കേരള രാഷ്ട്രീയത്തിൽ തുടർഭരണം എന്ന പുതിയ അധ്യായം എഴുതിച്ചേർത്തായിരുന്നു 2021-ൽ എൽഡിഎഫ് കേരളത്തെ ഞെട്ടിച്ചത്. എത്ര നല്ല രീതിയിൽ ഭരണം നടത്തിയാലും അഞ്ചുകൊല്ലത്തിനപ്പുറം അക്കാലമത്രയും ഒരു സർക്കാരിനെയും ജനങ്ങൾ വാഴ്ത്തിയിരുന്നില്ല. ഇതിനായിരുന്നു 2021-ൽ മാറ്റം വന്നത്. സമാനമെന്നോണം ഇടതിന് തുടർഭരണം പ്രതീക്ഷിച്ച കാലമായിരുന്നു 1991. എന്നാൽ രാജ്യത്തെ ഞെട്ടിച്ച ഒരു കൊലപാതകം ഈ സാധ്യതകളെയെല്ലാം ഇല്ലാതാക്കി. അന്ന് കേരളം ഭരിക്കുന്നത് നായനാർ സർക്കാർ. തുടർഭരണം പ്രതീക്ഷിച്ച് തദ്ദേശ സ്ഥാപനങ്ങളുടെ മുൻരൂപമായ ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പിൽ നേടിയ വലിയ വിജയത്തിന്റെ ചുവടുപിടിച്ച്‌ ഒരുവർഷം മുന്നെ സർക്കാരിനെ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുകയായിരുന്നു എൽ.ഡി.എഫ്. പക്ഷെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കൊലപാതകം ഇങ്ങ് കേരളത്തിലും ഒരു തിരഞ്ഞെടുപ്പിനെ തന്നെ മാറ്റി മറിക്കുകയായിരുന്നു.

To advertise here,

'ശ്രീപെരുംപുത്തൂരിലുണ്ടായ ചാവേർ ബോംബ് സ്‌ഫോടനത്തിൽ മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ടിരിക്കുന്നു'-1991 മേയ് 21-ന് രാത്രി പതിനൊന്നുമണിയോടെയായിരുന്നു ആ വാർത്ത പുറത്തുവന്നത്. വിധിയെഴുത്തിലേക്ക് വെറും 30 മണിക്കൂർ മാത്രം സമയമുള്ളപ്പോഴായിരുന്നു രാജീവ് ഗാന്ധിയുടെ കൊലപാതകം നടന്നത്. മേയ് 23-ന് നടക്കേണ്ട തിരഞ്ഞെടുപ്പ് അങ്ങനെ ജൂൺ 18-ലേക്ക് നീട്ടി. രാജീവിന്റെ മരണത്തിൽ രാജ്യമെമ്പാടുമുണ്ടായ സഹതാപതരംഗം കേരളത്തിലും ആഞ്ഞടിച്ചു. ഇടതുമുന്നണിയുടെ തുടർഭരണ മോഹങ്ങൾ പൊലിഞ്ഞു. 90 സീറ്റുമായി കെ. കരുണാകരൻ സർക്കാർ അധികാരത്തിലെത്തി. ഇങ്ങനെ കേരളം ശ്രദ്ധിച്ച ഒറ്റ സംഭവം തിരഞ്ഞെടുപ്പിന്റെ തലവരതന്നെ മാറ്റിയെഴുതിയ എത്രയോ സംഭവങ്ങൾ കേരള രാഷ്ട്രീയ ചരിത്രത്തിൽ നേരത്തെയുമുണ്ടായിരുന്നു.

  • വിമോചനസമരം

തെക്കുതെക്കൊരു ദേശത്ത്, ഫ്‌ളോറിയെന്നൊരു ഗർഭിണിയെ, വെടിവെച്ചുകൊന്ന സർക്കാരേ, പകരം ഞങ്ങൾ ചോദിക്കും

1959-ൽ വിമോചനസമരകാലത്ത് അലയടിച്ച ഈ മുദ്രാവാക്യം ഒരു വർഷത്തിനിടെ നടന്ന രണ്ടാംനിയമസഭാ തിരഞ്ഞൈടുപ്പിലും അണയാതെനിന്നു. 28 മാസം മാത്രമായ ഇ.എം.എസ്. സർക്കാരിനെ പിരിച്ചുവിട്ടതിനെത്തുടർന്ന് നടന്ന തിരഞ്ഞെടുപ്പ്. സ്വഭാവികമായും നിർണായകമായത് വിമോചനസമരം. വിമോചനസമരകാലത്ത് ഒരുമിച്ച കോൺഗ്രസ്, പി.എസ്.പി., മുസ്ലിം ലീഗ് തുടങ്ങിയ കക്ഷികളെല്ലാം ഒറ്റക്കെട്ടായിനിന്നു. ആദ്യതിരഞ്ഞെടുപ്പിൽ കേരളം ഇടതുപക്ഷത്തേക്ക് ചാഞ്ഞപ്പോൾ വിമോചനസമരാനന്തരം ചായ്വ് വലത്തോട്ടായി.

  • ഭരണം മാറ്റിയ തങ്കമണി ബസ്

ഒരു ബസ് സർവീസിനെച്ചൊല്ലിയുണ്ടായ ചെറിയൊരു തർക്കം. അത് ആളിപ്പടർന്നതോടെ ഒരു മുന്നണിയുടെ അധികാരത്തിലേക്കുള്ള വഴിതന്നെയടഞ്ഞു. 1986 ഒക്ടോബർ 21-ന് ഇടുക്കിയിലെ കട്ടപ്പന-തങ്കമണി റൂട്ടിലോടുന്ന ബസിൽ സംഭവങ്ങളുടെ തുടക്കം. തങ്കമണി ജങ്ഷനിലെത്താതെ ഒരു കിലോമീറ്റർ അപ്പുറം സർവീസ് അവസാനിപ്പിക്കുന്നതിനെച്ചൊല്ലി ബസ് ജീവനക്കാരും വിദ്യാർഥികളും തമ്മിൽ സംഘർഷമുണ്ടായി. വിദ്യാർഥികൾക്കൊപ്പം നാട്ടുകാരുംകൂടി. ബസ്സുടമയ്‌ക്കൊപ്പം പോലീസും. ലാത്തിച്ചാർജ്, പിന്നെ വെടിവെപ്പും. ഒരാൾ തത്ക്ഷണംമരിച്ചു. രാത്രിയോടെ പ്രദേശത്തെ വീടുകളിൽ പോലീസ് നരനായാട്ട് ആരംഭിച്ചു. വീട്ടിൽ തനിച്ചായ സ്ത്രീകളെ പോലീസ് കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന് ആരോപണമുയർന്നു. കെ. കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ നടന്ന സംഭവം അദ്ദേഹത്തിന്റെ പ്രതിച്ഛായക്ക് വലിയ മങ്ങലേൽപ്പിച്ചു. 87-ലെ തിരഞ്ഞെടുപ്പിൽ ഇടതുമുന്നേറ്റത്തിന് ഇതും ഒരുകാരണമായി.

  • ചാരക്കേസും ചാരായവും

തുടക്കം ചാരക്കേസ്. അതിന്റെ പരിക്ക്‌ മറികടക്കാൻ ചാരായനിരോധനം. പക്ഷേ, 1996-ൽ തിരഞ്ഞെടുപ്പുഫലം വന്നപ്പോൾ ചാരക്കേസിനുമുന്നിൽ ചാരായം ആവിയായെന്ന് വ്യക്തമായി. 1994 സെപ്റ്റംബറിൽ മാലദ്വീപ് സ്വദേശി മറിയം റഷീദയുടെ അറസ്റ്റോടെയായിരുന്നു ഐ.എസ്.ആർ.ഒ. ചാരക്കേസിന്റെ തുടക്കം. കോൺഗ്രസിൽ കെ. കരുണാകരനെതിരേയുള്ള കരുനീക്കമായി ഇതുമാറി. തിരഞ്ഞെടുപ്പിന് ഒരുവർഷം മാത്രമുള്ളപ്പോൾ കരുണാകരന് രാജിവെച്ചൊഴിയേണ്ടിവന്നു. എ.കെ. ആന്റണി മുഖ്യമന്ത്രിയായി. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ചാരായനിരോധനം നടപ്പാക്കിയെങ്കിലും ചാരക്കേസുയർത്തിയ പുക മറികടക്കാനുള്ള ശേഷി അതിനുണ്ടായിരുന്നില്ല.

  • ഐസ്‌ക്രീമിൽ അലിഞ്ഞു സോളാറിൽ ഉരുകി

2006-ൽ ഐസ്‌ക്രീമിൽ അലിഞ്ഞു, 2016-ൽ സോളാറിൽ ഉരുകി. ഈ വർഷങ്ങളിലെ യു.ഡി.എഫ്. സർക്കാരിന്റെ പതനത്തെ ഇങ്ങനെ വിശേഷിപ്പിക്കാം. 2006-ൽ ഐസ്‌ക്രീം പാർലർ പീഡനക്കേസ് ഉൾപ്പെടെയുള്ള ആരോപണങ്ങളായിരുന്നു തിരഞ്ഞെടുപ്പിനെ സ്വാധീനിച്ച പ്രധാനഘടകം. ആരോപണങ്ങളെത്തുടർന്ന് ആന്റണി സർക്കാരിന് ഭരണത്തിന് ഒരുവർഷം മാത്രമുള്ളപ്പോൾ രാജിവെക്കേണ്ടിവന്നു. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായി മന്ത്രിസഭ അഴിച്ചുപണിതു. എങ്കിലും ഇടതുപ്രചാരണം മറികടക്കാനായില്ല. 98 സീറ്റിലാണ് അത്തവണ എൽഡിഎഫ് വിജയിച്ചു കയറിയത്. വി.എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയുമായി. അന്ന് കുഞ്ഞാലിക്കുട്ടിയും പരാജയപ്പെട്ടു. കുറ്റിപ്പുറത്ത് എൽഡിഎഫ് സ്വതന്ത്രനായി മത്സരിച്ച കെ.ടി ജലീലിൽ കുഞ്ഞാലിക്കുട്ടിക്കെതിരെ 8781 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയിച്ച് കയറിയത്. ഇതിന് ശേഷം സോളാർ കേസും ബാർ കോഴയുമായിരുന്നു  2016-ലെ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ സാധ്യതകളെ വലിയൊരാളവുവരെ ഇല്ലാതാക്കിയത്.