തിരുവനന്തപുരം: രണ്ടുതവണ തുടർച്ചയായി മത്സരിച്ചവർ മാറിനിൽക്കണമെന്ന നിബന്ധനയിൽ അയവുവരുത്താൻ സി.പി.എമ്മിൽ ധാരണയായതോടെ, സെക്രട്ടേറിയറ്റംഗങ്ങളിൽ ഭൂരിപക്ഷവും തിരഞ്ഞെടുപ്പ് കളത്തിലിറങ്ങുമെന്ന് ഉറപ്പായി. സി.പി.എമ്മിന്റെ നിലവിലുള്ള 62 എം.എൽ.എ.മാരിൽ 50 പേർ മത്സരിക്കുന്നകാര്യത്തിൽ തീരുമാനമായി. ബാക്കിയുള്ളവരിൽ ചിലരുടെ കാര്യത്തിൽ ഒരു വട്ടംകൂടി പരിശോധന നടത്തി പാർട്ടി തീരുമാനമെടുക്കും. സ്ഥാനാർഥിനിർണയം ഉൾപ്പെടെയുള്ള ചർച്ചകൾക്കായി സംസ്ഥാന കമ്മിറ്റി യോഗം ഈയാഴ്ച ചേരും.
മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഉൾപ്പെടെ 17 പേരാണ് സി.പി.എം. സെക്രട്ടേറിയറ്റിലുള്ളത്. ഇതിൽ നാലുപേരൊഴികെ, 13 പേരും പടക്കളത്തിലുണ്ടാവും. സംസ്ഥാന സെക്രട്ടറിയുടെ പദവി വഹിക്കുന്നതിനാൽ എം.വി. ഗോവിന്ദൻ മത്സരിക്കാനിറങ്ങില്ല. ഇ.പി. ജയരാജൻ, പുത്തലത്ത് ദിനേശൻ, സി.എൻ. മോഹനൻ എന്നിവരെയും ഒഴിവാക്കുമെന്നാണ് വിവരം. കഴിഞ്ഞതവണ കേരളാ കോൺഗ്രസ്-എമ്മിന് അവസാന നിമിഷം കുറ്റ്യാടി സീറ്റ് നിഷേധിക്കപ്പെട്ട പ്രശ്നം പരിഹരിക്കാൻ ഇത്തവണ പേരാമ്പ്ര നൽകുകയാണെങ്കിൽ എൽ.ഡി.എഫ്. കൺവീനർ ടി.പി. രാമകൃഷ്ണന്‍റെ കാര്യം പുനരാലോചിക്കും.
രണ്ടു ടേം വ്യവസ്ഥയിൽ കഴിഞ്ഞതവണ മാറ്റിനിർത്തപ്പെട്ട ടി.എം. തോമസ് ഐസക് ഇത്തവണ സ്ഥാനാർഥിയാവും. കെ.കെ. ശൈലജ, കെ.എൻ. ബാലഗോപാൽ, പി. രാജീവ്, പി.കെ. ബിജു, എം. സ്വരാജ്, വി.എൻ. വാസവൻ, സജി ചെറിയാൻ, പി.എ. മുഹമ്മദ് റിയാസ്, എം.വി. ജയരാജൻ എന്നിവരെ പാർട്ടി രംഗത്തിറക്കുന്നുണ്ട്.
ചിലതിൽ മാറ്റം; ചിലതിൽ ആശയക്കുഴപ്പം
സിറ്റിങ് എം.എൽ.എ.മാരിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് (തളിപ്പറമ്പ്) പുറമെ, കാസർകോട് ജില്ലാ സെക്രട്ടറി എം. രാജഗോപാൽ (തൃക്കരിപ്പൂർ), എം.എം. മണി (ഉടുമ്പൻചോല), നടൻ എം. മുകേഷ് (കൊല്ലം), യു. പ്രതിഭ (കായംകുളം), ദലീമ (അരൂർ), എ.സി. മൊയ്തീൻ (കുന്ദംകുളം) എന്നിവരാണ് മത്സരരംഗത്തുനിന്നും മാറിനിൽക്കുന്നവർ. തിരുവനന്തപുരം സി.പി.എം. ജില്ലാസെക്രട്ടറിയായതിനാൽ വർക്കല എം.എൽ.എ. വി. ജോയി മാറിനിൽക്കേണ്ടതാണെങ്കിലും വിജയസാധ്യത പരിഗണിച്ച് മത്സരിപ്പിക്കാൻ ആലോചന നടക്കുന്നുണ്ട്. നേമത്ത് ബി.ജെ.പി. കടുത്ത വെല്ലുവിളി ഉയർത്തുന്നതിനാൽ അനാരോഗ്യമുണ്ടെങ്കിലും വി. ശിവൻകുട്ടിക്കാണ് മുൻതൂക്കം. കഴക്കൂട്ടത്തും ബി.ജെ.പി.ഭീഷണി മറികടക്കാൻ കടകംപള്ളി സുരേന്ദ്രൻ വേണമെന്ന് ചർച്ചയുണ്ടെങ്കിലും ശബരിമലക്കേസാണ് വെല്ലുവിളി.
പാലക്കാട്ടെ മലമ്പുഴയിൽ വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ. അരുൺകുമാറിനെ രംഗത്തിറക്കിയാൽ, സിറ്റിങ് എം.എൽ.എ. എ. പ്രഭാകരനെ മാറ്റും. ഷൊർണൂർ സി.പി.എമ്മിന്റെ കോട്ടയായതിനാൽ പി. മമ്മിക്കുട്ടിയെ മാറ്റി പുതുമുഖത്തെ പരീക്ഷിക്കാനാണ് സാധ്യത. സെക്രട്ടേറിയറ്റംഗം എം. സ്വരാജിന് വിജയം ഉറപ്പുള്ള മണ്ഡലം നൽകാനാണ് തീരുമാനമെങ്കിൽ, പി. നന്ദകുമാർ എം.എൽ.എ.യെ മാറ്റിനിർത്തി പൊന്നാനിയിൽ മത്സരിപ്പിക്കും.
സംസ്ഥാന-ജില്ലാ കമ്മിറ്റികളുടെ ചർച്ചകൾക്കുശേഷമായിരിക്കും ഔദ്യോഗികസ്ഥാനാർഥി നിർണയമെങ്കിലും മത്സരിപ്പിക്കാൻ ധാരണയായിട്ടുള്ള സിറ്റിങ് എം.എൽ.എ.മാരോടെല്ലാം മണ്ഡലത്തിൽ സജീവമാകാൻ സി.പി.എം. നേരത്തേ നിർദേശം നൽകിയിരുന്നു. സ്വതന്ത്രരെ മത്സരിപ്പിക്കുന്നതിൽ, എൽ.ഡി.എഫിലെ മറ്റു പാർട്ടികളുമായുള്ള ഉഭയകക്ഷിചർച്ചയ്ക്കു ശേഷമായിരിക്കും തീരുമാനം.
Content Highlights: CPM to field most sitting MLAs in upcoming elections. key candidates, potential changes, and party discussions for candidate selection.
Published: 25 Feb 2026, 08:21 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented