ആലപ്പുഴ: വാഗ്വാദങ്ങളും പോർവിളികളും നിറഞ്ഞ അഞ്ചുവർഷം ഇനി ഓർമ്മ. നഗരസഭയുടെ അവസാന കൗൺസിൽ യോഗം വ്യാഴാഴ്ച ചേർന്നു. ഇതിൽ നിറഞ്ഞത് സന്തോഷവും മധുരവും. കൗൺസിൽ മുൻപാകെ എത്തിയ എല്ലാ അജൻഡകളും പാസാക്കി.

To advertise here,

നഗരസഭയ്ക്കുകീഴിൽവരുന്ന മുഴുവൻ വാർഡുകളിലും വികസനമെത്തിക്കാൻ കഴിഞ്ഞെന്ന ചാരിതാർഥ്യമാണ് മുന്നിലുള്ളതെന്ന് ഭരണസമിതി പറഞ്ഞു. കൗൺസിൽ നടപടികൾ പൂർത്തിയാക്കിയശേഷം കെയ്‌ക്ക് മുറിച്ച്‌ പരസ്പരം മധുരം നൽകി എല്ലാവരും ഒരുമിച്ചു ഫോട്ടോയെടുത്താണ് പിരിഞ്ഞത്. തിരഞ്ഞെടുപ്പിനുമുൻപ് വീണ്ടും എല്ലാവരും ഒത്തുകൂടി അഞ്ചുവർഷംനീണ്ട പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതിന്റെ ആഘോഷം ജീവനക്കാർക്കൊപ്പം നടത്തും.

നഗരസഭാ ചെയർപേഴ്സൺ കെ.കെ. ജയമ്മ അധ്യക്ഷത വഹിച്ച കൗൺസിലിൽ വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ, സ്ഥിരംസമിതി അധ്യക്ഷരായ എം.ആർ. പ്രേം, എ.എസ്. കവിത, ആർ. വിനിത, എൽഡിഎഫ് പാർലമെൻററി പാർട്ടി ലീഡർ സൗമ്യാരാജ് കക്ഷിനേതാക്കളായ അഡ്വ. റീഗോരാജു, പി. രതീഷ്, കൗൺസിലർമാരായ ബി. അജേഷ്, ആർ. രമേശൻ, ബി. മെഹബൂബ്, സജേഷ് ചക്കുപറമ്പ്, ഡെപ്യൂട്ടി സെക്രട്ടറി ജെ.ബി. ജയശ്രീ തുടങ്ങിയവർ സംസാരിച്ചു.