പ്രശ്നങ്ങൾക്കു കാരണം പോർട്ടലിലെ സാങ്കേതിക തകരാർ

പ്രതീകാത്മക ചിത്രം
ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ജില്ലയിലെ സ്ഥാനാർഥികളുടെ പുതിയ കണക്ക് തിരഞ്ഞെടുപ്പു കമ്മിഷൻ പുറത്തുവിട്ടു. ബുധനാഴ്ച വൈകീട്ടുവരെയുള്ള കണക്കുപ്രകാരം 5,415 പേരാണ് മത്സരരംഗത്തുള്ളത്. ഇതിൽ 2,462 പുരുഷന്മാരും 2,953 സ്ത്രീകളുമാണ്. പത്രിക പിൻവലിക്കാനുള്ള സമയം കഴിഞ്ഞ് രണ്ടാം ദിവസമാണ് പുതിയ കണക്കെത്തിയത്. രാത്രിയോടെ പുറത്തുവിട്ട മറ്റൊരു കണക്കിൽ സ്ഥാനാർഥികളുടെ എണ്ണം 5,395 ആയി കുറഞ്ഞു.
പത്രിക പിൻവലിക്കാനുള്ള അവസാനദിനമായ തിങ്കളാഴ്ച രാത്രി വൈകി പ്രസിദ്ധപ്പെടുത്തിയ കണക്കനുസരിച്ച് 2,848 സ്ത്രീകളും 2371 പുരുഷന്മാരുമുൾപ്പെടെ ആകെ 5,219 സ്ഥാനാർഥികളാണ് ജില്ലയിലുണ്ടായിരുന്നത്. ചൊവ്വാഴ്ചയും വ്യക്തമായ കണക്ക് പുറത്തുവിടാൻ കമ്മിഷനായില്ല. ബുധനാഴ്ച വൈകീട്ട് ഇറങ്ങിയ പുതിയ കണക്കിൽ 196 സ്ഥാനാർഥികളാണ് ജില്ലയിൽ കൂടിയത്. ബുധനാഴ്ച രാത്രി എത്തിയ കണക്കുപ്രകാരം 20 പേരുടെ വർധന മാത്രമാണുള്ളത്. സ്ഥാനാർഥികളുടെ എണ്ണം സംബന്ധിച്ച് അവ്യക്തത തുടരുകയാണ്.
തിരഞ്ഞെടുപ്പു കമ്മിഷന്റെ പോർട്ടലിലെ സാങ്കേതിക തകരാറുമൂലം ഓരോ തദ്ദേശസ്ഥാപനത്തിലെയും വരണാധികാരികൾക്ക് കൃത്യമായി വിവരങ്ങൾ ചേർക്കാൻ കഴിഞ്ഞിരുന്നില്ല. അതിനാൽ, ജില്ലയിലെ 91 തദ്ദേശസ്ഥാപനങ്ങളിലെയും സ്ഥാനാർഥികളുടെ എണ്ണം ക്രോഡീകരിക്കാൻ കഴിയാത്തതാണ് കണക്കിലെ വ്യത്യാസത്തിനു കാരണം.
ബുധനാഴ്ച വൈകീട്ട് പുറത്തുവിട്ട പുതിയ കണക്കിലും മാറ്റം വരാനുള്ള സാധ്യതയുണ്ടെന്നാണ് ചില ഉദ്യോഗസ്ഥർ പറയുന്നത്. അതിനാൽ, അന്തിമചിത്രം കിട്ടാൻ ഇനിയും വൈകിയേക്കും.
മുൻകാലങ്ങളിൽ പത്രിക പിൻവലിക്കാനുള്ള അവസാനദിവസം വൈകീട്ടുതന്നെ ജില്ലയിലെ സ്ഥാനാർഥികളുടെ കൃത്യമായ കണക്ക് ലഭിച്ചിരുന്നതാണ്. തിരഞ്ഞെടുപ്പു പ്രക്രിയ തുടങ്ങിയതുമുതൽ കമ്മിഷന്റെ പോർട്ടലിന് സാങ്കേതിക പ്രശ്നങ്ങളുണ്ട്. ഇതു പരിഹരിച്ചില്ലെങ്കിൽ വോട്ടെണ്ണൽ ദിവസവും പ്രശ്നങ്ങളുണ്ടാകുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. ഫലപ്രഖ്യാപനംകഴിഞ്ഞ് ഓരോ സ്ഥാനാർഥിയുടെയും വോട്ടിങ് നിലയുൾപ്പെടെ ലഭിക്കാൻ കാലതാമസം നേരിടുമെന്നാണ് ആശങ്ക.
Content Highlights: Election Commission's Technical Glitch Leads to Confusion: Candidate Count Varies Daily, Final Tally of Local Polls Delayed
Published: 27 Nov 2025, 10:44 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented