പിലിക്കോട്: ജനകീയ മുഖത്തോടെയുള്ള മൂന്ന് സ്ഥാനാർഥികൾ. സിറ്റിങ് ഡിവിഷൻ നിലനിർത്താനുള്ള പോരിൽ ആർജെഡിയാണ് ഇടതുമുന്നണിക്കായി ഗോദയിൽ. ജില്ലാ പഞ്ചായത്ത് തിരിച്ചുപിടിക്കാനുള്ള മത്സരത്തിൽ കരുത്ത് പകരുമെന്ന് യുഡിഎഫ് പ്രതീക്ഷിക്കുന്നിടംകൂടിയാണ് പിലിക്കോട്. ബിഡിജെഎസിലൂടെ ജില്ലാ പഞ്ചായത്തിൽ എൻഡിഎയുടെ അംഗബലം വർധിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് എൻഡിഎ. സ്ഥാനാർഥികളുടെ പ്രായം നോക്കിയാൽ തലമുറകൾ തമ്മിലാണ് ഇവിടെ കച്ച മുറുക്കുന്നത്.

To advertise here,

നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിലെ പുത്തിലോട്ട്, കൊടക്കാട്, പിലിക്കോട്, തൃക്കരിപ്പൂർ ടൗൺ, തങ്കയം, ഒളവറ ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ ചേർന്നതാണ് പിലിക്കോട് ജില്ലാ ഡിവിഷൻ. തൃക്കരിപ്പൂർ (23 വാർഡ്), പിലിക്കോട് (18 വാർഡ്) ഗ്രാമപ്പഞ്ചായത്തുകൾ മുഴുവനായും വലിയ പറമ്പിലെ നാലാം വാർഡുമുൾപ്പെടെ ആകെ 42 പഞ്ചായത്ത് വാർഡുകളാണ് ഡിവിഷനിൽ ഉൾക്കൊള്ളുന്നത്. 56,000 വോട്ടർമാരാണ് ഇത്തവണ ഇവിടെ ജനവിധി രേഖപ്പെടുത്തുക. ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിൽ നിലവിൽ പിലിക്കോട്, പുത്തിലോട്ട്, കൊടക്കാട് എന്നിവ എൽഡിഎഫും തങ്കയം, ഒളവറ, തൃക്കരിപ്പൂർ ടൗൺ എന്നിവ യുഡിഎഫുമാണ് വിജയിച്ചത്. പിലിക്കോട് നിലവിലെ 16-ൽ 14 വാർഡുകൾ എൽഡിഎഫാണ് വിജയിച്ചത്. തൃക്കരിപ്പൂരിൽ ഏഴിടത്ത് എൽഡിഎഫും 14 ഇടത്ത് യുഡിഎഫും വലിയപറമ്പിലെ മാടക്കാൽ വാർഡ് യുഡിഎഫുമാണ് വിജയിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽഡിഎഫിലെ എം. മനു 2325 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തിരഞ്ഞെടുക്കപ്പെട്ടത്.

തുടർച്ചയുണ്ടാക്കാൻ മനു

റാന്തലുമായി ആർജെഡിയുടെ എം. മനു പിലിക്കോട് ഡിവിഷനിൽ ആദ്യമേ രംഗത്തിറങ്ങി. കഴിഞ്ഞ അഞ്ച് വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടർച്ചയുണ്ടാക്കാനുള്ള പോരാട്ടത്തിലാണദ്ദേഹം. സ്ഥിരംസമിതി അധ്യക്ഷനെന്നനിലയിലെ പ്രവർത്തനങ്ങളും നേട്ടമാകുമെന്നാണ് പ്രതീക്ഷ. ഇതിനകം ഡിവിഷൻ മുഴുവൻ എത്താനായി. കഴിഞ്ഞതവണത്തെ ഭൂരിപക്ഷം വർധിപ്പിക്കാനാകുമെന്ന ആത്മവിശ്വാസം മനു പങ്കുവെക്കുന്നു.

കരിമ്പിലിലൂടെ കൈപിടിക്കാൻ

തലമുതിർന്ന നേതാവിനെ രംഗത്തിറക്കി പിലിക്കോട് ഡിവിഷനിൽ കൈ ചേർത്തുപിടിക്കാനുള്ള തയ്യാറെടുപ്പിലാണ് യുഡിഎഫ്. കെപിസിസി അംഗമെന്നനിലയിലും നേരത്തെ ഒരുതവണ നിയമസഭയിലേക്ക് മത്സരിച്ചയാളെന്ന നിലയിലും കോൺഗ്രസ് സ്ഥാനാർഥി കരിമ്പിൽ കൃഷ്ണനെ പ്രത്യേകം പരിചയപ്പെടുത്തലിന്റെ ആവശ്യമേതുമില്ല. ഡീലിമിറ്റേഷൻ ഗുണംചെയ്യുമെന്നും അദ്ദേഹം പറയുന്നു.

ബിഡിജെഎസിന്റെ ബലത്തിൽ കുഞ്ഞിക്കൃഷ്ണൻ

എൻഡിഎയിൽ ഘടകക്ഷിയായ ബിഡിജെഎസാണ് ഡിവിഷനിൽ മത്സരിക്കുന്നത്. പാർട്ടിയുടെ ജില്ലാ ട്രഷററായ കെ. കുഞ്ഞികൃഷ്ണനാണ് സ്ഥാനാർഥി. ഡിവിഷനിൽ ബിജെപിക്കും സ്വാധീനമുണ്ട്. കൂടാതെ പ്രദേശത്തെ ക്ഷേത്രകാര്യങ്ങളിലൊക്കെയും മുൻപന്തിയിലുള്ളയാളുമാണ് സ്ഥാനാർഥി. ജില്ലാ പഞ്ചായത്തിലേക്ക് ഇത് രണ്ടാമങ്കത്തിനാണ് കുഞ്ഞിക്കൃഷ്ണനിറങ്ങുന്നത്.