കണ്ണൂർ: കെപിസിസി മുൻ പ്രസിഡന്റുമാരായ കെ.സുധാകരനും മുല്ലപ്പള്ളി രാമചന്ദ്രനും മത്സരിക്കുന്നതിലെ തീരുമാനം കോൺഗ്രസ് സ്ഥാനാർഥിപ്പട്ടികയിൽ നിർണായകമാകും. നിയമസഭാ തിരഞ്ഞെടുപ്പിൽ മലബാറിൽ മുന്നേറ്റമാഗ്രഹിക്കുന്ന കോൺഗ്രസ് മുതിർന്ന നേതാക്കളെയും യുവാക്കളെയും ഒരുപോലെ പരിഗണിക്കാനാണ് ഉദ്ദേശിക്കുന്നത്. മന്ത്രിസഭ രൂപവത്കരിക്കുമ്പോൾ സാമുദായിക സന്തുലനം പാലിക്കുന്നതുൾപ്പെടെ കണക്കുകൂട്ടിയാണ് സ്ഥാനാർഥിനിർണയം പുരോഗമിക്കുന്നത്. ഈഴവ പ്രാതിനിധ്യം ഉറപ്പാക്കണമെന്നതിനാലാണ് മുതിർന്ന നേതാക്കളുടെ സാധ്യതയേറുന്നത്. വിജയസാധ്യത പരിഗണിച്ച് കെപിസിസി മുൻ പ്രസിഡന്റ് കെ.മുരളീധരനും കോഴിക്കോട്ട് മത്സരിക്കാനെത്തുമെന്ന് ശ്രുതിയുണ്ട്.

To advertise here,

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പേരാവൂരിൽ മത്സരിക്കുമെന്ന്‌ ഉറപ്പായിട്ടുണ്ട്. ജനറൽ സെക്രട്ടറിമാർ ഉൾപ്പെടെയുള്ള ഭാരവാഹികളും സ്ഥാനാർഥികളാകും. മുതിർന്ന നേതാക്കളുമെത്തുന്നതോടെ കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ കോൺഗ്രസിന്റെ സ്ഥാനാർഥിപ്പട്ടികയ്ക്ക് മുമ്പെങ്ങുമില്ലാത്ത ഗരിമയുണ്ടാകും. എംപിമാർ മത്സരിക്കുന്നതിന് ഹൈക്കമാൻഡ് അനുമതി നൽകില്ലെന്നാണ് കരുതുന്നതെങ്കിലും കണ്ണൂരിൽ കെ.സുധാകരന് ഇളവ് കിട്ടുമെന്നാണ് പ്രതീക്ഷ. മത്സരിക്കണമെന്ന സന്ദേശം മുല്ലപ്പള്ളിക്ക്‌ ദേശീയ നേതൃത്വം നൽകിയിട്ടുണ്ടെന്നാണ് സൂചന. പാർട്ടി നിർദേശിക്കുന്നിടത്ത് മത്സരിക്കാൻ സന്നദ്ധനാണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുമുണ്ട്‌. കൊയിലാണ്ടി, നാദാപുരം എന്നിവിടങ്ങളാണ് പരിഗണിക്കുക. സ്വാഭാവികമായും അതിനനുസരിച്ച് മറ്റിടങ്ങളിലെല്ലാം മാറ്റമുണ്ടാകും.

2011 മുതൽ ഒരു എംഎൽഎ പോലുമില്ലാത്ത നാണക്കേട് മാറ്റുന്നതോടൊപ്പം കോഴിക്കോട്ട് വലിയ മുന്നേറ്റമാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാറിനെയും കൊയിലാണ്ടിയിലാണ് പരിഗണിക്കുന്നത്. മുല്ലപ്പള്ളി വരുന്നതനുസരിച്ചാകും അന്തിമ തീരുമാനം. രാഷ്ട്രീയകാര്യസമിതിയംഗം എൻ.സുബ്രഹ്മണ്യൻ, കെപിസിസി ജനറൽ സെക്രട്ടറിമാരായ കെ.ജയന്ത്, വിദ്യാ ബാലകൃഷ്ണൻ, യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി കെ.എം.അഭിജിത്ത് എന്നിവരും കോഴിക്കോട് നോർത്ത്, നാദാപുരം, കൊയിലാണ്ടി, എലത്തൂർ തുടങ്ങിയ മണ്ഡലങ്ങളിൽ പരിഗണിക്കുന്നവരുടെ പട്ടികയിലുണ്ട്.

ബാലുശ്ശേരിയിൽ കെപിസിസി വൈസ് പ്രസിഡന്റ് രമ്യാ ഹരിദാസ്, കെഎസ്‌യു ജില്ലാ പ്രസിഡന്റ് വി.ടി.സൂരജിനൊപ്പം പരിഗണനയിലുണ്ട്. ഇരിക്കൂറിലെ സിറ്റിങ്‌ എംഎൽഎ സജീവ് ജോസഫും മത്സരിക്കും. ടി.ഒ.മോഹനൻ, അമൃതാ രാമകൃഷ്ണൻ തുടങ്ങിയവരെയാണ് കണ്ണൂർ മണ്ഡലത്തിൽ കെ.സുധാകരനില്ലെങ്കിൽ പരിഗണിക്കുക.