കുമ്പള: ജില്ലാ പഞ്ചായത്ത് പുത്തിഗെ ഡിവിഷനിലേക്ക് റീകൗണ്ടിങ് ആരംഭിക്കുന്ന ഞായറാഴ്ച രാവിലെ മുതൽ ജിഎച്ച്എസ്എസ് കുമ്പളയിലെത്തിയ യുഡിഎഫ് പ്രവർത്തകർ ശാന്തരായിരുന്നു. അന്തിമ ഫലം മാറുമോ എന്ന ഉദ്വേഗത്തിൽ എൻഡിഎയുടെ നേതാക്കളുമുണ്ട്. കൃത്യം എട്ട് മണിക്ക് ഉദ്യോഗസ്ഥരെത്തി. ഡിവിഷനിലെ മുഴുവൻ ബൂത്തുകളിലെയും മുഴുവൻ വോട്ടുകളുമെണ്ണുമെന്ന് കരുതിയിടത്ത് സ്‌ട്രോങ് മുറിയിൽനിന്ന് പുറത്തെടുത്തത് 15 ബൂത്തുകളിലെ വോട്ടിങ് യന്ത്രങ്ങൾ മാത്രം. എന്താണ് സംഭവമെന്ന് പിടിത്തംകിട്ടാതെ വോട്ടെണ്ണലിനെത്തിയ പാർട്ടികളുടെ നേതാക്കളും.
ഒടുവിൽ റീകൗണ്ടിങ് ആവശ്യപ്പെട്ട സ്ഥാനാർഥിയും നേതാക്കളും ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ എല്ലാ യന്ത്രങ്ങളും പുറത്തെടുത്ത് എണ്ണാനാവില്ലെന്നും അപേക്ഷയിൽ ആവശ്യപ്പെട്ട യന്ത്രങ്ങളിൽ മാത്രം റീകൗണ്ടിങ് നടത്തിയാൽ മതിയാകുമെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാർഗനിർദേശം വരണാധികാരിയും തിരഞ്ഞെടുപ്പ് ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരും അറിയിക്കുകയായിരുന്നു. ശനിയാഴ്ച വൈകീട്ട് റീകൗണ്ടിങ് അപേക്ഷ നൽകുമ്പോൾ എൻമകജെ പഞ്ചായത്തിലെ നിശ്ചിത ബൂത്തുകളിലെ വോട്ടുകൾ രേഖപ്പെടുത്തിയതിലുള്ള പൊരുത്തക്കേടുകളാണ് ചൂണ്ടിക്കാട്ടിയിരുന്നത്. അതിനാൽ അത് മാത്രം പുറത്തെടുത്തു.
വേഗത്തിൽ റീകൗണ്ടിങ് പൂർത്തിയായി. ജില്ലാ പഞ്ചായത്ത് ഉപവരണാധികാരിയായ എഡിഎം പി. അഖിൽ വിജയിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 418 വോട്ടുകൾക്ക് ജെ.എസ്. സോമശേഖര വിജയിച്ചിരിക്കുന്നു. അങ്ങനെ റീകൗണ്ടിങിലും ജനവിധിയെ മാറ്റാനായില്ല. നിറഞ്ഞ പുഞ്ചിരിയോടെ നാട്ടുകാരുടെ സോമണ്ണ കൈവിശി പുറത്തേക്കിറങ്ങി വന്നു. സ്ഥലത്തുണ്ടായിരുന്ന എ.കെ.എം. അഷ്‌റഫ് എംഎൽഎയും നേതാക്കളും ഷാളണിയിച്ചു. പിന്നീട് കളക്ടറേറ്റിലെത്തി ജില്ലാ വരണാധികാരിയായ കളക്ടർ കെ. ഇമ്പശേഖറിൽനിന്ന് സർട്ടിഫിക്കറ്റ് കൈപ്പറ്റി പുത്തിഗെ ഡിവിഷനിലേക്ക് മടങ്ങി.
Content Highlights: Kumble Re-count: UDF's Calm Amidst Tense NDA Anticipation in Zilla Panchayat By-election
Published: 15 Dec 2025, 02:19 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented