തൃശ്ശൂർ: കവി സച്ചിദാനന്ദനു പിന്നാലെ സംസ്ഥാന സർക്കാരിനെതിരേ വിമർശനവുമായി എഴുത്തുകാരി സാറാ ജോസഫ്. ഭരണമാറ്റം ആവശ്യമാണെന്ന് അവർ പറഞ്ഞു. എല്ലാ ഭരണവർഗങ്ങൾക്കും ആവശ്യം വർഗീയശക്തികളെയും മതശക്തികളെയുമാണ്. അവരെ കൂട്ടുപിടിച്ചുകൊണ്ടാണ് ജനാധിപത്യ മതേതര ഇന്ത്യ എന്ന സങ്കൽപത്തെ ഈ ഭരണവർഗങ്ങൾ തകർത്തുകൊണ്ടിരിക്കുന്നത്. നിശ്ചയമായും ഒരു ഭരണമാറ്റം ആവശ്യമാണ്, അവർ പറഞ്ഞു.
അധികാരം നിലനിർത്താൻ ഏത് പിശാചിന്റെയും കൂടെ കൂടുമെന്ന് പറഞ്ഞൊരു പാരമ്പര്യമുണ്ട് ഇടതുപക്ഷത്തിനെന്നും സാറാ ജോസഫ് പറഞ്ഞു. ലീഗിനെ കൂടെ കൂട്ടിയത് അങ്ങനെയാണ്. മതങ്ങളെയും വർഗീയശക്തികളെയും കൂട്ടുപിടിക്കുന്നതാണ് തുടർച്ചയായി കണ്ടുകൊണ്ടിരിക്കുന്നത്. അധികാരമാണ് അവർക്ക് മുഖ്യം, ജനാധിപത്യമല്ല. ഒന്ന് പ്രതിപക്ഷത്തിരിക്കുന്നത് ഭരണവർഗത്തിന് നല്ലതാണ്.
പിണറായി വിജയൻ എന്ത് സംഭാവന ചെയ്തുവെന്ന് അവർ വിലയിരുത്തട്ടെ. ഭരണാധികാരത്തിലേക്ക് വന്നത് ഇടതുപക്ഷ പാർട്ടിയാണ്, പിണറായി വിജയനല്ല. എല്ലാ കമ്യൂണിസ്റ്റ് പാർട്ടികളും നശിക്കുന്നത് അതിന്റെ ഏകാധിപത്യ സ്വഭാവത്തിലേക്ക് സഞ്ചരിക്കുമ്പോഴാണ്. പാർട്ടിയിൽനിന്ന് വിട്ട് ഒരൊറ്റ വ്യക്തി ഏകാധിപത്യത്തിലേക്ക് പോകുന്നു. അതുകൊണ്ടുതന്നെ പാർട്ടിയുടെ നാശവും അങ്ങനെയാണ് സംഭവിക്കുന്നത്, സാറാ ജോസഫ് പറഞ്ഞു.
തുടർഭരണം പാർട്ടിയെ നശിപ്പിക്കുമെന്നും തുടർച്ചയായ ഭരണത്തേക്കാൾ ജനാധിപത്യത്തിന് ഗുണകരമാകുക മാറിമാറിയുള്ള ഭരണമാണെന്നും കവി സച്ചിദാനന്ദൻ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ഇത് വലിയ ചർച്ചകൾക്കും വഴിവെച്ചിരുന്നു. ഈ സന്ദർഭത്തിലാണ് സമാന പ്രതികരണവുമായി സാറാ ജോസഫും രംഗത്തെത്തിയത്. പൊതുവേ ഇടതുപക്ഷ സഹയാത്രികരായി കരുതപ്പെടുന്ന എഴുത്തുകാരാണ് ഇരുവരും എന്നതാണ് ഈ പ്രതികരണങ്ങളെ ശ്രദ്ധേയമാക്കുന്നത്.
Content Highlights: government change is mandatory says sara joseph
Published: 09 Feb 2026, 01:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented