പിണറായി: പരമ്പരാഗതമായി സിപിഎമ്മിന് നിർണായകസ്വാധീനമുള്ള ഡിവിഷനാണ് പിണറായി. പിണറായി, ധർമടം, കൂടക്കടവ്, മുഴപ്പിലങ്ങാട്, പാലയാട്, ഇപ്പോൾ കൂട്ടിച്ചേർത്ത പാറപ്രം എന്നിവ ചേർന്നതാണ് പുതിയ ഡിവിഷൻ. കഴിഞ്ഞതവണ ഉണ്ടായിരുന്ന എരഞ്ഞോളി, കതിരൂരിലേക്ക് മാറി. പിണറായി, ധർമടം, മുഴപ്പിലങ്ങാട് പഞ്ചായത്തുകളിലെ ആറ് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലായി 51 വാർഡുകളാണ് ഇവിടെയുള്ളത്.
ഭൂരിഭാഗം പ്രദേശങ്ങളിലും സിപിഎമ്മിന് വലിയ ആധിപത്യമുണ്ടെങ്കിലും മുഴപ്പിലങ്ങാട്, ധർമടം, പാലയാട് പ്രദേശങ്ങളിൽ കോൺഗ്രസിനും സ്വാധീനമേഖലകളുണ്ട്. ലീഗ് ശക്തികേന്ദ്രങ്ങളിൽ എസ്ഡിപിഐയുടെ കടന്നുവരവോടെയാണ് യുഡിഎഫിന് ബലക്ഷയമുണ്ടായത്. ന്യൂനപക്ഷവോട്ടുകളിൽ വിള്ളലുണ്ടായത് എൽഡിഎഫിന്റെ ജയം അനായാസമാക്കി. ധർമടത്ത് ബിജെപിക്കും ചെറുതല്ലാത്ത സ്വാധീനമേഖലകളുണ്ട്. ഗ്രാമപ്പഞ്ചായത്തുകളിൽ മത്സരിക്കുന്ന എസ്ഡിപിഐയ്ക്ക് ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ സ്ഥാനാർഥിയില്ല. 64,512 വോട്ടർമാരാണ് ഡിവിഷനിലുള്ളത്. . 18,511 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് 2020-ൽ സിപിഎമ്മിലെ കോങ്കി രവീന്ദ്രൻ ജയിച്ചത്. .
കെ. അനുശ്രീ (എൽഡിഎഫ്)
പിണറായി സ്വദേശിയായ അനുശ്രീയാണ് എൽഡിഎഫ് സ്ഥാനാർഥി. സിപിഎം ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവുമാണ്. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യ വൈസ് പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചു. ഗവ. ബ്രണ്ണൻ കോളേജിൽനിന്ന് ഡിഗ്രിയും സംസ്കൃത സർവകലാശാല പയ്യന്നൂർ കേന്ദ്രത്തിൽനിന്ന് പിജിയും പൂർത്തിയാക്കി. കണ്ണൂർ സർവകലാശാല യൂണിയൻ ലേഡി വൈസ് ചെയർപേഴ്സൺ, സംസ്കൃത സർവകലാശാല യൂണിയൻ ചെയർപേഴ്സൺ, ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിലെ ആദ്യ വിദ്യാർഥി സിൻഡിക്കേറ്റ് അംഗം എന്നീ ചുമതലകളും വഹിച്ചു.
ജ്യോതി ജഗദീഷ് (യുഡിഎഫ്)
ധർമടം മേലൂർ സ്വദേശിയായ ജ്യോതി ജഗദീഷാണ് യുഡിഎഫ് സ്ഥാനാർഥി. ജില്ലാ കോടതിയിൽ അഭിഭാഷകയും ലോയേഴ്സ് കോൺഗ്രസിന്റെ സംസ്ഥാന സെക്രട്ടറിയുമാണ്. തലശ്ശേരി ബിഇഎംപി ഹൈസ്കൂളിൽ ഹൈസ്കൂൾ വിദ്യാഭ്യാസം. കാലിക്കറ്റ് സർവകലാശാലയിൽനിന്ന് ഇംഗ്ലീഷിൽ ബിരുദവും മംഗളൂരു സർവകലാശാലയിൽനിന്ന് നിയമബിരുദവും പൂർത്തിയാക്കി. ധർമടം മണ്ഡലം മഹിളാ കോൺഗ്രസ് പ്രസിഡന്റായിരുന്നു. വെള്ളോഴുക്ക് വനിത സഹകരണസംഘം പ്രസിഡന്റാണ്. തലശ്ശേരി ജില്ലാ കോടതി ബാർ അസോസിയേഷൻ പ്രഥമ വനിതാ സെക്രട്ടറിയായിരുന്നു.
അഖിലാ വിപിൻ (എൻഡിഎ)
പെരളശ്ശേരി ഐവർകുളം സ്വദേശിയായ അഖിലാ വിപിനാണ് എൻഡിഎ സ്ഥാനാർഥി. 2015-ൽ വേങ്ങാട് ഡിവിഷനിൽ മത്സരിച്ചിട്ടുണ്ട്. കഴിഞ്ഞതവണ പെരളശ്ശേരിയിലെ മൂന്നാം വാർഡിൽ സ്ഥാനാർഥിയായിരുന്നു. കൂടാളി വിവേകാനന്ദ വിദ്യാലയത്തിൽ അധ്യാപികയായിരുന്നു. നൃത്താധ്യാപിക, ഗായിക എന്നീ നിലകളിൽ ശ്രദ്ധനേടി. മഹിളാ മോർച്ച സൗത്ത് ജില്ലാ സെക്രട്ടറിയാണ്. ജില്ലാ വൈസ് പ്രസിഡന്റ്, ബിജെപി ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. ഹിന്ദു ഐക്യവേദിയിലും ചുമതലകൾ വഹിച്ചു.
Content Highlights: pinarayi division kannur district panchayath election
Published: 01 Dec 2025, 05:16 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented