പേരാവൂർ: പേരാവൂർ ബ്ലോക്ക് പഞ്ചായത്തിലെ വനിതാ സംവരണ ഡിവിഷനിൽ പുരുഷസ്ഥാനാർഥി നൽകിയ പത്രിക തള്ളി. കോളയാട് ഡിവിഷനിൽ ബിജെപി സ്ഥാനാർഥി കെ. അനീഷ് നൽകിയ പത്രികയാണ് വരണാധികാരി എ.കെ. ജയശ്രീ തള്ളിയത്. ജനറൽ ഡിവിഷനായ ആലച്ചേരിയിലും അനീഷ് പത്രിക നല്കിയിരുന്നു. ഈ പത്രികയും തള്ളി.

To advertise here,

രണ്ട് പത്രികകളും തള്ളിയതോടെ ബ്ലോക്കിലെ രണ്ട് ഡിവിഷനുകളിൽ എൻഡിഎക്ക് സ്ഥാനാർഥികളില്ലാതെയായി. സൂക്ഷ്മപരിശോധനാവേളയിലാണ് അനീഷ് രണ്ട് ഡിവിഷനുകളിൽ പത്രിക നല്കിയത് കണ്ടെത്തിയത്. ഇത് അനുവദനീയമല്ലാത്തതിനാലാണ് പത്രിക തള്ളിയതെന്ന് വരണാധികാരി പറഞ്ഞു.

നാമനിർദേശപത്രികയിൽ പഞ്ചായത്തിന്റെ പേരും ബ്ലോക്ക് ഡിവിഷന്റെ പേരും ഒന്നായതാണ് തെറ്റുവരാൻ കാരണമെന്ന് ബിജെപി നേതൃത്വം പറഞ്ഞു. ആദ്യ ദിവസം നല്കിയ പത്രികയിൽ ഇത്തരത്തിൽ തെറ്റ് സംഭവിച്ചതിനാലാണ് അടുത്ത ദിവസം ജനറൽവാർഡിൽ വീണ്ടും പത്രിക സമർപ്പിച്ചത്.