
കടന്നപ്പള്ളി രാമചന്ദ്രൻ | ഫോട്ടോ - ലതീഷ് പൂവത്തൂർ / മാതൃഭൂമി
ബിരുദാനന്തര ബിരുദത്തിനുശേഷം ആരെങ്കിലും പത്തിൽ പഠിക്കാറുണ്ടോ? ഇത്രയും നീണ്ട പൊതുപ്രവർത്തനത്തിനിടെ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാതിരുന്നത് എന്തേയെന്ന ചോദ്യത്തിന് ഒരുപക്ഷേ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ മറുപടി ഇതായിരിക്കും. 26-ാമത്തെ വയസ്സിൽ പൊടിപാറിയ പോരാട്ടത്തിനൊടുവിൽ സാക്ഷാൽ ഇ.കെ.നായനാരെ തോൽപ്പിച്ച് ഇന്ദ്രപ്രസ്ഥത്തിലെത്തിയ കടന്നപ്പള്ളിക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ‘സാവകാശം’ കിട്ടിയില്ല. 1971 മുതൽ ലോക്‌സഭയിലേക്കും നിയമസഭയിലേക്കുമായി മത്സരിക്കുന്നതിന്റെ തിരക്കിലായിപ്പോയി അദ്ദേഹം.
കെഎസ്‌യു സംസ്ഥാന പ്രസിഡന്റായിരിക്കെ 1971-ൽ കടന്നപ്പള്ളി ആദ്യമെത്തിയത് ലോക്‌സഭയിൽ. തിരുവനന്തപുരം ലോ അക്കാദമിയിൽനിന്ന് നിയമം പഠിക്കുന്നതിനിടയിലായിരുന്നു മത്സരമെന്നതും ശ്രദ്ധേയമാണ്. കോളേജ് ചെയർമാൻ ആകേണ്ടിയിരുന്ന പ്രായത്തിൽ പാർലമെന്റംഗമായി അദ്ദേഹം. 1977-ലും കാസർകോട് കടന്നപ്പള്ളിയെ കൈവിട്ടില്ല. അടുത്തത് 1980-ൽ നിയമസഭയിലേക്ക് ഇരിക്കൂറിൽനിന്നുള്ള കന്നിയങ്കം. അതിലും വിജയം കടന്നപ്പള്ളിക്കൊപ്പമായിരുന്നു. 1996-ൽ കാസർകോട്ടുനിന്ന് ലോക്‌സഭയിലേക്ക് മൂന്നാം അങ്കത്തിനിറങ്ങിയെങ്കിലും തോറ്റു. 2001-ൽ വീണ്ടും പേരാവൂരിൽനിന്ന് നിയമസഭയിലേക്ക് പോരാടിയെങ്കിലും വിജയക്കൊടി പാറിക്കാനായില്ല. 2006-ൽ എടക്കാട് നിയമസഭയിലേക്ക് കടന്നപ്പള്ളിയെ അയച്ചു. 2011-ൽ കണ്ണൂർ അദ്ദേഹത്തെ കൈവിട്ടു. പക്ഷേ, ആ തോൽവി ഒരു കുതിപ്പിന് മുന്നോടിയായുള്ളതായിരുന്നെന്നാണ് കാലം തെളിയിച്ചിരിക്കുന്നത്. 2016-ലും 2021-ലും കണ്ണൂർ കടന്നപ്പള്ളിയെ നിയമസഭയിലേക്ക് അയച്ചു. 2010-നും 2014-നും ഇടയിൽ മൂന്നുതവണ അദ്ദേഹം സംസ്ഥാന മന്ത്രിയുമായി. 2009 ഓഗസ്റ്റ് 17-നാണ് വി.എസ്. മന്ത്രിസഭയുടെ പുനഃസംഘടനാവേളയിൽ കടന്നപ്പള്ളി ആദ്യം ദേവസ്വം, പ്രിന്റിങ് ആൻഡ് സ്റ്റേഷനറി വകുപ്പുകളുടെ മന്ത്രിയായത്. 2016-ൽ തുറമുഖം, പുരാവസ്തു, മ്യൂസിയം വകുപ്പ് മന്ത്രിയുമായി. 2024-ൽ രജിസ്‌ട്രേഷൻ, മ്യൂസിയം, പുരാവസ്തു മന്ത്രിയായി.
തിരഞ്ഞെടുപ്പുകൾ അത് ലോക്‌സഭയിലേക്കായാലും നിയമസഭയിലേക്കായാലും തദ്ദേശസ്ഥാപനങ്ങളിലേക്കായാലും തിരഞ്ഞെടുപ്പ് തന്നെയാണെന്നാണ് കടന്നപ്പള്ളിയുടെ പക്ഷം. ജനങ്ങളിൽ അലിയുമ്പോൾ അതിന്റെ ഒരാവേശം അതൊന്ന് വേറെത്തന്നെയാണെന്നും അദ്ദേഹം പറയുന്നു.
ഇന്ദിര നീട്ടിവിളിച്ചു, രാമചന്ദ്രാ...
1977-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ദിരാഗാന്ധി കണ്ണൂരിലാണ് ഹെലികോപ്ടറിൽ പറന്നിറങ്ങിയത്. പുത്രസമാന വാത്സല്യമുള്ള രാമചന്ദ്രൻ കടന്നപ്പള്ളി കാസർകോട്ടാണ് മത്സരിക്കുന്നതെന്നറിയാമായിരുന്നിട്ടും അവിടെ ഇന്ദിര എത്താത്തത് തിരിച്ചടിയാകുമോയെന്ന് ആശങ്കയുമുണ്ടായി. എന്നാൽ, കണ്ണൂരിലെ പരിപാടി കഴിഞ്ഞ് മടങ്ങാൻ ഹെലികോപ്ടറിലേക്ക് കാലെടുത്ത് വെക്കുംമുൻപേ തിരിഞ്ഞുനിന്ന് ആൾക്കൂട്ടത്തിനിടയിലേക്ക് നോക്കി അരികിലേക്ക് വരാൻ ആംഗ്യം കാണിച്ചുകൊണ്ട് ഇന്ദിര വിളിച്ചു- രാമചന്ദ്രാ...
ദൂരത്ത് ആൾക്കൂട്ടത്തിനിടയിൽനിന്ന് രാമചന്ദ്രൻ ഇന്ദിരയുടെ അടുത്തേക്ക് നീങ്ങിയത് ചുറ്റും കൂടിനിന്ന ആയിരങ്ങളുടെ കൈയടിത്താളത്തിലായിരുന്നു. കാസർകോട്ട് പ്രചാരണത്തിന് നേരിട്ടെത്തുന്നതിനെക്കാളധികം ഗുണം ആ വിളിക്കും അതിന് നാട് നൽകിയ കൈയടിക്കുമുണ്ടായിരുന്നെന്നാണ് കടന്നപ്പള്ളി പറയുന്നത്.
കുഞ്ഞിന് പേര് വിളിച്ചു, രാമചന്ദ്രാ...
1971-ൽ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ച് നിൽക്കുന്നതിനിടെയാണ് ആ സംഭവം ഉണ്ടായത്. കാസർകോട് ചെറുവത്തൂരിൽ പ്രചാരണത്തിനെത്താൻ വൈകിയ സ്ഥാനാർഥിയെ കാത്തുനിന്നവർക്കിടയിൽ ഒരു നവജാതശിശുവിന്റെ കരച്ചിലുമുണ്ടായിരുന്നു. പിന്നീട് തിരഞ്ഞെടുപ്പ് ജയിച്ചുള്ള സ്വീകരണത്തിന് പോയപ്പോൾ പ്രവർത്തകർ എംപിയെ ഒരുവീട്ടിലേക്ക് പ്രത്യേകം ക്ഷണിച്ചുകൊണ്ടുപോയി. അവിടെ ആരോഗ്യത്തോടെ കളിച്ചു ചിരിക്കുന്ന കുഞ്ഞിനെ കാണിച്ചുപറഞ്ഞു -ഇവൻ രാമചന്ദ്രൻ. തന്നോടുള്ള ഇഷ്ടം കാരണം കുഞ്ഞിന് തന്റെ പേരിട്ട കുടുംബത്തെ തേടിയുള്ള കടന്നപ്പള്ളിയുടെ അന്വേഷണം ഇന്നും തുടരുകയാണ്.
Content Highlights: ramachandran kadannappalli election history
Published: 29 Nov 2025, 05:18 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented