തൃശ്ശൂർ: ഇടതുസർക്കാരിൻ്റെ തുടർഭരണം സംബന്ധിച്ച തന്റെ നിരീക്ഷണങ്ങളിൽ വിശദീകരണവുമായി എഴുത്തുകാരനും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ കെ. സച്ചിദാനന്ദൻ. ഒരു പാർട്ടിക്ക് തുടർഭരണം ലഭിക്കുന്നത് അത്ര നല്ല ആശയമല്ലെന്നും, ബംഗാളിലെ അനുഭവം മുൻനിർത്തിയാണ് താൻ ഇത് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പലപ്പോഴും പാർട്ടി പോലും ആഗ്രഹിക്കാത്ത തരം ആളുകളും അവസരവാദികളും ഭരണസംവിധാനത്തിലേക്ക് കടന്നുവരാനും സ്വന്തം ആവശ്യങ്ങൾക്കായി പാർട്ടിയെ ഉപയോഗിക്കാനും സാഹചര്യമുണ്ടാകുന്നുണ്ട്. ഇത്തരം ഒരു തകർച്ച ഇടതുപക്ഷത്തിന് ഉണ്ടാകാതിരിക്കണമെങ്കിൽ പ്രതിപക്ഷത്തിരുന്നുള്ള സജീവമായ പ്രവർത്തനം ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജനാധിപത്യത്തെ അർഥവത്താക്കുന്നത് കരുത്തുറ്റ പ്രതിപക്ഷമാണെന്നും, പ്രതിപക്ഷത്തിരിക്കുന്നത് പാർട്ടിയുടെ ശക്തി വർധിപ്പിക്കാനുള്ള വഴിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ബംഗാളിലെ അവസ്ഥയിലേക്ക് ഇതുവരെ എത്തിയിട്ടില്ലെങ്കിലും, വീണ്ടും ഒരു ഭരണം കൂടി ലഭിച്ചാൽ അങ്ങനെയൊരു പതനത്തിനുള്ള സാധ്യത വളരെ കൂടുതലാണെന്നും സച്ചിദാനന്ദൻ പറഞ്ഞു. അധികാരമോഹികൾ പാർട്ടിയിൽ വന്നുചേരുന്നത് പാർട്ടിയുടെ അടിസ്ഥാന സ്വഭാവത്തെ തന്നെ ഇല്ലാതാക്കാനും ജനങ്ങളിൽ നിന്ന് പാർട്ടിയെ അകറ്റാനും കാരണമാകും.
നിലവിലെ സർക്കാരിന്റെ കീഴിൽ വികസനം, പരിസ്ഥിതി സംരക്ഷണം, സാക്ഷരത, മലയാള ഭാഷയ്ക്ക് നൽകുന്ന പ്രാധാന്യം തുടങ്ങി നിരവധി നല്ല കാര്യങ്ങൾ നടക്കുന്നുണ്ടെന്നും സർക്കാർ ഓഫീസുകൾ കൂടുതൽ ജനസൗഹൃദമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തന്നെ, ഭരണ നേതൃത്വത്തെയോ പാർട്ടിയെയോ വിമർശിക്കാൻ പൊതുജനങ്ങൾക്ക് ഭയമുണ്ടാകുന്ന സാഹചര്യം ഉണ്ടെന്നും അദ്ദേഹം വിമർശിച്ചു. കൂടാതെ, വോട്ട് ലക്ഷ്യമാക്കി ഭൂരിപക്ഷ സമുദായങ്ങളെ പ്രീണിപ്പിക്കാനുള്ള മതേതര പാർട്ടികളുടെ ശ്രമങ്ങൾ ജനാധിപത്യത്തിന് ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.
ആശയപരമായ തലത്തിൽ, സിപിഐഎം ഒരു സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയായി മാറണമെന്നാണ് തന്റെ അഭിപ്രായമെന്ന് സച്ചിദാനന്ദൻ വ്യക്തമാക്കി. പഴയകാലത്തെ സായുധ വിപ്ലവങ്ങളെക്കുറിച്ചുള്ള സംസാരങ്ങളിൽ കാപട്യമുണ്ടെന്നും സോവിയറ്റ് യൂണിയന്റെ തകർച്ചയും സ്റ്റാലിനിസവും ചൈനയുടെ സാമ്രാജ്യത്വ സ്വഭാവവും ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. വലിയ രാജ്യങ്ങളിൽ കമ്മ്യൂണിസം പരാജയപ്പെടുന്ന കാഴ്ചയാണ് നാം കണ്ടത്, അതിനാൽ സോഷ്യലിസം ലക്ഷ്യമാക്കിയുള്ള ജനാധിപത്യത്തിലാണ് ഇന്ത്യൻ പാർട്ടികൾ വിശ്വസിക്കേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
തുടർഭരണം പാർട്ടിയെ നശിപ്പിക്കുമെന്നും തുടർച്ചയായ ഭരണത്തേക്കാൾ ജനാധിപത്യത്തിന് ഗുണകരമാകുക മാറിമാറിയുള്ള ഭരണമാണെന്ന് സച്ചിദാനന്ദൻ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.
ബംഗാളിലെ കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ വീഴ്ച ഉദാഹരണമായി ചൂണ്ടിക്കാട്ടിയായിരുന്നു സച്ചിദാനന്ദന്റെ നിരീക്ഷണം. ദീർഘകാലം അധികാരത്തിലിരുന്നപ്പോൾ ബംഗാളിൽ ഒരു വിഭാഗം അടിച്ചമർത്തപ്പെട്ടുവെന്നും നീതി നിഷേധം ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം മൂന്നാം ഭരണത്തിനായി പ്രചാരണം നടത്തുന്നതിനിടെ സി.പി.എം സഹയാത്രികൻ കൂടിയായ സച്ചിദാനന്ദൻഇത്തരമൊരു നിലപാട് സ്വീകരിച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിരുന്നു.
സച്ചിദാനന്ദന്റെ മുൻപത്തെ ലേഖനത്തോട് പ്രതികരിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്ന് പറഞ്ഞിരുന്നു. ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന സൂചനയായിട്ടാണ് ഇതിനെ കാണുന്നതെന്നും, ഇടതുപക്ഷത്തിന് ആത്യന്തികമായ വിജയമോ പരാജയമോ ഇല്ലെന്നും ഗോവിന്ദൻ പ്രതികരിച്ചിരുന്നു. ഏത് വിമർശനവും ഉൾക്കൊള്ളാൻ പാർട്ടി തയ്യാറാണെന്നും എന്നാൽ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഈ ഗവൺമെന്റ് തുടരേണ്ടത് അത്യാവശ്യമാണെന്നും ഗോവിന്ദൻ പറഞ്ഞിരുന്നു.
ഇതിനിടെ, സച്ചിദാനന്ദൻ പാർട്ടി പ്രവർത്തകനല്ലെന്നും ഒരു ഇടതുപക്ഷ അഭ്യുദയകാംക്ഷി മാത്രമാണെന്ന് കെ.കെ ശൈലജ ടീച്ചറും പ്രതികരിച്ചു. വികസനത്തിന്റെ തുടർച്ചയ്ക്കായി ഇടതുപക്ഷ സർക്കാർ വീണ്ടും വരണമെന്നാണ് മുന്നണിയുടെ നിലപാടെന്നും അവർ വ്യക്തമാക്കി.
Content Highlights: Renowned intellectual K. Sachidanandan calls for reforms within the Left front and suggests a rotational power-sharing between both fronts for Kerala`s progress.
Published: 09 Feb 2026, 11:44 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented