മാനന്തവാടി: നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾമാത്രം ബാക്കിനിൽക്കെ തങ്ങളുടെ ശക്തിയറിയിക്കാനുള്ള പ്രവർത്തനങ്ങളുമായി സി.കെ. ജാനു നേതൃത്വംനൽകുന്ന ജനാധിപത്യ രാഷ്ട്രീയ പാർട്ടി (ജെ.ആർ.പി.). അടുത്തിടെ യു.ഡി.എഫിന്റെ അസോസിയേറ്റ് അംഗമായ സി.കെ. ജാനു നിയമസഭാ തിരഞ്ഞെടുപ്പിൽ മാനന്തവാടി, ബാലുശ്ശേരി മണ്ഡലങ്ങൾ ആവശ്യപ്പെട്ടതായി അറിയാണ് വിവരം. യു.ഡി.എഫ്. നേതൃത്വത്തിന്റെ അനുമതിലഭിച്ചാൽ മാനന്തവാടിയിൽ സി.കെ. ജാനുതന്നെയാവും ജെ.ആർ.പി.യുടെ സ്ഥാനാർഥി. ഇതിനുള്ള മുന്നൊരുക്കമെന്നോണമാണ് മാനന്തവാടിയിൽ ഞായറാഴ്ച ജെ.ആർ.പി.യുടെ ജില്ലാകൺവെൻഷൻ വിളിച്ചുചേർത്തത്.

To advertise here,

സ്ഥാനാർഥിനിർണയചർച്ചകൾ സജീവമായ സാഹചര്യത്തിലാണ് ഗോത്രവിഭാഗങ്ങളുടെ വോട്ട് നിർണായകമായ മാനന്തവാടി മണ്ഡലത്തിൽ കൺവെൻഷൻ സംഘടിപ്പിച്ചതെന്നത് ശ്രദ്ധേയമാണ്. പട്ടികവർഗസംവരണ മണ്ഡലംകൂടിയാണ് മാനന്തവാടി.

യു.ഡി.എഫിനൊപ്പം സജീവമായി ജെ.ആർ.പി. ഉണ്ടാകുമെന്നും ജെ.ആർ.പി. ജില്ലാകമ്മിറ്റികളുടെ പുനഃസംഘട അന്തിമഘട്ടത്തിലാണെന്നും സി.കെ. ജാനു പറഞ്ഞു. മുൻകാലങ്ങളിലുള്ളതിനെക്കാൾ കൂടുതൽപ്പേരെ ചേർത്ത് ശക്തമായ സംഘടനാസംവിധാനം ഒരുക്കുകയെന്നതാണ് ലക്ഷ്യം. യു.ഡി.എഫിനെ അധികാരത്തിലെത്തിക്കുന്നതിനുള്ള എല്ലാപ്രവർത്തനങ്ങളും പാർട്ടിയുടെ ഭാഗത്തുനിന്നുണ്ടാവും. വയനാടുൾപ്പെടെ 11 ജില്ലയിലും പുനഃസംഘടന പൂർത്തിയായി. തൃശ്ശൂർ ജില്ലാകമ്മിറ്റി തിങ്കളാഴ്ചയും കണ്ണൂർ ജില്ലാകമ്മിറ്റി 31-നും മലപ്പുറം ജില്ലാകമ്മിറ്റി ഫെബ്രുവരി ഒന്നിനും പുനഃസംഘടിപ്പിക്കുമെന്നും സി.കെ. ജാനു പറഞ്ഞു.

ജില്ലാ കൺവെൻഷൻ സംസ്ഥാനപ്രസിഡന്റ് സി.കെ. ജാനു ഉദ്ഘാടനംചെയ്തു. എം.എസ്. സതീശൻ അധ്യക്ഷതവഹിച്ചു. സംസ്ഥാനസെക്രട്ടറി സാജൻ കെ. അയ്യനാർ, പ്രദീപ് കുന്നുകര, ഉണ്ണി പ്രദീപ്, സാജൻ, ബാബു കോട്ടയൂർ, ബാബു എസ്. തിരുനെല്ലി, ഗോപാലൻ തുടങ്ങിയവർ സംസാരിച്ചു.