
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിങ് മെഷീൻ കണ്ണൂരിലെ ഗോഡൗണിൽനിന്ന് കളക്ടർ അരുൺ കെ. വിജയൻ, പൊതുനിരീക്ഷക ആർ. കീർത്തി എന്നിവരുടെ സാന്നിധ്യത്തിൽ കൈമാറുന്നു
കണ്ണൂർ: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകൾ സജ്ജമായി. ജില്ലയിൽ 9780 ബാലറ്റ് യൂണിറ്റുകളുടെ പരിശോധനകൾ പൂർത്തിയാക്കി. 7620 കൺട്രോൾ യൂണിറ്റും ഒരുക്കിയിട്ടുണ്ട്. ഇലക്ട്രോണിക് വോട്ടിങ് മെഷിനുകൾ (ഇവിഎം) സൂക്ഷിക്കുന്നതിന് 87 ഓളം കേന്ദ്രങ്ങൾ തയ്യാറാക്കി. തിങ്കളാഴ്ചമുതൽ നാല് പോലീസുകാരുടെ സുരക്ഷയും ഒരുക്കി. വിതരണകേന്ദ്രങ്ങളിലെ സ്‌ട്രോങ് റൂമിലാണ് ഇവിഎം മെഷീനുകൾ സൂക്ഷിക്കുക. വോട്ടെടുപ്പിന്റെ തലേദിവസം പോളിങ് ഉദ്യോഗസ്ഥർക്ക് മറ്റ് പോളിങ് സാമഗ്രികൾക്കൊപ്പം വിതരണം ചെയ്യും.
2015 മുതലാണ് ത്രിതലപഞ്ചായത്ത് തിരഞ്ഞെടുപ്പിലും ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ച് തുടങ്ങിയത്. ഒരു കൺട്രോൾ യൂണിറ്റും ഒരു ബാലറ്റ് യൂണിറ്റും ചേരുന്നതാണ് സിംഗിൾ പോസ്റ്റ് ഇവിഎം. നഗരസഭകളിൽ ഉപയോഗിക്കുന്നത് ഇത്തരം മെഷീനുകളാണ്. എന്നാൽ, ത്രിതല പഞ്ചായത്തിൽ തിരഞ്ഞെടുപ്പിന് മൾട്ടിപോസ്റ്റ് ഇലക്ട്രോണിക് വോട്ടിങ് മെഷിനുകളാണ് ഉപയോഗിക്കുക. വോട്ടിങിൽ ഗ്രാമപ്പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നീ ക്രമത്തിലാണ് മൂന്ന് ബാലറ്റ് യൂണിറ്റുകൾ സജ്ജീകരിച്ചിട്ടുള്ളത്.
വോട്ടിങ് മെഷിനുകളുടെ സുരക്ഷ
ഇവിഎമ്മുകൾ പലതവണ പരിശോധനങ്ങൾക്ക് വിധേയമാക്കിയിട്ടുണ്ട്. അതിനാൽ ഉന്നത സുരക്ഷിതത്വനിലവാരം പുലർത്തുന്നവായാണെന്നാണ് തിരഞ്ഞെടുപ്പ് ഓഫീസർ പറയുന്നത്. ഇവയിൽ ഉപയോഗിക്കുന്ന മൈക്രോ കൺട്രോളർ ചിപ്പിൽ ഒരു പ്രാവശ്യം മാത്രമേ പ്രോഗ്രാം ചെയ്യാൻ കഴിയുകയുള്ളൂ.
ഇലക്ട്രോണിക്ക് വോട്ടിങ് മെഷിനുകളിൽ നെറ്റ് കണക്ടിവിറ്റി ഇല്ലാത്തതിനാലും, നെറ്റ് വർക്ക് മുഖേന കടന്നുകയറാൻ സാധ്യമല്ലാത്തതിനാലും അവ പൂർണമായും സ്വതന്ത്രമാണ്.
നോട്ടയില്ലാട്ടോ..
കേരള പഞ്ചായത്തീരാജ്, മുനിസിപ്പാലിറ്റി നിയമങ്ങളിൽ വ്യവസ്ഥയില്ലാത്തതിനാൽ ഈ തിരഞ്ഞെടുപ്പിൽ നോട്ടയില്ല. തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളിൽ ആരോടും താത്പര്യമില്ലാത്ത വോട്ടർമാർക്ക് അവരുടെ വിയോജിപ്പ് പ്രകടിപ്പിക്കാനാണ് വോട്ടിങ് യന്ത്രത്തിൽ നോട്ട ബട്ടൺ ചേർത്തിട്ടുള്ളത്.
Content Highlights: kannur local body election voting machines
Published: 02 Dec 2025, 03:16 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented