കണ്ണൂരിലെ നഗരസഭകളിൽ തെളിഞ്ഞത് കഴിഞ്ഞതവണത്തേതിന് സമാനമായ ചിത്രം. കേരളമൊന്നടങ്കം ആഞ്ഞടിച്ച യുഡിഎഫ് തരംഗത്തിനിടയിലും കണ്ണൂരിലെ നഗരസഭകളിൽ ഇടതുപക്ഷം പിടിച്ചുനിന്നു. മട്ടന്നൂർ ഒഴികെ തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റിടങ്ങളിലെ കണക്കെടുത്താൽ എൽഡിഎഫ് അഞ്ചിടത്തും മൂന്നിടത്ത് യുഡിഎഫും വിജയം നേടി. നഗരസഭകളിൽ ആന്തൂർ വീണ്ടും ചെങ്കോട്ടയായി. ആന്തൂരിലെ മുഴുവൻ വാർഡിലും ജയിച്ചാണ് എൽഡിഎഫ് ആധിപത്യം ഉറപ്പിച്ചത്. അതേസമയം തലശ്ശേരിയിൽ ബിജെപിയെ മറികടന്ന് കോൺഗ്രസ് രണ്ടാമതെത്തി.

To advertise here,

സിപിഎമ്മിന്റെ ഉരുക്കുകോട്ടയാണെന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നതായിരുന്നു ആന്തൂർ നഗരസഭയിലെ ഫലം. തളിപ്പറമ്പ് നഗരസഭയിൽനിന്ന്‌ വേർപെടുത്തി പഴയ ആന്തൂർ പഞ്ചായത്ത് ആന്തൂർ നഗരസഭയാക്കി ഉയർത്തി പത്താം വർഷത്തിലേക്ക് കടക്കുമ്പോഴും ആന്തൂർ കട്ടചുവപ്പോടെ നിന്നു. 29 വാര്‍ഡുകളില്‍ 29 ഉം നേടിയ എല്‍ഡിഎഫ് സമ്പൂര്‍ണാധിപത്യത്തോടെയാണ് വിജയക്കൊടി പാറിച്ചത്. ഇക്കുറിയും ഒരംഗം പോലും പ്രതിപക്ഷത്തില്ല. 2015-ൽ നഗരസഭ നിലവിൽവന്നപ്പോൾ 28 വാർഡുകളാണ് ഉണ്ടായിരുന്നത്. അത്തവണ 14 വാർഡുകളിലാണ് എൽഡിഎഫ് സ്ഥാനാർഥികൾ എതിരില്ലാതെ വിജയിച്ചത്. തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിന് മുൻപുതന്നെ എൽഡിഎഫ് ഭരണംനേടിയ കേരളത്തിലെ ആദ്യ നഗരസഭയായിരുന്നു ആന്തൂർ. 2020-ൽ ആറ് വാർഡുകളിൽ എതിരില്ലാതെ എൽഡിഎഫ് വിജയിച്ചിരുന്നു. 28 വാർഡുകളിൽ 27ലും സിപിഎം അംഗങ്ങളും ഒരിടത്ത് സിപിഐയുമാണ് അന്ന് വിജയിച്ചത്.

ഇരിട്ടി നഗരസഭയില്‍ 34 വാര്‍ഡുകളില്‍ 16 വാര്‍ഡുകളാണ് എല്‍ഡിഎഫ് നേടിയത്. യുഡിഎഫ് 13 ഉം എന്‍ഡിഎ നാലുവാര്‍ഡുകളും ജയിച്ചു. ഒരു വാര്‍ഡില്‍ എസ്ഡിപിഐയും ജയിച്ചു. 33 അംഗ കൗൺസിലിൽ ആദ്യ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് 15, എൽഡിഎഫിന് 13, ബിജെപിക്ക് അഞ്ച് അംഗങ്ങളാണ് ഉണ്ടായിരുന്നത്. യുഡിഎഫിലെ പടലപ്പിണക്കം മുതലാക്കി മുസ്‌ലിം ലീഗിലെ മൂന്ന് അംഗങ്ങളെ കൂടെ നിർത്തിയാണ് എൽഡിഎഫ് ഭരണം നടത്തിയത്. ആ ഭരണസമിതിയിലും കേവല ഭൂരിപക്ഷം ഇല്ലാതെ എൽഡിഎഫ് അഞ്ചുവർഷം തികച്ചു. എൽഡിഎഫിന് 14-ഉം യുഡിഎഫിന് 11-ഉം ബിജെപിക്ക് അഞ്ചും എസ്ഡിഡിപിഐക്ക് മൂന്നും അംഗങ്ങളാണ് കഴിഞ്ഞതവണ ഉണ്ടായിരുന്നത്.

കൂത്തുപറമ്പില്‍ ആകെയുള്ള 29 ല്‍ 24 വാര്‍ഡുകളും വിജയിച്ചാണ് എല്‍ഡിഎഫ് തേരോട്ടം നടത്തിയത്. യുഡിഎഫ് നാല്, എന്‍ഡിഎ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. തുടർച്ചയായി എൽഡിഎഫ് ഭരിക്കുന്ന നഗരസഭയാണ് കൂത്തുപറമ്പ്. എല്ലാ തിരഞ്ഞെടുപ്പിലും പേരിന് മാത്രമായിരുന്നു പ്രതിപക്ഷത്തിന്റെ സാന്നിധ്യം. 2005-ൽ നടന്ന തിരഞ്ഞെടുപ്പിൽ ആകെയുള്ള 25 സീറ്റിൽ 24 സീറ്റും എൽഡിഎഫിനായിരുന്നു. 2010-ലെ തിരഞ്ഞെടുപ്പിൽ 28 സീറ്റിൽ 24 സീറ്റ് എൽഡിഎഫും നാല് സീറ്റ് യുഡിഎഫും നേടി. 2015-ൽ ആകെയുള്ള 28 സീറ്റിൽ 27 എൽഡിഎഫിനും ഒരു സീറ്റ് യുഡിഎഫിനും ലഭിച്ചു. 2020-ൽ ആകെയുള്ള 28 സീറ്റിൽ 26 എണ്ണം എൽഡിഎഫിനും ഓരോ സീറ്റ് വീതം യുഡിഎഫും ബിജെപിയും നേടി.

പാനൂർ നഗരസഭ രൂപംകൊണ്ടതിനുശേഷം നടന്ന ആദ്യ രണ്ട് തിരഞ്ഞെടുപ്പുകളിലും യുഡിഎഫിനായിരുന്നു വിജയം. 41 ല്‍ 23 വാര്‍ഡും നേടി ഇക്കുറിയും യുഡിഎഫ് അധികാരം നിലനിര്‍ത്തി. എല്‍ഡിഎഫ് 15 ഉം എന്‍ഡിഎ മൂന്ന് വാര്‍ഡിലും ജയിച്ചു. ശ്രീകണ്ഠാപുരത്തും യുഡിഎഫ് ഭരണം നിലനിര്‍ത്തി. ശ്രീകണ്ഠാപുരം നഗരസഭയില്‍ 31-ല്‍ 18 വാര്‍ഡും തളിപ്പറമ്പില്‍ 35 ല്‍ 17 വാര്‍ഡും നേടി.

പഞ്ചായത്തായിരുന്നപ്പോൾ 35 വർഷം ഇടതുപക്ഷം കുത്തകയാക്കി ഭരിച്ച ശ്രീകണ്ഠപുരം 2015-ൽ നഗരസഭയായപ്പോൾ ആദ്യമായി യുഡിഎഫിനൊപ്പം നിന്നു. യുഡിഎഫ് വിമതരായിരുന്ന മൂന്ന് സ്വതന്ത്രർക്ക് സ്ഥിരംസമിതി അധ്യക്ഷപദവി നൽകിയാണ് ആദ്യ ഭരണം പിടിച്ചത്.2020-ൽ യുഡിഎഫ് 14-ൽ നിന്ന് 18 ആയി സീറ്റ് ഉയർത്തി ഭരണം നിലനിർത്തി. എൽഡിഎഫിന് 12 സീറ്റാണ് നേടാനായത്. അതേസമയം എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയ്‌ക്കെതിരായ കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥനും വിജയിച്ചുകയറി. സിപിഎം സ്ഥാനാർഥിയായി മത്സരിച്ച മുൻ കണ്ണൂർ എസിപി ടി.കെ. രത്‌നകുമാർ ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റിയിലെ കോട്ടൂർ വാർഡിൽനിന്നാണ് ജയിച്ചത്. യുഡിഎഫും എൽഡിഎഫും കടുത്ത തിരഞ്ഞെടുപ്പ് പോരാട്ടം കാഴ്ചവെക്കുന്ന നഗരസഭകളിലൊന്നായ തളിപ്പറമ്പിൽ ‌34 വാർഡുകളിലാണ് കഴിഞ്ഞ തവണ മത്സരമുണ്ടായത്. 19 സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിലെത്തി. മുസ്‌ലിം ലീഗിന് 15-ഉം കോൺഗ്രസിന് നാലും കൗൺസിലർമാർ. 12 അംഗങ്ങളുള്ള സിപിഎം ശക്തമായ പ്രതിപക്ഷമായി. മൂന്ന് അംഗങ്ങളുമായി ബിജെപിയും തങ്ങളുടെ സാന്നിധ്യമറിയിച്ചു.

അതേസമയം പയ്യന്നൂര്‍ ഒരിക്കല്‍ കൂടി ഇടതുകോട്ടയായി നിന്നു. 46 വാര്‍ഡുകളില്‍ 36 ഉം എല്‍ഡിഎഫ് നേടിയപ്പോള്‍ 9 വാര്‍ഡില്‍ മാത്രമാണ് യുഡിഎഫിന് ജയിക്കാനായത്. രൂപവത്കരണകാലം മുതൽ എൽഡിഎഫിനൊപ്പം മാത്രം നിന്ന നഗരസഭയാണ് പയ്യന്നൂർ. ദേശീയപ്രസ്ഥാനത്തിന്റെ വേരോട്ടമുള്ള മണ്ണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഉറച്ച കോട്ട കൂടിയാണ്. 1995-ലാണ് പയ്യന്നൂർ നഗരസഭയായത്. പഞ്ചായത്ത് ആയിരുന്നപ്പോഴും നഗരസഭയായപ്പോഴും പയ്യന്നൂരിന്റെ ചരിത്രം എൽഡിഎഫിനൊപ്പമാണ്. ആകെ 44 വാർഡുകളിൽ 35-ലും എൽഡിഎഫ് കൗൺസിലർമാരായിരുന്നു.

ഇക്കുറി പയ്യന്നൂരിൽ പാർട്ടി തീരുമാനിച്ച എൽഡിഎഫ് സ്ഥാനാർഥിക്കെതിരേ മത്സരിച്ച ബ്രാഞ്ച് സെക്രട്ടറി വിജയിച്ചു. സിപിഎം പയ്യന്നൂർ നോർത്ത് ലോക്കലിലെ കാര നോർത്ത് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന സി. വൈശാഖാണ് വിജയിച്ചത്. പയ്യന്നൂർ നഗരസഭയിലെ കാര വാർഡിൽ നിന്നാണ് ജയം. പത്രിക നൽകിയതിന് പിന്നാലെ സംഘടനാവിരുദ്ധ പ്രവർത്തനത്തിന് പാർട്ടിയിൽ നിന്ന് വൈശാഖിനെ പുറത്താക്കിയിരുന്നു. മാത്രമല്ല പോലീസിനെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ചുവെന്ന കേസിൽ ജയിലിൽ കഴിയുന്ന സിപിഎം സ്ഥാനാർഥിയും പയ്യന്നൂരിൽ നിന്ന് ജയിച്ചു. പയ്യന്നൂർ നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർഥിയും ഡിവൈഎഫ്ഐ നേതാവുമായ വെള്ളൂർ കാറമേലിലെ വി.കെ.നിഷാദാണ് ജയിച്ചത്. പയ്യന്നൂർ നഗരസഭ 46-ാം വാർഡ് മൊട്ടമ്മലിൽനിന്നാണ് ജയിച്ചത്.

എൽഡിഎഫിന് മുൻ തൂക്കമുള്ള നഗരസഭയായി ഇക്കുറിയും തലശ്ശേരി നിലകൊണ്ടു. തലശ്ശേരിയില്‍ ആകെയുള്ള 53 വാര്‍ഡുകളില്‍ 32ലും എല്‍ഡിഎഫ് ജയിച്ചപ്പോള്‍ യുഡിഎഫ് 13 വാര്‍ഡും എന്‍ഡിഎ ആറുവാര്‍ഡും നേടി. രണ്ടുസ്വതന്ത്രന്മാരും വിജയിച്ചു. ഭരണത്തുടർച്ച നേടാനായെങ്കിലും കഴിഞ്ഞ തവണത്തെ വാർഡുകൾ നിലനിർത്താനായില്ല. അതേസമയം രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ബിജെപിയെ പിൻതള്ളി യുഡിഎഫ് മുന്നേറി. 52 വാർഡുകളിൽ കഴിഞ്ഞതവണ എൽഡിഎഫ് 37 ഉം ബിജെപി എട്ടും യുഡിഎഫ് ഏഴുമാണ് നേടിയത്.