തൃശ്ശൂർ നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർഥി പരിഗണനയിൽ ബിജെപി എത്തിനിൽക്കുന്നത് മുൻ ഡിജിപി ജേക്കബ് തോമസിലേക്ക്. ഇതിന്റെ ഭാഗമായി ജേക്കബ് തോമസ് തൃശ്ശൂരിലേക്ക് താമസം മാറി. അയ്യന്തോൾ എസ്എൻ പാർക്കിലാണ് വീട് വാടകയ്ക്ക് എടുത്തിരിക്കുന്നത്.
പാർട്ടിവോട്ടുകൾക്ക് പുറത്ത് മറ്റുവോട്ടുകൾ പരമാവധി സമാഹരിക്കുകയെന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തന്ത്രംതന്നെയാണ് ജേക്കബ് തോമസിലൂടെ വീണ്ടും നടത്തുന്നത്. മുൻ ഡിജിപി, അഴിമതി വിരുദ്ധൻ തുടങ്ങിയ മേലങ്കികൾ പൊതുവോട്ടുകൾ സമാഹരിക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷ. തൃശ്ശൂരിലെ പ്രധാന സാമുദായിക ശക്തിയായ ക്രിസ്ത്യൻ വോട്ടുകൾ കൂടുതൽ എത്തിക്കാനും ഇദ്ദേഹത്തെക്കൊണ്ട് സാധിച്ചേക്കാമെന്നാണ് പ്രതീക്ഷ. മറ്റ് രണ്ടു മുന്നണികളുടെയും സ്ഥാനാർഥികളായി ഹിന്ദുവിഭാഗത്തിൽനിന്നുള്ളവരാകാനുള്ള സാധ്യതയും ബിജെപി കാണുന്നുണ്ട്.
എം.ടി. രമേശിന്റെയും പദ്മജാ വേണുഗോപാലിന്റെയും പേരുകളാണ് നേരത്തെ കേട്ടിരുന്നത്. പാർട്ടിവോട്ടുകൾപരമാവധി കിട്ടുമെങ്കിലും പുറമേയുള്ള വോട്ടുകൾ കിട്ടാൻ രമേശിന് സാധ്യത കുറവാണെന്ന വിലയിരുത്തലുമുണ്ട്. പലരും ഇത് അദ്ദേഹത്തെ ബോധ്യപ്പെടുത്തുകയും തൃശ്ശൂരിൽ മത്സരിക്കുന്നില്ലെന്ന നിലപാടിലേക്ക് അദ്ദേഹം മാറുകയും ചെയ്‌തെന്നാണ് അറിയുന്നത്. തേറമ്പിൽ രാമകൃഷ്ണനിലൂടെ പതിറ്റാണ്ടുകൾ നിലനിർത്തിയ മണ്ഡലം നഷ്ടപ്പെടാനുള്ള കാരണം പദ്മജാ വേണുഗോപാലിന്റെ സ്ഥാനാർഥിത്വമായിരുന്നുവെന്ന ആരോപണം ഇവർ കോൺഗ്രസിൽ ഉള്ളപ്പോൾ തന്നെ ഉയർന്നിരുന്നു. തൃശ്ശൂരിൽ മത്സരിക്കാൻ താൽപര്യമില്ലെന്ന നിലപാടിലാണ് ഇവരെന്നും അറിയുന്നു.
കഴിഞ്ഞതവണ തൃശ്ശൂർ മണ്ഡലത്തിൽ 946 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സിപിഐയിലെ പി. ബാലചന്ദ്രൻ വിജയിച്ചത്. അന്ന് മൂന്നാംസ്ഥാനത്തായിരുന്ന സുരേഷ്‌ഗോപിയും ബാലചന്ദ്രനുമായി 3806 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് ഉണ്ടായിരുന്നത്. രണ്ടാംസ്ഥാനത്തുണ്ടായിരുന്ന പദ്മജ ഇപ്പോൾ ബിജെപി ക്യാമ്പിലാണുതാനും. 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ ജേക്കബ് തോമസ് ഇരിങ്ങാലക്കുടയിലാണ് മത്സരിച്ചത്.
Content Highlights: bjp likely to fiformer dgp jacob thomas ips in thrissur
Published: 11 Feb 2026, 09:59 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented