
തിരുവനന്തപുരം: രൂപമാറ്റങ്ങൾ വന്നെങ്കിലും നേമം എന്നപേരിലുള്ള നിയമസഭാ മണ്ഡലത്തിന്റെ ചരിത്രം സംസ്ഥാനത്തെ ആദ്യ തിരഞ്ഞെടുപ്പുമുതൽതന്നെ തുടങ്ങിയതാണ്. ആദ്യ കാലഘട്ടത്തിൽ കമ്യൂണിസ്റ്റ്-സോഷ്യലിസ്റ്റ് പാർട്ടികൾക്കൊപ്പംനിന്ന മണ്ഡലം കോൺഗ്രസ് പക്ഷത്തേക്കു തിരിഞ്ഞത് പെട്ടെന്നാണ്. പക്ഷേ, കെ. കരുണാകരനെ ജയിപ്പിച്ച നേമം പിന്നീട് രണ്ടുപതിറ്റാണ്ടിനടുത്ത് കോൺഗ്രസിനൊപ്പംനിന്നു. ബി.ജെ.പി.ക്ക് കേരള നിയമസഭയിലേക്ക് ആദ്യമായി വഴി തുറന്നുനൽകിയ മണ്ഡലം പക്ഷേ, തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ അതിന് പൂട്ടിട്ടു. അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായി ബി.ജെ.പി. സ്ഥാനാർഥികൾക്ക് വൻ ഭൂരിപക്ഷവും നൽകി. ഇങ്ങനെ പ്രവചനാതീതമാണ് എല്ലാക്കാലത്തും നേമത്തിന്റെ വോട്ടുപക്ഷം.
1957-ലെ ആദ്യ തിരഞ്ഞെടുപ്പിൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയിലെ എം.സദാശിവനാണ് വിജയിച്ചത്. 1960-ൽ പ്രജാ സോഷ്യലിസ്റ്റ് പാർട്ടി(പി.എസ്.പി.)യിലെ പി.വിശ്വംഭരനും 1965-ലും 67-ലും വീണ്ടും സദാശിവനും 1970-ൽ പി.എസ്.പി.യിലെ ജി. കുട്ടപ്പനും നേമത്തുനിന്ന് എം.എൽ.എ.മാരായി. 1977-ൽ എസ്. വരദരാജൻ നായരിലൂടെയാണ് ആദ്യമായി മണ്ഡലം കോൺഗ്രസിനു ലഭിച്ചത്.
പിന്നീട് ഇരുമുന്നണികൾക്കൊപ്പം മാറിമാറി നിന്ന നേമത്ത് 2016-ൽ ഒ.രാജഗോപാലിലൂടെ ബി.ജെ.പി. നിയമസഭയിൽ അക്കൗണ്ട് തുറന്നു.
1982-ൽ മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ മാളയിലും നേമത്തും മത്സരിച്ചു ജയിച്ചു. മാള നിലനിർത്തി നേമം കരുണാകരൻ രാജിവെച്ചതിനെ തുടർന്നു നടന്ന ഉപതിരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ വി.ജെ.തങ്കപ്പനാണ് വിജയിച്ചത്. പിന്നീടങ്ങോട്ട് തുടർച്ചയായ നാലു തിരഞ്ഞെടുപ്പിലും എൽ.ഡി.എഫിനായിരുന്നു വിജയം.
1983, 1987, 1991 തിരഞ്ഞെടുപ്പുകളിൽ വി.ജെ. തങ്കപ്പൻ മണ്ഡലം നിലനിർത്തി. 1996-ൽ വെങ്ങാനൂർ പി. ഭാസ്‌കരൻ കോൺഗ്രസിലെ കെ.മോഹൻകുമാറിനെ പരാജയപ്പെടുത്തി. 2001-ൽ എൻ.ശക്തൻ 56648 വോട്ട് നേടി കോൺഗ്രസിനായി മണ്ഡലം തിരിച്ചുപിടിച്ചു. എതിർസ്ഥാനാർഥിയും സിറ്റിങ് എം.എൽ.എ.യുമായിരുന്ന വെങ്ങാനൂർ ഭാസ്‌കരന് 47291 വോട്ടാണ് ലഭിച്ചത്. 2006-ൽ ശക്തൻ വിജയം ആവർത്തിച്ചു.
ബി.ജെ.പി.ക്ക് വേരോട്ടം തുടങ്ങിയത് ഈ നൂറ്റാണ്ടുമുതൽ
2000-ത്തിനുശേഷം ബി.ജെ.പി.ക്ക് വളക്കൂറുള്ള മണ്ണായി മണ്ഡലം മാറുകയായിരുന്നു. ഈ ഭാഗത്തുനിന്ന് ബി.ജെ.പി. കൗൺസിലർമാർ കോർപ്പറേഷനിലേക്കു ജയിച്ചെത്താൻ തുടങ്ങി. 2011-ൽ മണ്ഡലത്തിന്റെ രൂപംമാറി. നേമത്തിന്റെ ഗ്രാമീണമേഖലകൾ കാട്ടാക്കട മണ്ഡലത്തിന്റെ ഭാഗമായി. പഴയ തിരുവനന്തപുരം ഈസ്റ്റ് മണ്ഡലത്തിന്റെ മുക്കാൽഭാഗത്തോളം പ്രദേശങ്ങളും നേമത്തിലുമായി.
പുതിയ അതിരുകളുള്ള മണ്ഡലം 2011-ൽ വി. ശിവൻകുട്ടി ഇടതുപക്ഷത്ത് എത്തിച്ചു. ബി.ജെ.പി.യിലെ ഒ.രാജഗോപാലാണ് രണ്ടാംസ്ഥാനത്തെത്തിയത്. ശിവൻകുട്ടിക്ക് 50,076 വോട്ടുകളും രാജഗോപാലിന് 43,661 വോട്ടുകളും ലഭിച്ചു. തുടർന്നുള്ള നിയമസഭാ തിരഞ്ഞെടുപ്പുകളിലും യു.ഡി.എഫ്. മൂന്നാംസ്ഥാനത്തായി.
2016-ൽ ഒ.രാജഗേപാൽ 8,671 വോട്ടിന്റെ ഭൂരിപക്ഷത്തിൽ നിയമസഭയിലെത്തി. രാജഗോപാലിന് 67,813 വോട്ട് ലഭിച്ചപ്പോൾ എതിർസ്ഥാനാർഥി വി.ശിവൻകുട്ടിക്ക് 59,142 വോട്ടാണ് ലഭിച്ചത്.
2021-ൽ വി.ശിവൻകുട്ടി 3949 വോട്ടിന് ബി.ജെ.പി.യുടെ കുമ്മനം രാജശേഖരനെ പരാജയപ്പെടുത്തി. കോൺഗ്രസിനായി മത്സരിച്ച കെ.മുരളീധരനായിരുന്നു മൂന്നാംസ്ഥാനത്ത്.
2014, 2019, 2024 ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിലെ ശശി തരൂർ വിജയിച്ചെങ്കിലും നേമം മണ്ഡലത്തിൽ ബി.ജെ.പി.ക്കായിരുന്നു മുൻതൂക്കം. 2014-ൽ 18,046, 2019-ൽ 12,041, 2024-ൽ 22,126 എന്നിങ്ങനെയായിരുന്നു നേമം നിയമസഭാ മണ്ഡലത്തിൽ ബി.ജെ.പി. സ്ഥാനാർഥികളുടെ ലീഡ്.
2020-ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ 20,201 വോട്ടിന്റെ ലീഡും 2025-ലെ തദ്ദേശത്തിൽ 8852 വോട്ടിന്റെയും ഭൂരിപക്ഷമാണ് നേമം മണ്ഡലത്തിന്റെ പരിധിയിൽ ബി.ജെ.പി.ക്കുള്ളത്. ഇത്തവണത്തെ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ നേമത്തെ 22 വാർഡുകളിൽ 17 എണ്ണത്തിൽ ബി.ജെ.പി.യും അഞ്ചെണ്ണത്തിൽ എൽ.ഡി.എഫുമാണ് വിജയിച്ചത്.
ഹെവി വെയ്റ്റ് മത്സരത്തിനു സാധ്യത
ഇത്തവണയും തീപാറുന്ന ത്രികോണമത്സരം തന്നെയാണ് നേമത്ത് പ്രതീക്ഷിക്കുന്നത്. മണ്ഡലം നിലനിർത്താൻ മന്ത്രി വി. ശിവൻകുട്ടിയെത്തന്നെ രംഗത്തിറക്കാനാണ് സി.പി.എമ്മിന്റെ ആലോചന. ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തന്റെ സ്ഥാനാർഥിത്വം പരസ്യമായി പ്രഖ്യാപിച്ചുകഴിഞ്ഞു. തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും തുടങ്ങി. കഴിഞ്ഞതവണ മത്സരത്തിനിറങ്ങിയ കോൺഗ്രസ് നേതാവ് കെ. മുരളീധരൻ ഇത്തവണ നേമത്തുണ്ടാവില്ലെങ്കിലും ശക്തനായ ഒരു സ്ഥാനാർഥിയെയാണ് കോൺഗ്രസ് പരിഗണിക്കുന്നത്. കെ.എസ്. ശബരീനാഥൻ, ടി. ശരത്ചന്ദ്രപ്രസാദ് അടക്കമുള്ള നേതാക്കൾ പരിഗണനയിലുണ്ട്. യുവനേതാക്കളായ പുതുമുഖമെത്താനും സാധ്യതയുണ്ട്.
2025-ലെ തദ്ദേശ തിരഞ്ഞെടുപ്പ്
നേമം മണ്ഡലം- 22 കോർപ്പറേഷൻ വാർഡുകൾ
- ബി.ജെ.പി. -17
- എൽ.ഡി.എഫ്. -5
- യു.ഡി.എഫ്.- 0
Content Highlights: sivankutty for cpm rajeev chandrasekharan for bjp and ks sabarinathan or sarathchandra prasad for congress in nemom assembly seat
Published: 10 Feb 2026, 08:44 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented