‘പാർട്ടിയുടെ ശക്തിയും പിന്നെ മുന്നണിയുടെ ഒരു നയത്തിന്റെ ഒക്കെ ഭാഗമായിട്ടാണല്ലോ അങ്ങനെ ഒരു സ്ഥാനം വരേണ്ടത്.’

കഴിഞ്ഞ അഞ്ചുവർഷമായി തിരഞ്ഞെടുപ്പ് മത്സര രംഗത്ത് നിന്ന് മാറിനിൽക്കുകയാണ് മുൻ വിദ്യാഭ്യാസമന്ത്രിയും മുതിർന്ന മുസ്‌ലിംലീഗ് നേതാവുമായ പി.കെ അബ്ദുറബ്ബ്. കേരളത്തിലെ ഏറ്റവും ഒടുവിലത്തെ ഉപമുഖ്യമന്ത്രിയായിരുന്ന കെ.അവുക്കാദർ കുട്ടി നഹയുടെ മകന്, മന്ത്രിപദവി എളുപ്പകാലമായിരുന്നില്ല. സ്‌കൂളുകളിലെ പച്ചബോർഡ്, പച്ചസാരി, ഓണപ്പരീക്ഷ തുടങ്ങിയവയുടെ പേരിൽ വലിയ വിമർശനവും കളിയാക്കലും നേരിട്ട കാലമായിരുന്നു അബ്ദുറബ്ബിന്റെ മന്ത്രിക്കാലം. ഗോപാലേട്ടന്റെ പശുപോലും ജയിച്ച എസ്.എസ്.എൽ.സി കാലം എന്നുപറഞ്ഞ് എതിരാളികൾ അന്ന് ട്രോളി. പത്ത് വർഷത്തിനുശേഷം കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലും രാഷ്ട്രീയത്തിലും അബ്ദുറബ്ബിലും എന്തൊക്കെ മാറ്റമുണ്ടായി. അബ്ദുറബ്ബ് മാതൃഭൂമി ഡോട് കോമുമായി സംസാരിക്കുകയാണ്.
സംഭവബഹുലമായിരുന്നു താങ്കളുടെ മന്ത്രിക്കാലം. എസ്എസ്എൽസി ഫലത്തിന്റെയും സ്‌കൂളിലെ പച്ചബോർഡിന്റെയുമെല്ലാം പേരിൽ വലിയ വിമർശനങ്ങൾക്കും കളിയാക്കലുകൾക്കും പാത്രമായി. പത്ത് വർഷത്തിനിപ്പുറം കേരളത്തിന്റെ വിദ്യാഭ്യാസ മേഖല മാറിയോ?
ഗോപാലേട്ടന്റെ പശുപോലും ജയിച്ച എസ്എസ്എൽസി കാലം എന്നുപറഞ്ഞ് അന്ന് ട്രോളിയവരാണല്ലോ ഇപ്പോൾ കേരളം ഭരിക്കുന്നത്. എന്നിട്ട് കഴിഞ്ഞ വർഷത്തെ എസ്എസ്എൽസി ഫലത്തിന്റെ ശതമാനം എത്രയായിരുന്നു. 99.5 ശതമാനമായിരുന്നല്ലേ? എന്തേ ഇവർക്കിപ്പോൾ ഒന്നും പറയാനില്ലേ. ഞാൻ മന്ത്രിയായിരുന്ന കാലത്ത് 91 മുതൽ 96 ശതമാനം വരെയായിരുന്നു എസ്എസ്എൽസി വിജയശതമാനം. അന്നത്തെ വിദ്യാഭ്യാസ വിദഗ്ധരുടെയും അവരുടെ നിർദേശത്താൽ ഉയർന്ന് വന്ന കരിക്കുലത്തിന്റെയുമൊക്കെ അടിസ്ഥാനമാക്കിയാണ് അന്ന് ഫലം പ്രസിദ്ധീകരിച്ചിരുന്നത്. പക്ഷേ, അന്ന് ഇടതുപക്ഷം പ്രതിപക്ഷത്തായത് കൊണ്ട് വിജയശതമാനം 96 ശതമാനം ഉയർത്തി എന്നൊക്കെ പറഞ്ഞ് ട്രോളി. ഇത് തെറ്റാണെങ്കിൽ ഇടതുപക്ഷം വന്നപ്പോൾ ആ നിലപാടിൽ നിന്ന് പിൻവാങ്ങേണ്ടിയിരുന്നില്ലേ. വിദ്യാഭ്യാസ വകുപ്പിൽ സ്‌കൂൾതലത്തിലും കോളേജ് തലത്തിലും ഏറ്റവും കൂടുതൽ കാര്യങ്ങൾ നടന്ന ഒരു കാലമായിരുന്നു ഞാൻ മന്ത്രിയായിരുന്ന കാലം. ഹൈസ്‌കൂൾ ഇല്ലാത്ത എല്ലാ പഞ്ചായത്തിലും ഹൈസ്‌കൂൾ അനുവദിച്ചു, ഹയർ സെക്കൻഡറി അനുവദിച്ചു, കോളേജ് ഇല്ലാത്ത മണ്ഡലങ്ങളിൽ കോളേജ് അനുവദിച്ചു. വിദേശ സർവകലാശാലകൾക്ക് ശ്രമിച്ചപ്പോൾ ഇന്ന് ഭരിക്കുന്നവരുടെ യുവജന, വിദ്യാർഥി സംഘടനകളല്ലേ ടി.പി ശ്രീനിവാസനെ ആക്രമിച്ചത്.
ഇപ്പോൾ ഇടതുപക്ഷം അവരുടെ ഭരണനേട്ടമായി പ്രധാനമായും പറയുന്നത് കേരളത്തിലെ സ്‌കൂളുകളുടെ വികസനമാണ്. പക്ഷേ, എന്താണ് വികസിച്ചത് സ്‌കൂളിന്റെ സ്റ്റാൻഡേർഡാണോ അതോ സുന്ദരമായ കെട്ടിടങ്ങളാണോ? കുറെ കടം വാങ്ങി കെട്ടിടങ്ങൾ നന്നാക്കിയത് കൊണ്ട് മാത്രം എല്ലാം ആയെന്നാണോ ധാരണ. കേരളം കോടിക്കണക്കിന് രൂപയുടെ കടക്കാരാണ്. ഇടതുപക്ഷ സർക്കാർ വരുന്നതിന് മുമ്പ് ഒന്നരലക്ഷം കോടി രൂപ ആയിരുന്ന നമ്മുടെ പൊതുകടം ഇന്ന് ആറ് ലക്ഷം കോടിയിൽ അധികമായിരിക്കുകയാണ്. ഇതിന് പുറമെയാണ് കിഫ്ബിയിൽ നിന്ന് കിട്ടുന്ന കടം. ആ കോടികൾ എടുത്തിട്ടാണ് കുറെ സ്‌കൂളുകൾ നന്നാക്കിയത്. എന്നിട്ട് എല്ലാ സ്‌കൂളുകളും നന്നായോ. വിദ്യാർഥികൾക്ക് സ്‌കൂളിൽ നിന്നല്ലേ പാമ്പ്കടിയേറ്റത്. അതേസമയം ഗുണനിലവാരത്തിന്റെ കാര്യത്തിൽ എന്താണ് സ്ഥിതിയെന്ന് കൂടി അന്വേഷിച്ച് നോക്കിയാൽ നമുക്ക് കാര്യങ്ങൾ വ്യക്തമാവും.
കേരളത്തിലെ അവസാനത്തെ ഉപമുഖ്യമന്ത്രിയായിരുന്നു താങ്കളുടെ പിതാവ്. ഉപമുഖ്യമന്ത്രി സ്ഥാനം ഇനിയും ഉണ്ടാവേണ്ടതാണ് എന്ന് തോന്നിയിട്ടുണ്ടോ?
അത് ഒരോ സാഹചര്യത്തിലുള്ള മുന്നണികളുടെ സീറ്റുകളും അതിൽ വരുന്ന മുന്നണികളുടെ ഒന്നാം കക്ഷി, രണ്ടാം കക്ഷി തുടങ്ങി അതിന്റെ ഭാഗമായിട്ടൊക്കെ വരുന്നതാണ്. ആദ്യം വന്നത് ആർ.ശങ്കർ ഉള്ളപ്പോഴാണ്. പിന്നീട് സി.എച്ച് മുഹമ്മദ് കോയ ആയി. കരുണാകരനും സി.എച്ചും മുഖ്യമന്ത്രി ആയിരുന്ന ആളുകളാണ്. ഇതിൽ സി.എച്ച് മരിച്ചപ്പോൾ ആ സ്ഥാനത്തേക്ക് പിതാവിന് വരേണ്ടി വന്നതാണ്. പാർട്ടിയുടെ ശക്തിയും പിന്നെ മുന്നണിയുടെ ഒരു നയത്തിന്റെ ഒക്കെ ഭാഗമായിട്ടാണല്ലോ അങ്ങനെ ഒരു സ്ഥാനം വരേണ്ടത്. ഒരു രണ്ടാം പാർട്ടി എന്ന നിലയിലും മുന്നണിയിലെ പ്രബല ശക്തി എന്ന നിലയിലും തീർച്ചയായും ഉപമുഖ്യമന്ത്രി സ്ഥാനം എന്നത് ലീഗ് അർഹിക്കുന്ന സ്ഥാനമാണ്.
വിദ്യാഭ്യാസമന്ത്രിയായിരുന്ന കാലത്ത് എടുത്ത തീരുമാനങ്ങളിൽ ഏതെങ്കിലും വേണ്ടായിരുന്നു എന്ന് തോന്നിയിട്ടുണ്ടോ?
ഒരിക്കലുമില്ല. 2007-ന ശേഷം 2011-ൽ ഞാൻ മന്ത്രിയായി വരുന്ന സമയത്താണ് പാഠ്യപദ്ധതി പൂർണമായും പരിഷ്‌കരിച്ചത്. വിദഗ്ധരായ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി വിശദമായ പഠനത്തിന് ശേഷമായിരുന്നു ഈ പരിഷ്‌കരണം. ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള മുഴുവൻ പുസ്തകങ്ങളും പരിഷ്‌കരിച്ചു. മൂന്ന് ഘട്ടങ്ങളിലായിട്ടായിരുന്നു പരിഷ്‌കരണം. ഈ സർക്കാർ വന്നതിനുശേഷം ഇതുവരെ ആയിട്ടും അവർക്ക് പാഠ്യപദ്ധതി പരിഷ്‌കരണം പൂർണമായും നടപ്പിലാക്കാനായിട്ടില്ല. അതിന് മുമ്പ് എം.എ. ബേബി മന്ത്രിയായിരുന്ന സമയത്താണ് മതമില്ലാത്ത ജീവൻ എന്ന പുസ്തകത്തിന്റെ പ്രശ്‌നം വന്നതും വലിയ വിവാദമായതും. പിന്നെ നമ്മൾ വന്നതിന് ശേഷം ഇത്തരം വിവാദങ്ങളൊന്നും ഇല്ലാതെ ഏറെ ശ്രദ്ധയോടെയായിരുന്നു പാഠപുസ്തക പരിഷ്‌കരണം. അതുകൊണ്ടുതന്നെ അന്നുണ്ടാക്കിയ പുസ്തകത്തെ കുറിച്ച് ഈ നിമിഷം വരെ അതിലുള്ള ഏതെങ്കിലും ഒരു പാഠഭാഗത്തെ കുറിച്ചോ അതിലുള്ള ഒരു വാക്കിനെ കുറിച്ചോ ഒരു പരാതിയും വന്നിട്ടില്ല.
കഴിഞ്ഞതവണ തിരഞ്ഞെടുപ്പിൽ യുഡിഎഫ് തോറ്റതിനുശേഷം താങ്കൾ ഫെയ്‌സ്ബുക്കിലൂടെ വലിയ വിമർശനമൊക്കെ ഉയർത്തിയിരുന്നു മണ്ഡലം അറിയാത്ത സ്ഥാനാർഥികളെ നിർത്തി എന്നൊക്കെ പറഞ്ഞ്. അങ്ങനെയുള്ള വിഷയങ്ങളൊക്കെ ഉൾക്കൊണ്ടായിരിക്കുമോ ഇത്തവണത്തെ സ്ഥാനാർഥി നിർണയവും?
ഏതെങ്കിലും വ്യക്തികൾക്കെതിരെയൊന്നുമായിരുന്നില്ല എന്റെ വിമർശനം. ഒരു സ്വയം വിമർശനം എന്ന രീതിയിലായിരുന്നു. അതൊക്കെ ഉൾക്കൊണ്ടോ എന്ന് ചോദിച്ചാൽ എനിക്ക് ഇപ്പോൾ ഒന്നും പറയാൻ പറ്റില്ല. വിമർശനങ്ങൾ നല്ലതാണെങ്കിൽ അത് ആരാണെങ്കിലും ഉൾക്കൊള്ളും ഇല്ലെങ്കിൽ തള്ളിക്കളയും. സ്ഥാനാർഥി നിർണയമൊന്നും ആയിട്ടില്ലല്ലോ നോക്കാം.
യുഡിഎഫ് ഭരിക്കുമ്പോൾ എക്കാലത്തും വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല ലീഗിനായിരിക്കും. ലീഗിന് ഏറെ സ്വാധീനമുള്ള ജില്ല എന്ന നിലയിൽ പ്ലസ്ടു സീറ്റിന്റെ കാര്യത്തിലൊക്കെ എപ്പോഴും പരാതി ഉയരുന്നതാണ്. അത് പൂർണമായും പരിഹരിക്കാൻ കഴിഞ്ഞിട്ടുണ്ടോ?
ഒരു വലിയ അളവോളം പരിഹരിച്ചിട്ടുണ്ട്. അവിടെ വരുന്ന ഒരു കുഴപ്പം എന്താണെന്ന് വെച്ചാൽ പത്തോ പതിനഞ്ചോ വർഷം മുമ്പ് മലപ്പുറം ജില്ലയിൽ നിന്ന് എസ്എസ്എൽസിയോ പ്ലസ്ടുവോ പാസാവുന്ന കുട്ടികളുടെ എണ്ണത്തിൽ നിന്ന് എത്രയോ ഇരട്ടിയാണ് ഇപ്പോൾ വന്നിരിക്കുന്നത്. അതിന്റെ ഭാഗമായിട്ടാണ് സീറ്റുകൾ മതിയാകാതെ വരുന്നത്. ഇതൊക്കെ പരമാവധി അന്നുതന്നെ പരിഹരിച്ചിട്ടുണ്ട്. അന്നില്ലാത്ത ഒരു പുതിയ കാര്യം ഇപ്പോൾ വന്നിരിക്കുന്നത് എന്താണെന്നുവെച്ചാൽ നല്ലൊരു ശതമാനം കുട്ടികൾ ഇപ്പോൾ പുറത്തേക്ക് പോവുകയാണ്. പലരും പ്ലസ്ടുവൊക്കെ കഴഞ്ഞ് യുകെയിലേക്കും കാനഡയിലേക്കും ഓസ്ട്രേലിയയിലേക്കുമൊക്കെ പോവുന്നു. അപ്പോ അതിന്റെ കുറവ് ഇവിടെയുണ്ടാകും. സാമ്പ്രദായിക വിദ്യാഭ്യാസരീതിയിൽ നിന്നും മാറി കുട്ടികൾ മറ്റ് കോഴ്‌സുകൾ തേടിപ്പോവുകയാണ്. എല്ലാവർക്കും സീറ്റ് കിട്ടുന്നുണ്ടോ എന്നൊക്കെ ചോദിച്ചാൽ ഉണ്ട് എന്ന് പറയാൻ പറ്റില്ല.
പച്ചബോർഡ് വിവാദത്തിന്റെയൊക്കെ യാഥാർഥ്യമെന്തായിരുന്നു?
അതൊന്നും മന്ത്രിയെന്ന നിലയിൽ എന്റെ നിർദേശപ്രകാരമൊന്നുമായിരുന്നില്ല. യഥാർഥത്തിൽ അന്താരാഷ്ട്ര സ്റ്റാൻഡേർഡ് അനുസരിച്ച് പച്ചയും നീലയും വെള്ളയുമൊക്കെയാണ് ബോർഡുകൾ. പഴയ രീതിയിൽ മരത്തിന്റെ ബോർഡിൽ കറുപ്പടിച്ചുള്ള ബോർഡൊന്നുമല്ല. അന്നത്തെ കാര്യമെന്താണെന്ന് വെച്ചാൽ ഇവിടെ കക്കാട് ഒരു സ്‌കൂളിന്റെ പണി നടക്കുന്നുണ്ടായിരുന്നു. അതിന്റെ കോൺട്രാക്ട്രർ, ഒരുപക്ഷെ അധ്യാപകർ പറഞ്ഞിട്ടുണ്ടാവും അവർ അവിടെ സ്‌കൂളിൽ ഒരു ബോർഡ് വെച്ചു. അതാണ് അന്ന് ഏതോ ഒരു പത്രം വാർത്തയാക്കുകയും വിവാദമാവുകയും ചെയ്തത്. ഞാൻ ലീഗ് കാരൻ ആയതുകൊണ്ട് എന്റെ നിർദേശപ്രകാരം ബോർഡ് വെച്ചു എന്നായി. അതാണ് അതിന്റെ കഥ. ഇന്നിപ്പോ ഏത് കോളേജിൽ പോയാലും ഇത്തരത്തിലുള്ള ബോർഡുകൾ കാണാം. കുട്ടികളെ സംബന്ധിച്ച് പച്ചയ്ക്ക് കണ്ണുമായി നല്ല ബന്ധമുണ്ട്. പച്ച, നീല, വെള്ള എന്നിവയെല്ലാം കണ്ണിന് ശരിക്കും നല്ല നിറങ്ങളാണ്. മാത്രമല്ല ഇതിൽ ചോക്കുകൊണ്ടല്ല മറ്റൊരു പേനകൊണ്ടാണ് എഴുതുന്നത്. ഇത് പൊടിയും മറ്റും ഇല്ലാതാക്കാനും നല്ലതാണ്.
മറ്റൊന്ന് അധ്യാപികമാരുടെ സാരിയുടെ നിറവുമായി ബന്ധപ്പെട്ടായിരുന്നു. അങ്ങനെയൊരു പച്ചസാരി ഇല്ലായിരുന്നുവെന്നതാണ് സത്യം. അരീക്കോട് ഒരു സ്‌കൂളിൽ അവിടെ പ്ലസ്ടു ക്ലാസ് ഉണ്ട്. അതൊരു മുസ്ലീം മാനേജ്‌മെന്റ് സ്‌കൂളാണ്. അന്ന് ചുരിദാർ എല്ലാവരും ഇടില്ല. സാരിയാണ് അധ്യാപികമാർ ധരിച്ചിരുന്നത്. ബോർഡിലൊക്കെ എഴുതുമ്പോൾ സാരി ധരിക്കുന്ന അധ്യാപികമാർക്ക് അവരുടേതായ ചില ബുദ്ധിമുട്ടുകൾ വന്നു. മുന്നിലിരിക്കുന്നത് പ്ലസ്ടു വിദ്യാർഥികൾ ആയതുകൊണ്ട് തന്നെ മാനേജ്‌മെന്റ് അവർക്ക് ഒരു ഓവർകോട്ട് നൽകി. ഇതിന്റെ നിറം പച്ചയായിരുന്നില്ല എന്നാൽ അതിനോട് സാമ്യമുള്ളതായിരുന്നു. ഇതും ഞാൻ പറഞ്ഞിട്ട് പച്ച ധരിപ്പിച്ചു എന്ന തരത്തിലാണ് വാർത്തകൾ വന്നത്.
അന്ന് വിമർശിച്ച സിപിഎം ഇന്നെന്താണ് ചെയ്യുന്നത്. ഞാനിപ്പോ വരുമ്പോൾ ഒരു സ്‌കൂളിന് ചുവപ്പ് പെയിന്റടിച്ചത് കണ്ടു. സാധാരണ ഏതെങ്കിലും സ്‌കൂളിന് ചുവപ്പ് പെയിന്റ് അടിക്കുമോ. മാത്രമല്ല പാലങ്ങളുടെ കൈവരികൾക്കെല്ലാം ഇവർ തന്നെയല്ലേ ഇപ്പോൾ ചുവപ്പ് പെയിന്റ് അടിക്കുന്നത്. അപ്പോൾ ഭരണം കിട്ടുമ്പോൾ അവർ മറ്റെല്ലാം മറന്ന് അങ്ങനെ ചെയ്യുന്നു അത്ര തന്നെ.
ഇപ്പോഴും ചില കാര്യങ്ങൾ പറയുമ്പോൾ എന്നെയാണ് പറയുക. ശരിക്കും ഞാൻ ചെയ്ത കാര്യത്തിനൊന്നും അല്ല ഇന്നും എനിക്ക് ട്രോളുകളും വിമർശനങ്ങളും വരുന്നത്. ഞാൻ ഫെയ്‌സ്ബുക്കിലൊക്കെ എന്ത് പോസ്റ്റിട്ടാലും ഈ കാര്യങ്ങളെല്ലാം പറഞ്ഞാണ് കമന്റ് ചെയ്യുന്നത്. ഗോപാലേട്ടന്റെ പശുവിന്റെ കാര്യവും മഴയത്ത് കയറി നിന്നവർ ജയിച്ചുവെന്നും ഓണപരീക്ഷയുടെ കാര്യമൊക്കെ പറഞ്ഞാണ് കമന്റ്. അത് ഞാൻ അങ്ങനെ വിടും.
ജയിൽ പുള്ളികളുടെ വരുമാനം വർധിപ്പിച്ച സംസ്ഥാനത്താണ് സംസ്ഥാനത്തെ സ്‌കൂളുകളിൽ ഉച്ചക്കഞ്ഞി വിതരണം ചെയ്തതിന്റെ പേരിൽ ഒരുപാട് അധ്യാപകർ കടക്കെണിയിലായിരിക്കുന്നത്?
ശരിയാണ്. അധ്യാപകർ തങ്ങളുടെ ജോലിപോകുമോ എന്ന് പേടിച്ചാണ് ഒന്നും തുറന്നുപറയാത്തത്. ഉച്ചക്കഞ്ഞി വിതരണം ചെയ്തതിന്റെ പേരിൽ പ്രധാന അധ്യാപകരാണ് ഇന്ന് കടക്കെണിയിലായിരിക്കുന്നത്. സ്‌കൂളിലെ കുട്ടികൾക്ക് ഭക്ഷണം ഉറപ്പാക്കുന്ന അധ്യാപകരെ പരിഗണിക്കുകയല്ലേ ആദ്യം സർക്കാർ ചെയ്യേണ്ടത്. അല്ലെങ്കിൽ സ്‌കൂളുകളിൽ മുടങ്ങിയ സ്‌കോളർഷിപ്പികൾക്ക് പണം അനുവദിക്കുന്നതിനല്ലേ പ്രാധാന്യം കൊടുക്കേണ്ടത്. അല്ലാതെ കൊലപാതകവും ബലാത്സംഗവുമൊക്കെ ചെയ്ത് ജയിലിൽ കഴിയുന്നവർക്ക് കൂലി വർധിപ്പിക്കുകയാണോ ചെയ്യേണ്ടത്.
അവരുടെ പാർട്ടിക്കാരാണ് ഏറ്റവും കൂടുതൽ ജയിലിൽ കിടക്കുന്നത് എന്നതുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. ഉച്ചക്കഞ്ഞിയുടെ കണക്കിൽ എത്രയോ പണമാണ് സർക്കാരിൽ നിന്ന് പ്രധാനധ്യാപകർക്ക് കിട്ടാനുള്ളത്. പലരും മറ്റ് സ്ഥലങ്ങളിൽ നിന്ന് കടംവാങ്ങിയാണ് കാര്യം നടത്തുന്നത്. അതിന് പുറമെയാണ് ബിരിയാണി കൊടുക്കാൻ നിർദേശിച്ചത്. ഇവർ ചെയ്യാൻ കഴിയുന്ന കാര്യം പറഞ്ഞാൽ പോരെ.
Content Highlights: Former Education Minister PK Abdurabb discusses changes in Kerala`s education sector and politics after 10 years. Watch the interview with Mathrubhumi.
Published: 17 Jan 2026, 11:35 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented