കാഞ്ഞങ്ങാട്: 'ആ ബാറ്റൊന്ന് ആഞ്ഞു വീശൂ..പോരാ ഒന്നു കൂടി. വീശിയ ഉടൻ തിരിയണേ എന്നിട്ട് വേണം പറയാൻ'. ഐ.പി.എൽ. സീസണാണ് വരുന്നത്. അതിനിടയിൽ തിരഞ്ഞെടുപ്പെത്തുമ്പോൾ സ്ഥാനാർഥി ബാറ്റും പിടിക്കും ബൗളറുമാകും. ഇത് റീൽസിന്റെ കാലമാണ്. സാമൂഹിക മാധ്യമങ്ങളിലൂടെ ജനമനസിലേക്കെത്താൻ കിട്ടുന്ന ഒരു വഴിയും കളയില്ല. ഇനി അത്രയേ ദിവസമുള്ളൂ. ഒരു സെൽഫോണും ഇത്തിരി സംഭാഷണവും അങ്ങോട്ടുമിങ്ങോട്ടുമുള്ള നടത്തവും.അതാണ് റീൽസെന്ന് കരുതണ്ട. സിനിമാ ലൊക്കേഷനിലേതുപോലെ തകർത്തഭിനയിക്കണം. കണ്ണു നിറയണം. ഉറക്കെ ചിരിക്കണം. കൈ ഉയർത്തി നിൽക്കണം. വീശി നടക്കണം.

To advertise here,

എല്ലാത്തിനും പ്രൊഫഷണൽ ടീമുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്നുവരെ ക്യമാറാന്മാരെ ഇറക്കുന്നു. രണ്ടും മൂന്നും പേരുള്ള ഒരു റീൽസ് ടീമാണെന്ന് കരുതണ്ട. പത്തും പന്ത്രണ്ടും പേരുള്ള ടീം. അതാണ് പ്രൊഫഷണൽ. ഇവരുടെ ക്വട്ടേഷൻ തുക കേൾക്കുമ്പോൾ ഞെട്ടരുത്. എട്ടും പത്തും ലക്ഷം രൂപയിൽ നിന്നാണ് തുടക്കം. അതു കാൽക്കോടി രൂപയിലേക്കും അതിനു മുകളിലേക്കുമെത്തുന്നു. സക്രിപ്റ്റ്, വീഡിയോ, ഫോട്ടോ, എഡിറ്റിങ്, ആശയരൂപവത്കരണം ഓരോന്നിനും രണ്ടും മൂന്നും പേരടങ്ങിയ ഗ്രൂപ്പ്. സ്ഥാനാർഥിയുമായി തുക ഉറപ്പിച്ചാൽ ഈ ടീം സ്ഥലത്തെത്തും. വോട്ടെടുപ്പ് കാലം വരെ ടീമിന് താമസിക്കാനിടമൊരുക്കിക്കൊടുക്കാനും റെഡിയാണ് സ്ഥാനാർഥികൾ.

വോട്ടഭ്യർഥിക്കാൻ സ്ഥാനാർഥികൾ ഇറങ്ങുമ്പോൾ വീഡിയോ, ഫോട്ടോ ഷൂട്ട് ടീമുകളുമൊപ്പമുണ്ടാകും. ഓരോ ഇടത്തെയും വിവിധ ആംഗിളിലുള്ള ഷൂട്ടിങ്. അപ്പപ്പോൾ എഡിറ്റിങ് ടീമിന് അയച്ചുകൊടുക്കും. എഡിറ്റ് ചെയതവ പൊതുമധ്യത്തിലേക്ക് വിടാൻ പ്രാപ്തമാണോയെന്ന് സ്ഥാനാർഥിയുടെ ആളുകളുടെ പരിശോധന. മണിക്കൂറിൽ രണ്ടോ മൂന്നോ തവണ പോസ്റ്റ് ചെയ്യും. ഇൻസ്റ്റഗ്രാമിലും ഫേസ് ബുക്കിലും വാട്‌സാപ്പിലുമെല്ലാം നിറഞ്ഞോടും.

പെയിഡ് പോസ്റ്റുമുണ്ട്. സാമൂഹിക മാധ്യമങ്ങൾക്ക് പണം നൽകി, അതതു മേഖലയിൽ വേണമെങ്കിൽ അങ്ങനെ, പ്രായം നോക്കിയാണെങ്കിൽ ആ രീതിയിൽ. ഇഷ്ടാനുസരണം പോസിറ്റിങ്. ഓരോ പ്രായക്കാർക്കും വിവിധ തലത്തിലുള്ള ഷൂട്ടിങ്. ജെൻസിക്കുള്ളത് വേറെ. യുവജനങ്ങളക്കും മധ്യവയസ്‌കർക്കും അവർക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ. പ്രായമായവർക്കുള്ളത് അങ്ങനെ ദൈർഘ്യം ഒരു മിനുറ്റിൽ കൂടാത്ത പലതരം റീൽസുകൾ. ഇത്ര സമയം കൊണ്ട് എത്രപേർ കണ്ടു. റിയാക്ഷനും റിപ്ലൈയുമെത്ര. എല്ലാം കണ്ടുപിടിച്ചു തരും. പ്രതീക്ഷിച്ചതിലും കൂടുതൽപ്പേർ കണ്ടെങ്കിൽ സമാന രീതിയിൽ അടുത്ത ഷൂട്ടിങ്.

സ്ഥാനാർഥിയുടെ പൊതുസ്വഭാവത്തിനനുസരിച്ചുള്ള സ്‌ക്രിപ്റ്റ് തയ്യാറാക്കണം. സ്ഥാനാർഥിയുടെ വിദ്യാഭ്യാസം, തൊഴിൽ, പ്രതിനിധാനം ചെയ്യുന്ന പാർട്ടിയുടെ നിലാപാടുകൾ. എല്ലാം ചേർന്നുള്ളതാണ് ഓരോ റീൽസും. നിയമസഭ മണ്ഡലത്തിലെ പഞ്ചായത്തുകളിലും വാർഡുകളിലുമലെല്ലാം പ്രൊഫഷണൽ ടീമിലെ അംഗങ്ങളെത്തും. അതതിടത്തെ വാട്‌സാപ്പ് ഗ്രൂപ്പുകളിൽ ഷെയർചെയ്യാൻ പറ്റുന്ന അധികം രാഷ്ട്രീയമില്ലാത്ത ആളുകളുമായി സൗഹൃദത്തിലാകും. അതുവഴിയും പ്രചാരം കൊഴുപ്പിക്കും. ഫോൺ വിളിക്കുമ്പോൾ സ്ഥാനാർഥിയുടെ ശബ്ദത്തിലുള്ള വോട്ടഭ്യർഥനയും കേൾക്കാം. ഇതിനും ചെലവുണ്ട്. ഇക്കാര്യങ്ങളുൾപ്പെടെ സകലതും ചേർത്താണ് കാൽക്കോടി രൂപയുടെ ക്വട്ടേഷൻ.