഎഫ് ഇത്തവണ സംപൂജ്യരായി. മലപ്പുറം ജില്ലാ പഞ്ചായത്തിലെ 33 ഡിവിഷനുകളിലും യുഡിഎഫ് ആധിപത്യമാണ് ഉറപ്പിച്ചിരിക്കുന്നത്. എല്‍ഡിഎഫിന് ഒരു ഡിവിഷന്‍ പോലും ലഭിക്കാത്ത സംസ്ഥാനത്തെ ഏക ജില്ലാ പഞ്ചായത്താണ് മലപ്പുറം. കോഴിക്കോട് ജില്ലാ പഞ്ചായത്തിലും യുഡിഎഫ് അട്ടിമറി വിജയമാണ് നേടിയിരിക്കുന്നത്. 14 സീറ്റുകള്‍ യുഡിഎഫ് പിടിച്ചെടുത്തപ്പോള്‍ എല്‍ഡിഎഫ് 13 സീറ്റുകളിലേക്ക് ചുരുങ്ങുകയായിരുന്നു. യുഡിഎഫിന്റെ സഖ്യകക്ഷിയായ ആര്‍എംപിക്കും കോഴിക്കോട് ജില്ലാ പഞ്ചായത്തില്‍ ഒരു ഡിവിഷനില്‍ വിജയം നേടാനായി.
2020-ലെ തിരഞ്ഞെടുപ്പില്‍ ഭാഗ്യം കടാക്ഷിച്ചാണ് വയനാട് ജില്ലാ പഞ്ചായത്തില്‍ യുഡിഎഫ് അധികാരം ഉറപ്പിച്ചതെങ്കില്‍ ഇത്തവണ യുഡിഎഫ് ഉരുക്കുകോട്ടയായി വയനാട് ജില്ലാ പഞ്ചായത്ത് മാറിയിരിക്കുകയാണ്. 15 സീറ്റുകള്‍ യുഡിഎഫ് പിടിച്ചെടുത്തപ്പോള്‍ എല്‍ഡിഎഫ് വെറും രണ്ട് സീറ്റുകളിലേക്ക് ഒതുങ്ങുകയായിരുന്നു. കഴിഞ്ഞ തവണ എട്ട് സീറ്റുകള്‍ വീതമായിരുന്നു രണ്ട് മുന്നണികള്‍ക്കും ലഭിച്ചത്. ഇടതിന്റെ ഉറച്ചമണ്ണായ കണ്ണൂരില്‍ 25-ല്‍ 18 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ എല്‍ഡിഎഫ് വിജയിച്ചപ്പോള്‍ ഏഴ് ഡിവിഷനുകളാണ് യുഡിഎഫിന് ലഭിച്ചത്.
കാസര്‍കോട് ജില്ലാ പഞ്ചായത്തില്‍ ഏകദേശം 2023-ലെ ഫലത്തിന് സമാനമാണ് 2025-ലേതും. 2020-ല്‍ എല്‍ഡിഎഫ് എട്ടും യുഡിഎഫ് ഏഴും എന്‍ഡിഎയ്ക്ക് രണ്ട് ഡിവിഷനുകളുമാണ് ലഭിച്ചത്. അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം 18 ഡിവിഷനുകളില്‍ ഒമ്പത് സീറ്റുകളില്‍ എല്‍ഡിഎഫ് ജയിച്ചപ്പോള്‍ എട്ട് സീറ്റുകളാണ് യുഡിഎഫിന് ലഭിച്ചത്. 2020-ല്‍ രണ്ട് ഡിവിഷനുകള്‍ എന്‍ഡിഎയ്ക്ക് ലഭിച്ചിരുന്നെങ്കില്‍ ഇത്തവണ അത് ഒന്നായി കുറയുകയും ചെയ്തു. ഗ്രാമപ്പഞ്ചായത്ത് മുതല്‍ കോര്‍പറേഷന്‍ വരെ കൈയിലുണ്ടായിരുന്ന സീറ്റുകള്‍ യുഡിഎഫ് തേരോട്ടത്തില്‍ അടിയറവ് വയ്‌ക്കേണ്ടി വന്നെങ്കിലും എല്‍ഡിഎഫിന് നേരിയൊരു ആശ്വാസം നല്‍കുന്നത് ജില്ലാ പഞ്ചായത്തില്‍ യുഡിഎഫിനൊപ്പം എത്താന്‍ സാധിച്ചതാണ്.
Content Highlights: Analyze Kerala`s local body election results. LDF secures a tie in district panchayats, offering relief despite other setbacks. UDF gains ground.
Published: 13 Dec 2025, 09:32 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented