കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിലെ ബി.ജെ.പി. സ്ഥാനാർഥിപ്പട്ടികയിൽ വെട്ടും തിരുത്തും. സംസ്ഥാന നേതൃത്വം ഏകദേശ ധാരണയിലെത്തിയ സ്ഥാനാർഥിപ്പട്ടികയാണ് തിരുത്തുന്നത്. മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ മഞ്ചേശ്വരത്ത് സ്ഥാനാർഥിയാകുമെന്നതാണ് പ്രധാന മാറ്റം. സുരേന്ദ്രനെ പാലക്കാട്ട് സ്ഥാനാർഥിയാക്കാനാണ് സംസ്ഥാന നേതൃത്വം ധാരണയിലെത്തിയിരുന്നത്. പന്നീട് വട്ടിയൂർക്കാവിൽ സുരേന്ദ്രന്റെ പേര് ഒരുവിഭാഗം ഉയർത്തിക്കൊണ്ടുവന്നു. മഞ്ചേശ്വരത്തേക്ക് മാറാൻ സുരേന്ദ്രനോട് കേന്ദ്രനേതൃത്വം നിർദേശിച്ചതായാണ് വിവരം.
മറ്റു പാർട്ടികളിൽനിന്ന് രാജിവെച്ചെത്തുന്നവർ, പൊതുസമ്മതിയുള്ള സ്വതന്ത്രർ എന്നിവരെ ‘സർപ്രൈസ്’ സ്ഥാനാർഥികളായി അവതരിപ്പിക്കാനുള്ള സാധ്യത സംബന്ധിച്ച് കേന്ദ്രനേതൃത്വം സൂചന നൽകിയിട്ടുണ്ടെന്നാണ് അറിയുന്നത്. മുതിർന്ന നേതാവ് പി.എസ്. ശ്രീധരൻപിള്ളയെ ചെങ്ങന്നൂരിൽ മത്സരിപ്പിക്കണമെന്ന ആവശ്യം നേതൃത്വത്തിന് മുന്നിലെത്തിയിട്ടുണ്ട്. ചെങ്ങന്നൂരിൽ എം.ടി. രമേശിനെ മത്സരിപ്പിക്കണമെന്ന് ഒരുവിഭാഗം വാദിക്കുന്നു. പ്രാദേശിക നേതാക്കൾ തമ്മിൽ സ്ഥാനാർഥിത്വത്തിന് മത്സരിക്കുന്ന മണ്ഡലങ്ങളിൽ പുറമേനിന്നുള്ള സ്ഥാനാർഥികളെ കൊണ്ടുവരാനും നീക്കമുണ്ട്.
ജനുവരി രണ്ടാംവാരം സ്ഥാനാർഥികളെ പ്രഖ്യാപിക്കാനായിരുന്നു ആദ്യ തീരുമാനം. ആ സമയത്ത് വട്ടിയൂർക്കാവ് അടക്കമുള്ള മണ്ഡലങ്ങൾ സംബന്ധിച്ച് തർക്കവും അനിശ്ചിതത്വവും ഉയർന്നുവരികയായിരുന്നു. ട്വൻറി ട്വൻറിയുമായുള്ള ചർച്ചകൾ പുരോഗമിക്കുകയും, ശോഭാ സുരേന്ദ്രനെ മത്സരിപ്പിക്കാൻ തീരുമാനിച്ചിരുന്ന കായംകുളം അടക്കമുള്ള ചില മണ്ഡലങ്ങളിൽ ബി.ഡി.ജെ.എസ്. അവകാശവാദം ശക്തമാക്കുകയും ചെയ്തതോടെ പ്രഖ്യാപനം നീണ്ടു. പ്രധാനമന്ത്രി വന്നുമടങ്ങിയതിനു പിന്നാലെ സ്ഥാനാർഥി ചർച്ചയ്ക്കായി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ഡൽഹിയിലേക്ക് പോയിട്ടുണ്ട്. ജയസാധ്യതയുള്ള 35 മണ്ഡലങ്ങളിൽ ഫെബ്രുവരി ആദ്യയാഴ്ചയെങ്കിലും സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാണ് ശ്രമം.
35 മണ്ഡലങ്ങളിലും ഉടൻ ബൂത്തുതല ശില്പശാലകൾ പൂർത്തിയാക്കാൻ കേന്ദ്രനേതൃത്വം നിർദേശിച്ചിട്ടുണ്ട്. ഓരോ ബൂത്തിലും വനിതകൾക്ക് തുല്യ പ്രാതിനിധ്യം നൽകി തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ് കമ്മിറ്റികൾ രൂപവത്കരിക്കും. ഈ കമ്മിറ്റികളുടെ വാട്സാപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്ന പരാതികളും ആവശ്യങ്ങളും സംസ്ഥാന പ്രസിഡന്റിന് നേരിട്ട് പരിഹരിക്കാവുന്ന തരത്തിലുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
Content Highlights: kerala assembly election 2026 bjp expected candidates list
Published: 28 Jan 2026, 08:19 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented