ആലപ്പുഴ: ‘മീൻപിടിക്കാൻ അവൻ പൊന്തുവള്ളത്തിൽ കയറുമ്പോൾ സത്യത്തിൽ എനിക്കു പേടിയായിരുന്നു. കടലിൽ പോകുന്നതുകൊണ്ടല്ല. എന്നെപ്പോലെ ആകുമോയെന്നായിരുന്നു ചിന്ത’. മകൻ എ.ഡി. തോമസിനെ കുറിച്ചോർക്കുമ്പോൾ മാരാരിക്കുളം വടക്ക് അരശർകടവിൽ ഡൊമിനിക് ജാക്സണിന്റെ മനസ്സിലുണ്ടായിരുന്ന ആ കടലിരമ്പം ഇപ്പോൾ മെല്ലെ മായുകയാണ്. കാരണം, ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ തോമസ് ആലപ്പുഴ മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർഥിയാണ്. തന്നോടൊപ്പം മീൻപിടിക്കാൻ വരുന്ന മകൻ സ്ഥാനാർഥിയാണെന്നറിയുമ്പോൾ അച്ഛനായ ഡൊമിനിക്കിന് സന്തോഷം, അഭിമാനം.

To advertise here,

കെ.എസ്.യു. ജില്ലാ പ്രസിഡന്റായ തോമസിന്റെ വീടിനുമുൻപിൽ തൂക്കിയിടാറുള്ള മോട്ടോർ അവിടെ കണ്ടില്ലെങ്കിൽ ഒരുകാര്യം ഉറപ്പിക്കാം. ജാക്സണും രണ്ടുമക്കളും ആ മോട്ടോർ ഘടിപ്പിച്ച പൊന്തുവള്ളവുമായി മീൻതേടി കടലിൽ പോയിട്ടുണ്ടാകും. തോമസിന് രണ്ട് അനുജന്മാരാണ് ക്രിസ്റ്റിനും ബോണിഫെയ്സും. തോമസും ബോണിഫെയ്സുമാകും അപ്പനൊപ്പം വള്ളത്തിൽ. ക്രിസ്റ്റീൻ ഇലക്‌ട്രോണിക്സ് സർവീസ് സെന്റർ നടത്തുകയാണ്.

രാവിലെ നാലുമണിക്കു കടലിൽപ്പോയാൽ വൈകീട്ട് ഏഴുമണികഴിഞ്ഞാകും തിരിച്ചെത്തുക. മൂന്നുമക്കളെയും ഡൊമിനിക് പഠിപ്പിച്ചതു മീൻവിറ്റാണ്. തോമസ് ബിരുദാനന്തരബിരുദവും കഴിഞ്ഞു. എൽ.എൽ.ബി. പഠനം പൂർത്തിയാക്കിയില്ല. ക്രിസ്റ്റീൻ പോളിടെക്നിക് ഇലക്‌ട്രോണിക്സ് ഡിപ്ലോമ നേടി. ബോണി ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും. അത്രയുമായപ്പോൾ ഡൊമിനിക്കിന് ഏഴു ലക്ഷത്തിലധികം രൂപ കടം.

ക്രിസ്റ്റീന്റെ കല്യാണമുറപ്പിച്ചതിനാൽ വീടു ചായം പൂശിയിട്ടുണ്ട്. ഓടും ആസ്ബസ്റ്റോസ് ഷീറ്റുമാണ് മേൽക്കൂര. മഴക്കാലത്ത് ഷീറ്റിന്റെ വിടവിലൂടെ വീട്ടിനുള്ളിൽ വെള്ളം വീഴും. ഭിത്തിയിൽ തോമസിന്റെ ഒരു ബാഡ്ജുണ്ട്. 2015-16 കാലത്ത് ചേർത്തല സെയ്ന്റ് മൈക്കിൾസ് കോളേജ് ചെയർമാനായിരുന്നതിന്റെ സാക്ഷ്യം.

മുഖ്യമന്ത്രി പിണറായി വിജയൻ നയിച്ച നവകേരള യാത്ര ആലപ്പുഴയിലൂടെ കടന്നുപോയപ്പോൾ പ്രതിഷേധിച്ചതിന് ഗൺമാന്റെ മർദനമേറ്റിരുന്നു തോമസിന്. മുൻപ്, ജില്ലാപ്പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മാരാരിക്കുളം ഡിവിഷനിൽ സ്ഥാനാർഥിയായി പരിഗണിച്ചിരുന്നതാണ്. ചുവരെഴുതുകയും ചെയ്തു. എന്നാൽ, അവസാന നിമിഷം ഒഴിവായിപ്പോയി. എന്നാൽ, അതിലും വലുതാണ് കാത്തിരുന്നത്. ആലപ്പുഴയിലെ നിയമസഭാ സ്ഥാനാർഥിത്വം. അതു പറയുമ്പോൾ അമ്മ അക്കാമ്മയ്ക്കും സന്തോഷം.