ന്യൂഡൽഹി: കെ. സുധാകരൻ എം.പി.യുടെ ഫേസ്ബുക്ക് പോസ്റ്റ് അദ്ദേഹം അറിയാതെയാണെന്നും കണ്ണൂരിൽ മത്സരിക്കുമെന്ന പ്രസ്താവന അദ്ദേഹത്തിന്റെ സംസാരശൈലിയുടെ ഭാഗമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഡൽഹിയിൽ സ്ഥാനാർഥി ചർച്ചകൾക്കായെത്തിയ പ്രതിപക്ഷ നേതാവ് സുധാകരനുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടയിൽ 'മാതൃഭൂമി'യോട് സംസാരിക്കുകയായിരുന്നു.

To advertise here,

എം.പി.മാരെ മത്സരിപ്പിക്കേണ്ടന്ന ഹൈക്കമാൻഡ് തീരുമാനത്തിനിൽ സ്ഥാനാർഥി ചർച്ചകൾക്കിടയിൽ കെ.സുധാകരൻ അതൃപ്തി പ്രകടിപ്പിക്കുന്നത് ദോഷം ചെയ്യില്ലേ?

= ഒന്നാമത്, എം.പി.മാർ മത്സരിക്കണോ വേണ്ടയോ എന്ന കാര്യം ഹൈക്കമാൻഡ് ഇതുവരെ തീരുമാനിച്ച് ഞങ്ങളെയാരെയും അറിയിച്ചിട്ടില്ല. രണ്ടാമത്, സുധാകരേട്ടനുമായി ബന്ധപ്പെട്ട് ഒരു പ്രശ്നവുമില്ല. വെറുതേ മാധ്യമങ്ങളുണ്ടാക്കുന്ന വിഷയങ്ങൾ മാത്രമാണത്. സുധാകരേട്ടന്റെ ഒരു എഫ്.ബി. പോസ്റ്റ് വന്നെന്ന് പറഞ്ഞു. ഞങ്ങൾ അദ്ദേഹത്തെ വിളിച്ചു സംസാരിച്ചു. അങ്ങിനെയൊരു പോസ്റ്റുള്ളത് അദ്ദേഹം അറിഞ്ഞിട്ടുപോലുമില്ല. ഇന്നലത്തെ ജി.സുധാകരന്റെ പ്രശ്നത്തെ മറികടക്കാൻ സി.പി.എം. നടത്തുന്ന പ്രചാരണമാണിത്. കെ. സുധാകരൻ പരിണിത പ്രജ്ഞനായ നേതാവാണ്. അദ്ദേഹം പാർട്ടിയെയും മുന്നണിയെയും വിഷമിപ്പിക്കുന്ന ഒരു തീരുമാനവും എടുക്കില്ല.

പക്ഷേ, താൻ 110 ശതമാനം കണ്ണൂരിൽ മത്സരിക്കുമെന്ന് കെ. സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞല്ലോ?

= നിങ്ങൾക്കദ്ദേഹത്തിന്റെ സ്വഭാവം അറിയാമല്ലോ! അദ്ദേഹത്തിന്റെ സംസാരരീതിയാണത്.

പ്രതിപക്ഷ നേതാവ് ജാഥ നടത്തുംമുമ്പ് നാൽപ്പതോളം സീറ്റുകളിൽ സ്ഥാനാർഥിപ്രഖ്യാപനം ഉണ്ടാവുമെന്ന് പറഞ്ഞിരുന്നല്ലോ; ഇപ്പോൾ യാത്ര കഴിഞ്ഞും സ്ഥാനാർഥി നിർണയം വൈകുകയാണ്?

= അങ്ങനെ ആരു പറഞ്ഞു. ഒരിക്കലും പറഞ്ഞിട്ടില്ല. കഴിഞ്ഞ രണ്ടു നിയമസഭാ തിരഞ്ഞെടുപ്പുകളും മാർച്ച് ഒന്നിനാണ് പ്രഖ്യാപിച്ചത്. അപ്പോൾ ജാഥയ്ക്ക് മുമ്പ് കുറച്ചെങ്കിലും സ്ഥാനാർഥികളെ പ്രഖ്യാപിക്കേണ്ടി വരും എന്നുകരുതി. പക്ഷേ, തിരഞ്ഞെടുപ്പ് നീണ്ടു പോകും എന്ന സന്ദേശം നേരത്തെ കിട്ടി. എല്ലാവരും സ്ഥാനാർഥി നിർണയം വൈകിപ്പിച്ചു. ബി.ജെ.പി.യും സി.പി.എമ്മും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ടോ? സി.പി.എം. എട്ടാംതീയതി പ്രഖ്യാപിക്കുമെന്ന് പറഞ്ഞതാണല്ലോ! പിന്നെന്താണ് നിങ്ങൾ കോൺഗ്രസ് സ്ഥാനാർഥികളുടെ മാത്രം ചോദിക്കുന്നത്.

എല്ലാവരും തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് വൈകുമെന്നതിനാൽ സ്ഥാനാർഥി പ്രഖ്യാപനവും വൈകിപ്പിക്കുകയാണ്. നേരത്തെ പ്രഖ്യാപിച്ചാൽ ആർക്കാണ് ചെലവ് താങ്ങാനാവുക. ഏത് സമയത്ത് തിരഞ്ഞെടുപ്പ് കമ്മിഷൻ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും 24-48 മണിക്കൂറിനുള്ളിൽ സ്ഥാനാർഥി പ്രഖ്യാപനത്തിന് കോൺഗ്രസ്സും യു.ഡി.എഫും സജ്ജമാണ്.

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം യു.ഡി.എഫ്. അധികാരത്തിലെത്തുമെന്ന പ്രതീതിയുണ്ടാക്കി. എന്നാൽ അടുത്ത കാലത്തെ ചില സർവേകൾ അങ്ങനെയല്ലെന്ന ധാരണയുണ്ടാക്കുന്നുണ്ടോ?

= നാല് ദേശീയ മാധ്യമങ്ങൾ കൃത്യമായ സർവേ നടത്തി 80-നും 90-നും ഇടയ്ക്കുള്ള സീറ്റ് യു.ഡി.എഫിന് പറഞ്ഞിട്ടുണ്ട്. കേരളത്തിൽ ഒന്നുരണ്ടു മാധ്യമങ്ങളും കൃത്യമായ മുൻതൂക്കം യു.ഡി.എഫിന് പറഞ്ഞിട്ടുണ്ട്. അതുവന്നതിനാൽ സി.പി.എം. എന്തായാലും പണി തുടങ്ങുമല്ലോ. അവർ തോൽക്കാൻ പോവുകയാണെന്ന് അവർ പറയില്ലല്ലോ. അവരെ പിന്തുണയ്ക്കുന്ന മാധ്യമങ്ങളും അതുപറയുന്നു, അത്രയേ ഉള്ളൂ. മാധ്യമ സർവേ നോക്കിയല്ലല്ലോ കാര്യങ്ങൾ. ഇപ്പോൾ എൽ.ഡി.എഫിന് മുൻതൂക്കമുണ്ട് എന്നു പറഞ്ഞ ഒരു മാധ്യമം കെ.കെ. ശൈലജ എട്ടുശതമാനം വോട്ടിന് വടകരയിൽ ജയിക്കുമെന്ന് പറഞ്ഞിരുന്നു. എട്ടുശതമാനം എത്രയാണ്. വലിയ ഭൂരിപക്ഷമാണ്. ഒരു ലക്ഷം വോട്ടിനാണ് ഷാഫി പറമ്പിൽ ജയിച്ചത്. മാധ്യമങ്ങളുടെ സർവേയല്ല ഒന്നും തീരുമാനിക്കുന്നത്. ജനങ്ങളാണ്. എല്ലാ നിയോജക മണ്ഡലങ്ങളും കടന്നാണ് നമ്മൾ യാത്ര നടത്തിയത്. പിന്നെ, നമ്മൾ ഏതു തിരഞ്ഞെടുപ്പിലാണ് തോറ്റത്. ചേലക്കരയിൽ മാത്രമാണ്. അവിടെ ഭൂരിപക്ഷം കുറച്ചു. പുതുപ്പള്ളിയിൽ ജയിച്ചു. പാലക്കാട് ജയിച്ചു. നിലമ്പൂർ പിടിച്ചെടുത്തു. ജയിച്ചതൊക്കെ വൻഭൂരിപക്ഷത്തിന്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണത്തെക്കാൾ വലിയ ഭൂരിപക്ഷം ലഭിച്ചു. കഴിഞ്ഞ 30 വർഷത്തിനിടയിൽ പഞ്ചായത്ത് രാജ് സംവിധാനം വന്നശേഷമുള്ള ഏറ്റവും ഭൂരിപക്ഷത്തിന് തദ്ദേശ തിരഞ്ഞെടുപ്പ് ജയിച്ചു. അതിന്റെ തുടർച്ച ഇതിലുമുണ്ടാവും. ദേശീയ മാധ്യമങ്ങൾ പറയുന്ന 90 സീറ്റും കടന്ന് നൂറിലധികം പോവും.

എപ്പോൾ ആദ്യ ഘട്ട സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാവും?

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമേ ഉണ്ടാകൂ. ഇപ്പോൾത്തന്നെ പകുതിയിലധികം സീറ്റുകൾ - അമ്പത് സീറ്റുകൾ-തീരുമാനിച്ചു. ബാക്കിയുള്ള സീറ്റുകൾ ഇന്നും അടുത്ത ദിവസവും തീരുമാനിക്കും. തിങ്കളാഴ്ച തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ചൊവ്വാഴ്ചയോ ബുധനാഴ്ചയോ സ്ഥാനാർഥികളാവും. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ 24 മണിക്കൂറിനകം കമ്മിറ്റി അന്തിമ തീരുമാനമെടുക്കും.