തിരുവനന്തപുരം കോര്‍പറേഷന്‍ പിടിക്കാന്‍ പ്രമുഖരെയുള്‍പ്പെടെ രംഗത്തിറക്കിയാണ് ബിജെപി ഒരുങ്ങിയിരിക്കുന്നത്. ബിജെപി മുന്‍ ജില്ലാ സെക്രട്ടറിയും തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ വി.വി. രാജേഷ് ഉള്‍പ്പടെ മത്സരരംഗത്തുണ്ട്. കഴിഞ്ഞ തവണ പൂജപ്പൂരയില്‍ നിന്ന് മത്സരിച്ച് വിജയിച്ച വി.വി. രാജേഷ് ഇത്തവണ കൊടുങ്ങാനൂരില്‍ നിന്നാണ് ജനവിധി തേടുന്നത്. നിലവിലെ കോര്‍പ്പറേഷന്‍ അഴിമതിയുടെ കൂത്തരങ്ങാണെന്ന് പറയുകയാണ് ബിജെപി സ്ഥാനാര്‍ഥി. കോണ്‍ഗ്രസ് ചിത്രത്തിലില്ലെന്നും മത്സരം ബിജെപിയും സിപിഎമ്മും തമ്മിലാണെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട്‌കോമിനോട് പറഞ്ഞു.

To advertise here,

കേരളത്തില്‍ താമര തരംഗമുണ്ടാകും, ജനവികാരം ബിജെപിക്ക് ഒപ്പം

കേരളം മുഴുവന്‍ ഉറ്റുനോക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷനില്‍ താമരതരംഗം അലയടിക്കുകയാണ്. ജനവികാരം ബിജെപിക്ക് ഒപ്പമാണ്. ഇപ്പോഴത്തെ കോര്‍പ്പറേഷന്‍ ഭരണം മാറണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. ചില വാര്‍ഡുകളില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. പല വാര്‍ഡുകളിലും ഞങ്ങള്‍ പ്രതീക്ഷിക്കാത്ത പിന്തുണയാണ് ലഭിക്കുന്നത്.

വ്യക്തമായ ഭൂരിപക്ഷത്തോടെ ഭരണത്തില്‍ വരാന്‍ സാധിക്കുമെന്ന ആത്മവിശ്വാസം ഞങ്ങള്‍ക്കുണ്ട്. ഞങ്ങളുടെ പദ്ധതികള്‍ ജനങ്ങളിലേയ്ക്ക് എത്തിക്കാനും അവര്‍ക്ക് ആത്മവിശ്വാസം പകരാനും സഹായിക്കുന്ന ഒരു തിരഞ്ഞെടുപ്പാണിത്. എല്ലാ വീടുകളും സന്ദര്‍ശിച്ച് ജനങ്ങളുമായി സംസാരിച്ചാണ് പ്രചരണം നടത്തുന്നത്.

കോര്‍പ്പറേഷന്‍ ദുരന്തമായി മാറി, തിരുവനന്തപുരത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച നഗരമാക്കി ബിജെപി മാറ്റും

തിരുവനന്തപുരം കോര്‍പ്പറേഷന് അനന്തമായ സാധ്യതകളുണ്ട്. ലോകത്ത് തന്നെ ശ്രദ്ധിക്കപ്പെടാന്‍ സാധ്യതയുള്ള കോര്‍പ്പറേഷനാണ് ഇത്. 45 വര്‍ഷത്തെ കാഴ്ചപ്പാടില്ലാത്ത സിപിഎമ്മിന്റെ ഭരണത്തിലൂടെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ദുരന്തമായി മാറി.

ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങളായ തെരുവ് നായ ശല്യം, മാലിന്യ നിര്‍മാര്‍ജനം, നഗരത്തിലെ വെള്ളക്കെട്ട് എന്നീ പ്രശ്‌നങ്ങള്‍ സമയബന്ധിതമായി അവസാനിപ്പിക്കും. കൃത്യമായ പദ്ധതികളോടെ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കും. ഭരണത്തില്‍ സുതാര്യത കൊണ്ടുവരും.

ഒരു സര്‍ട്ടിഫിക്കറ്റിനായി പോയാല്‍ പോലും കാലങ്ങളോളം കാത്തിരിക്കണം, കോഴ കൊടുക്കണം. ജനങ്ങള്‍ക്ക് സൗഹാര്‍ദപരമായ അന്തരീക്ഷം ഞങ്ങള്‍ സൃഷ്ടിക്കും.

കോവളത്ത് വിദേശിയെ തെരുവ് നായ ആക്രമിച്ചു. അതൊരു അന്താരാഷ്ട്ര വാര്‍ത്തയാണ്. രാജ്യത്തിന്റെ ടൂറിസം സാധ്യതയെ ആണ് ഈ സംഭവം ബാധിക്കുന്നത്. അതില്‍ കോര്‍പ്പറേഷന് വലിയ വീഴ്ച പറ്റിയിട്ടുണ്ട്. 2030 ആകുമ്പോഴേക്കും തിരുവനന്തപുരത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച നഗരമാക്കി മാറ്റുകയാണ് ബിജെപി ലക്ഷ്യം. മികച്ച സ്ഥാനാര്‍ഥി പട്ടികയാണ് ഇത്തവണത്തേത്. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ സ്ഥാനാര്‍ഥികളാകുന്നുണ്ട്.

കോണ്‍ഗ്രസ് കോര്‍പ്പറേഷന്‍ മോഹം മറന്നു, ഭരണം മാറണമെന്ന മുദ്രാവാക്യം ജനങ്ങള്‍ കേള്‍ക്കും

കോണ്‍ഗ്രസിന് 42 സീറ്റുകള്‍ നല്‍കിക്കൊണ്ട് ജനങ്ങള്‍ അവരെ പ്രതിപക്ഷത്ത് ഇരുത്തിയതാണ്. അന്ന് സിപിഎമ്മിന്റെ കമ്മീഷന്‍ വാങ്ങിക്കൊണ്ട് തെറ്റുകള്‍ക്കെതിരെ അവര്‍ പ്രതികരിക്കാതെ ഇരുന്നു. അതുകൊണ്ടാണ് ജനങ്ങള്‍ അവരെ എട്ട് സീറ്റുകള്‍ നല്‍കിക്കൊണ്ട് ഒരു മൂലയ്ക്ക് ഇരുത്തിയത്. ഭരണം മാറണമെന്നാണ് കോണ്‍ഗ്രസും ബിജെപിയും പറയുന്നത്. എട്ട് സീറ്റുള്ള കോണ്‍ഗ്രസിനെ ഇനി 51 സീറ്റുകള്‍ നല്‍കി ഭരിക്കാന്‍ ഏല്‍പ്പിക്കുന്നതാണോ എളുപ്പം, അതോ 35 സീറ്റുകളുള്ള ബിജെപിയെ വിജയിപ്പിക്കുന്നതാണോ എളുപ്പം. രണ്ടാമത് നില്‍ക്കുന്നവരല്ലേ ഒന്നാമത് എത്താന്‍ യോഗ്യര്‍.

ഭരണം മാറണമെങ്കില്‍ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് ജനങ്ങള്‍ക്ക് മനസ്സിലായി. കോണ്‍ഗ്രസിന് വോട്ട് ചെയ്താല്‍ ഭരണം മാറില്ലെന്ന് ജനങ്ങള്‍ക്ക് മനസ്സിലായി. കോണ്‍ഗ്രസിന്റെ മുദ്രാവാക്യം ജനങ്ങള്‍ അംഗീകരിക്കും, ഭരണം മാറും. ബീഹാര്‍ തിരഞ്ഞെടുപ്പ് കൂടി കഴിഞ്ഞതോടെ കോര്‍പ്പറേഷന്‍ മോഹം കോണ്‍ഗ്രസ് മറന്നുകാണും.

ഒരുദിവസം പെട്ടെന്ന് ഓടിവന്നവരല്ല ഞങ്ങള്‍. കഴിഞ്ഞ അഞ്ച് വര്‍ഷമായി തെരുവില്‍ ഞങ്ങള്‍ സമരം ചെയ്യുന്നു, ജയിലില്‍ പോയി. ജനങ്ങള്‍ക്ക് വേണ്ടി സമരം ചെയ്തതിന് തല്ലുകൊണ്ട് ആശുപത്രിയില്‍ കിടന്നു. നിരവധി അഴിമതികള്‍ ഞങ്ങളുടെ പ്രതിഷേധങ്ങളിലൂടെ പുറത്തുവന്നു. ഇതോടെയാണ് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഭരണമാറ്റം വേണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നത്.

ആര്യ രാജേന്ദ്രനെ തിരഞ്ഞെടുപ്പില്‍ മുന്നില്‍ നിര്‍ത്താനാകില്ലെന്ന് സിപിഎം മനസ്സിലാക്കി

60 വയസ്സുള്ള മുന്‍ മേയര്‍ ശ്രീകുമാര്‍ മത്സരിക്കുന്നിടത്ത് 25 വയസ്സുകാരിയായ ആര്യ മത്സരിക്കുന്നില്ല. ആരെയൊക്കെ മത്സരിപ്പിക്കണമെന്ന് ആ പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. പക്ഷേ കോര്‍പ്പറേഷന്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്ന സമയത്ത് പോലും ആര്യ ഡയസ്സിലില്ല.

ആര്യ രാജേന്ദ്രനെ ഈ തിരഞ്ഞെടുപ്പില്‍ മുന്നില്‍ നിര്‍ത്താനാകില്ലെന്ന് സിപിഎം തന്നെ മനസ്സിലാക്കി. ആര്യ രാജേന്ദ്രന്‍ നടത്തിയ അഴിമതിയും ആര്യയെ റബ്ബര്‍ സ്റ്റാമ്പാക്കി നിര്‍ത്തിക്കൊണ്ട് നേതാക്കള്‍ നടത്തിയ അഴിമതിയും നമുക്ക് മുന്നിലുണ്ട്.

മത്സരിക്കാനുള്ള തീരുമാനം പാര്‍ട്ടി അറിയിച്ചു, വാര്‍ഡും പാര്‍ട്ടി തീരുമാനിച്ചു

ഇത്തവണ മത്സരിക്കണമെന്ന തീരുമാനം പാര്‍ട്ടി എന്നോട് അറിയിക്കുകയായിരുന്നു. കൗണ്‍സിലര്‍ കൂടിയായതിനാല്‍ മത്സരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അനുസരിക്കുകയായിരുന്നു. മത്സരിക്കേണ്ട വാര്‍ഡും പാര്‍ട്ടി തന്നെയാണ് തീരുമാനിച്ചത്. കഴിഞ്ഞ തവണ മത്സരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ജില്ലാ പ്രസിഡന്റിന്റെ ചുമതലയുണ്ടായിരുന്നു. ആ കാര്യങ്ങള്‍ എല്ലാം ചെയ്ത ശേഷം പാര്‍ട്ടി തീരുമാനം അനുസരിച്ചു.

ഭൂരിപക്ഷം നേടുകയാണ് ലക്ഷ്യം, മേയറെ പിന്നീട് തീരുമാനിക്കും

ഭൂരിപക്ഷം നേടുക എന്നതാണ് പാര്‍ട്ടിയുടെ ലക്ഷ്യം. ബാക്കി കാര്യങ്ങള്‍ ഒക്കെ പിന്നീട് തീരുമാനിക്കും. പാര്‍ട്ടിക്ക് കൃത്യമായ സിസ്റ്റമുണ്ട്. മേയര്‍ സ്ഥാനത്തെക്കുറിച്ച ചര്‍ച്ചകള്‍ നടന്നിട്ടുണ്ടോയെന്ന് എനിക്കറിയില്ല. ഭൂരിപക്ഷം ലഭിച്ച ശേഷം അടുത്ത ഘട്ടത്തില്‍ ബാക്കി കാര്യങ്ങള്‍ തീരുമാനിക്കും. രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നതിനോടൊപ്പം വിജയിച്ച ഒരു ടെക്‌നോളജിസ്റ്റ് കൂടിയാണ് രാജീവ് ചന്ദ്രശേഖര്‍. രാഷ്ട്രീയവും സാങ്കേതിക വിദ്യയും കൂട്ടിച്ചേര്‍ത്ത് എങ്ങനെ പ്രയോഗിക്കാം എന്നതില്‍ അദ്ദേഹത്തിന് കൃത്യമായ ധാരണയുണ്ട്.