
''രാഷ്ട്രീയത്തിന്റെ ചില ഭാവങ്ങള്‍ക്ക് ഞാന്‍ യോജിച്ചയാളല്ലെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. നിലവിലെ ജീവിതത്തില്‍ ഞാന്‍ സംതൃപ്തയാണ്. ഞാനെന്നെ കൃത്യമായി കണ്ടെത്തിക്കഴിഞ്ഞെന്ന് എനിക്കിപ്പോഴും പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല. പക്ഷെ, ഒരിക്കലും രാഷ്ട്രീയത്തിലേക്ക് ഞാനില്ലെന്നത് വ്യക്തമായ കാര്യമാണ്.'. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇങ്ങനെ പറഞ്ഞൊരു പ്രിയങ്കയുണ്ടായിരുന്നു. പിന്നീട് തന്നെ പൂര്‍ണ്ണമായി മനസിലാക്കിയെന്ന ബോധ്യത്തിന്റെ പുറത്താകണം പ്രിയങ്ക രാഷ്ട്രീയത്തിലിറങ്ങുന്നതും ഇപ്പോള്‍ വയനാടിന്റെ എം.പിയായി പാര്‍ലമെന്റിലെത്തുന്നതും. 19-ാം വയസില്‍ രാജീവ് ഗാന്ധിയുടെ മരണത്തിന് തൊട്ടുപിന്നാലെ പാര്‍ട്ടി പിളരാതിരിക്കാന്‍ കോണ്‍ഗ്രസ് കണ്ടെത്തിയ ഉത്തരമായിരുന്നു സോണിയ. രാഹുല്‍ 20 വര്‍ഷമായി സജീവ രാഷ്ട്രീയത്തിലുണ്ട്. എന്നാല്‍, രാജീവിന്റെ മരണത്തിന് ശേഷം 33 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് മകള്‍ പ്രിയങ്ക ജനാധിപത്യപ്രക്രിയയിലൂടെ ഒരു അധികാര സ്ഥാനത്തെത്തുന്നത്. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പശ്ചിമ യു.പിയുടെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക രാഷ്ട്രീയത്തില്‍ പ്രധാന റോളിലേക്ക് എത്തിയിരുന്നു.
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി നെഹ്രുവിന്റെ പരമ്പരയിലെ ഇങ്ങേക്കണ്ണി, ഇന്ദിരയുടെ കൊച്ചുമകള്‍, രാജീവിന്റെയും സോണിയയുടെയും മകള്‍, രാഹുല്‍ ഗാന്ധിയുടെ സഹോദരി, റോബട്ട് വാദ്രയുടെ പത്നി, റോഹന്റെയും മിറായയുടെയും അമ്മ, ഇതൊക്കെയാണ് ലോകം അറിയുന്ന പ്രിയങ്ക ഗാന്ധി. ഇതിനപ്പുറവും ഒരു പ്രിയങ്കയുണ്ട്. ഒരുപക്ഷേ കോണ്‍ഗ്രസ് പ്രതീക്ഷയോടെ നോക്കുന്നതും രാജ്യം ഉറ്റുനോക്കുന്നതും ഇനി പ്രിയങ്ക എന്ന രാഷ്ട്രീയക്കാരിയെയാകാം.

ഇന്ദിരയുടെ പ്രിയങ്ക
വെടിയുണ്ടകള്‍ തുളച്ചുകയറി കൊല്ലപ്പെടുന്നതിന് വെറും രണ്ട് ദിവസം മുമ്പ്, 1984 സെപ്റ്റംബര്‍ 28-ന് ഇന്ദിരാഗാന്ധി കൊച്ചുമകളെക്കുറിച്ച് തന്റെ സന്തത സഹചാരിയും ദീര്‍ഘാകലം പൊളിറ്റിക്കല്‍ സെക്രട്ടറിയുമായിരുന്ന എം.എല്‍ ഫൊത്തേദാറിനോട് ഇങ്ങനെ പറഞ്ഞു.'' ഫൊത്തേദാര്‍ജി ഞാന്‍ ചിലപ്പോള്‍ അധികകാലം ജീവിച്ചിരിക്കില്ല, പക്ഷേ പ്രിയങ്ക വളരുന്നത് നിങ്ങള്‍ കാണണം''. ഉടനെ ഇന്ദിരയോട് ഫോത്തേദാറിന്റെ മറുചോദ്യം ''അത്രയും കാലം ഞാന്‍ ജീവനോടെ ഉണ്ടാകുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ'' ഒട്ടും ആലോചിക്കാതെ ഇന്ദിര മറുപടി നല്‍കി. "നിങ്ങള്‍ ജീവനോടെ ഉണ്ടാകും അവള്‍ വളരുന്നതും ദേശീയ തലത്തില്‍ തിളങ്ങുന്നതും കാണാന്‍ നിങ്ങള്‍ക്കാകും. ആളുകള്‍ അവളില്‍ എന്നെ കാണും, അവളെ കാണുമ്പോള്‍ അവര്‍ എന്നെ ഓര്‍ക്കും. അവള്‍ തിളങ്ങും, അങ്ങനെ അടുത്ത നൂറ്റാണ്ട് അവളുടേതായിരിക്കും. അപ്പോള്‍ ആളുകള്‍ എന്നെ മറക്കും." ചിനാര്‍ ലീവ്സ് എന്ന പുസ്തകത്തില്‍ ഫോത്തേദാര്‍ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്.

ഗസ്റ്റ് ഹൗസില്‍വെച്ച് തന്റെ കൊച്ചുമകളെ കുറിച്ചുള്ള സ്വപ്നം പങ്കുവെച്ച രണ്ടുനാളിനകം ഇന്ദിര ഗാന്ധി കൊല്ലപ്പെട്ടു. ഇന്ദിരയുടെ പ്രവചനം നടന്ന് 40 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ പ്രിയങ്ക ആദ്യമായി ഒരു പൊതുതിരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിച്ചു. മുത്തശ്ശി പ്രവചിച്ച പോലെ പ്രിയങ്കയെ കാണുമ്പോള്‍ ജനം ഇന്ദിരയെ ഓര്‍ക്കുന്നു. കന്നിയങ്കത്തിനായി പ്രിയങ്ക ആദ്യമായി വയനാട്ടില്‍ എത്തിയപ്പോള്‍ സ്ഥാപിച്ച ഫെക്സ് ബോര്‍ഡുകള്‍ പോലും പ്രിയങ്ക വരുന്നു എന്നല്ല. ഇന്ദിര തിരിച്ചുവരുന്നു എന്നായിരുന്നു. മാധ്യമങ്ങള്‍ തലക്കെട്ടുകള്‍ ഇട്ടതും ഇന്ദിരയുടെ രണ്ടാം വരവോയെന്ന്. തിരഞ്ഞെടുപ്പിനും മുമ്പേ വിജയം ഉറപ്പിച്ച മണ്ഡലത്തിലേക്കാണ് പ്രിയങ്ക പറന്നിറങ്ങിയത്. ഭൂരിപക്ഷത്തെക്കുറിച്ച് മാത്രമായിരുന്ന ചര്‍ച്ച. അതും രാഹുലിന്റെ ഭൂരിപക്ഷം അനുജത്തി മറികടക്കുമോയെന്ന്. . അടുത്ത നൂറ്റാണ്ട് പ്രിയങ്കയുടേത് ആകുമോയെന്നും അവരിലൂടെ ഇന്ദിര സ്മരിക്കപ്പെടുമോയെന്നും ഇനി കാലം തെളിയിക്കണം.
ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന് പ്രവചനം
ഒരിക്കല്‍ ഒരു ജ്യോതിഷി രാജീവ് ഗാന്ധിയുടെ വീട്ടിലെത്തി. തന്റെ മുന്നിലൂടെ കടന്നുപോകുകയായിരുന്ന കുഞ്ഞ് പ്രിയങ്കയെ അടുത്തുവിളിച്ച് കൈ നോക്കി ജ്യോതിഷി പ്രവചിച്ചു. ''ഒരിക്കള്‍ നിങ്ങള്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാകും. പ്രിയങ്കയ്ക്ക് അന്ന് 12 വയസ് മാത്രമാണ് പ്രായം. ജ്യോതിഷിയുടെ പ്രവചനം കേട്ടുകൊണ്ട് വന്ന രാജീവ് ഗാന്ധി പ്രിയങ്കയെ ശകാരിച്ചു. ഒരിക്കലും ഇത്തരം കാര്യങ്ങള്‍ മനസിലുണ്ടാകരുതെന്നും ഉപദേശിച്ചു. വയനാട് സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടയില്‍ ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പ്രിയങ്ക തന്നെ വെളിപ്പെടുത്തിയതാണ് ഇക്കാര്യം. പ്രധാനമന്ത്രിമാരുടെ കുടുംബത്തില്‍ ജനിച്ചതുകൊണ്ടുതന്നെ വളരെ ചെറുപ്പത്തില്‍ തന്നെ പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനം പ്രതീക്ഷപ്പെട്ടതാണ്. പക്ഷേ 52 വയസുവരെ അവര്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍നിന്ന് അകലം പാലിച്ചു. അമ്മയുടെയും സഹോദരന്റെയും മണ്ഡലത്തില്‍ പ്രചാരക മാത്രമായി. പതിനേഴാം വയസില്‍ അച്ഛനുവേണ്ടി വോട്ട് ചോദിക്കാനെത്തിയപ്പോഴാണ് പ്രിയങ്ക ആദ്യമായി ഒരു തിരഞ്ഞെടുപ്പ് പരിപാടിയില്‍ പങ്കെടുക്കുന്നത്.
1972 ജനുവരി 12-നാണ് പ്രിയങ്കയുടെ ജനനം. ന്യൂഡല്‍ഹിയിലെ മോഡേണ്‍ സ്‌കൂളിലും കോണ്‍വെന്റ് ഓഫ് ജീസസ് മേരിയിലുമായിട്ടാണ് വിദ്യാഭ്യാസം. ഡല്‍ഹിയിലെ ജീസസ് ആന്റ് മേരി കോളേജില്‍നിന്ന് സൈക്കളജയില്‍ ബിരുദം പൂര്‍ത്തിയാക്കി. ബുദ്ധിസത്തില്‍ ബിരുദാനന്ത ബിരുദവും പൂര്‍ത്തിയാക്കി.

കുടുംബകാര്യം നോക്കി വീട്ടില്‍ ഇരിക്കാനാണ് താത്പര്യം, രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ ആഗ്രഹിക്കുന്നില്ല; 1991-ല്‍ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള ചോദ്യത്തിന് പ്രിയങ്കയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. അമ്മ സോണിയ അന്ന് ആദ്യമായി അമേത്തിയില്‍നിന്നും ബെല്ലാരിയില്‍നിന്നും പാര്‍ലമെന്റിലേക്ക് മത്സരിക്കുന്നു. പിന്നീട് 20 വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മ സോണിയയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്ക റായ്ബറേലിയില്‍ ഇറങ്ങി.
രണ്ട് ശക്തരായ സ്ത്രീകകളാണ് എന്നെ വളര്‍ത്തിയത്. മുത്തശ്ശിയായ ഇന്ദിയും അമ്മ സോണിയയും. "എനിക്ക് എട്ട് വയസുള്ളപ്പോള്‍ സ്വന്തം മകനെ മുത്തശ്ശിയ്ക്ക് നഷ്ടപ്പെട്ടു. എനിക്ക് 19 വയസുള്ളപ്പോള്‍ എന്റെ അമ്മയ്ക്ക് ഭര്‍ത്താവിനെയും." ഒരിക്കല്‍ പ്രിയങ്ക പറഞ്ഞു. ഈ രണ്ട് സ്ത്രീകളുടെ മനോബലം ആണ് പ്രിയങ്കയുടെ ഉള്‍ക്കരുത്ത്. പ്രത്യേകിച്ച് ഇന്ദിര ഗാന്ധിയുടെ വ്യക്തിത്വം പ്രിയങ്കയെ ഏറെ സ്വാധീനിച്ചിട്ടുമുണ്ട്.
അച്ഛന്റെ ഘാതകരെ കാണാന്‍ ജയിലില്‍ എത്തിയ പ്രിയങ്ക
2008 മാര്‍ച്ച് എട്ടിന് ല്‍ രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന നളിനിയെ കാണാന്‍ പ്രിയങ്ക ജയിലിലെത്തി. സന്ദര്‍ശനം സ്വകാര്യമായിരിക്കണമെന്ന് പ്രിയങ്ക അഭ്യാര്‍ത്ഥിച്ചു. അതുകൊണ്ട് തന്നെ ആ അപൂര്‍വ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങള്‍ പുറംലോകത്തേക്ക് എത്തിയില്ല. എന്നാല്‍ പിന്നീട് തന്റെ ആത്മകഥയിലൂടെയും അഭിമുഖങ്ങളിലൂടെയും നളിനി ആ കൂടിക്കാഴ്ചയെക്കുറിച്ച് സംസാരിച്ചു. സൗമ്യനും മിതഭാഷിയുമായ തന്റെ പിതാവിനെ എന്തിന് വധിച്ചുവെന്നും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നുവെങ്കില്‍ സംസാരിച്ച് തീര്‍ക്കാമായിരുന്നില്ലേയെന്നും ചോദിച്ച് പ്രിയങ്ക പൊട്ടിക്കരഞ്ഞുവെന്നുമായിരുന്നു നളിനിയുടെ വെളിപ്പെടുത്തല്‍. പ്രിയങ്കയുടെ മുഖം ചുവന്നിരുന്നുവെന്നും ചുണ്ടുകള്‍ വിറച്ചിരുന്നുവെന്നും നളിനി വെളിപ്പെടുത്തി. രാജീവിന്റെ മരണം പ്രിയങ്കയില്‍ ഏല്‍പ്പിച്ച ആഘാതം എത്രയായിരുന്നുവെന്ന് താന്‍ നേരിട്ട് അനുഭവിച്ചതായും നളിനി പിന്നീട് ഓര്‍ത്തെടുത്തു.
അചഞ്ചലയായ പ്രിയങ്ക
മുത്തശ്ശിയുടെ തലയ്ക്കരികില്‍ വിങ്ങിക്കരയുന്ന ഒരു രാഹുല്‍ ഗാന്ധിയുണ്ട്. മുത്തശ്ശിയെ തീനാളങ്ങള്‍ ഏറ്റുവാങ്ങുമ്പോള്‍ രാജീവിനെ കെട്ടിപ്പിടിച്ചു കരയുന്ന രാഹുലിന്റെ ദൃശ്യങ്ങള്‍ ഇന്നും ഇന്റർനെറ്റിൽ തിരഞ്ഞാല്‍ കാണാം. എവിടെയും കണ്ണുകലങ്ങിയ ഒരു പ്രിയങ്കയില്ല, ആ പ്രിയങ്കയെ നളിനി മാത്രമെ കണ്ടിരിക്കാനിടയുള്ളു. മുത്തശ്ശിയുടെയും അച്ഛന്റെയും മരണം അവളെ കരുത്തയാക്കിരുന്നു, ഈ രണ്ട് മരണങ്ങളും പ്രിയങ്ക ഗാന്ധിയെന്ന വ്യക്തിയെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. രാജീവിന്റെ സംസ്‌കാര ചടങ്ങിലുടനീളം സോണിയെ ചേര്‍ത്തുപിടിച്ച് വികാരവിക്ഷോഭത്തോടെ നില്‍ക്കുന്ന ഒരു പ്രിയങ്കയുണ്ട്. അമ്മയ്ക്കും ജ്യേഷ്ടനും കരുത്തായത് അന്ന് 19-കാരിയായിരുന്ന പ്രിയങ്കയായിരുന്നു. പിന്നീട് എട്ട് വര്‍ഷത്തിന് ഇപ്പുറം വിപാസന ധ്യാനത്തിലിരുന്നു. ഉള്ളിലുള്ള നീറ്റലുകളെ, വെറുപ്പിനെ, നിരാശയെ, അവര്‍ പിഴുതെറിഞ്ഞു.

ചൂണ്ടുവിരല്‍ ഉയര്‍ത്തി ക്ഷോഭിക്കുന്ന പ്രിയങ്കയെ അപൂര്‍വ്വമായെങ്കിലും രാജ്യം കണ്ടിട്ടുണ്ട്. അതിലൊന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നേരയായിരുന്നു. പ്രിയങ്ക മകളെപ്പോലെയാണെന്ന് പറഞ്ഞ മോദിയോട് എന്റെ പിതാവ് രാജ്യത്തിന് വേണ്ടി രക്തസാക്ഷിയായ രാജീവ് ഗാന്ധിയാണ്; മാറ്റാര്‍ക്കും ഞാന്‍ ആ സ്ഥാനം നല്‍കില്ല എന്നായിരുന്നു ഇതേപറ്റി ചോദിച്ച മാധ്യമപ്രവര്‍ത്തകരോടുള്ള പ്രിയങ്കയുടെ മറുപടി. രാജ്യത്തെ നയിക്കാന്‍ വേണ്ടത് 56 ഇഞ്ച് നെഞ്ചളവല്ല വിശാല ഹൃദയമാണെന്ന് മോദിയെ ചൂണ്ടി 2014-ല്‍ പ്രിയങ്ക പറഞ്ഞവാക്കുകള്‍ ആരും അത്ര പെട്ടെന്ന് മറന്നുപോകില്ല. സൗമ്യയെങ്കിലും ആവശ്യസമയത്ത് ചാട്ടുളിയാകാനും പ്രിയങ്കയുടെ നാവിനാകുമെന്ന് അന്ന് വ്യക്തമായി.
ഹത്രാസില്‍ ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തെ കാണാന്‍ പ്രിയങ്ക നടത്തിയ യാത്രയില്‍ രാജ്യം മറ്റൊരു ഇന്ദിരയെ കണ്ടു. പോലീസ് ബാരിക്കേഡും മറികടന്നുള്ള ആ യാത്ര ഇന്ദിരയുടെ ബെല്‍ച്ചിയാത്രയെ ഓര്‍മ്മിപ്പിച്ചു. കര്‍ഷക സമരത്തിനിടെ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബത്തെ കാണാന്‍ നടത്തിയ യാത്രയും രാജ്യശ്രദ്ധ നേടി. ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ എതിര്‍പ്പുകളെ ചെറുത്ത് തോല്‍പ്പിച്ചായിരുന്നു ആ യാത്രകള്‍.

യു.പിയുടെ ബഹന്‍ പ്രിയങ്ക
2019-ലാണ് പ്രിയങ്ക ഗാന്ധി കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയേല്‍ക്കുന്നത്. ഏറെ നാളായുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മുറവിളിയ്‌ക്കൊടുവില്‍ പ്രിയങ്ക ആ തീരുമാനമെടുത്തു. യു.പിയില്‍ പാര്‍ട്ടി തകര്‍ന്നടിഞ്ഞ സമയം കൂടിയായിരുന്നു അത്. അന്ന് തോളോട് തോള്‍ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ രാഹുലിന്റെ വിശ്വസ്തന്‍ ജ്യേതിരാദിത്യ സിന്ധ്യയുമുണ്ടായിരുന്നു. പക്ഷേ, അതൊന്നും വോട്ടായില്ല അമേത്തിയില്‍ രാഹുല്‍ അടക്കം യു.പിയില്‍ കോണ്‍ഗ്രസ് വന്‍ തിരിച്ചടി നേരിട്ടു. സിന്ധ്യ കളംമാറി ചവിട്ടിയിട്ടും ചുമതലയേറ്റ ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നിലം തൊടാതെ ഇരുന്നിട്ടും പ്രിയങ്ക യു.പിയില്‍ തുടര്‍ന്നു. മുഴുവന്‍ ഉത്തര്‍പ്രദേശിന്റെയും ചുമതലയിലേക്ക് പ്രിയങ്കമാറി. റായ്ബറേലിയില്‍ ഗാന്ധി കുടുംബത്തിന് പ്രിയങ്കരനായ കിഷോരി ലാല്‍ ശര്‍മ്മയെ കളത്തിലിറക്കി കോണ്‍ഗ്രസിന് പ്രിയപ്പെട്ട മണ്ഡലം തിരിച്ചുപിടിച്ചത് മുതല്‍ ഇന്ത്യ സംഖ്യം യു.പിയില്‍ നടത്തിയ മുന്നേറ്റത്തിന് പിന്നില്‍ പ്രിയങ്കയുണ്ട്. അഖിലേഷുമായി കൈകോര്‍ത്തതും സംസ്ഥാനത്ത് പാര്‍ട്ടിയുടെ അടിത്തറ കെട്ടിപ്പടുത്തതിലും പ്രിയങ്കയുടെ പങ്ക് ചെറുതല്ല.രാജസ്ഥാനിൽ അശോക് ഗെഹ്‌ലോട്ടും സച്ചിന്‍ പൈലറ്റും ഏറ്റുമുട്ടിയപ്പോള്‍, പടലപ്പിണക്കത്തിനൊടുവില്‍ സച്ചിന്‍ പൈലറ്റ് പാര്‍ട്ടിവിടുമെന്ന ഘട്ടം വന്നപ്പോള്‍ പ്രിയങ്കയുടെ ഇടപെടലാണ് രാഹുല്‍ ബ്രിഗേഡിലെ കരുത്തന്‍ പാര്‍ട്ടിയില്‍ തുടരാന്‍ കാരണമായത്. സച്ചിന്‍ പൈലറ്റ് ഇന്നും കോണ്‍ഗ്രസില്‍ തുടരുന്നുവെങ്കില്‍ അതിനൊരു കാരണം പ്രിയങ്കയാണ്.

പ്രിയങ്കയെന്ന മകള്‍, സഹോദരി
19-ാം വയസില്‍ പ്രിയങ്ക കോണ്‍ഗ്രസിന്റെ തലപ്പത്തേക്ക് എത്തിയിരുന്നുവെങ്കില്‍ രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ ഭാവി എന്താകുമായിരുന്നു? ഒരു പക്ഷേ രാഹുല്‍ രാഷ്ട്രീയത്തിലെ ഉണ്ടാകുമായിരുന്നില്ല, അതുമല്ലെങ്കില്‍ കോണ്‍ഗ്രസില്‍ രണ്ട് അധികാര കേന്ദ്രങ്ങള്‍ രൂപപ്പെട്ടേനെ. പ്രിയങ്ക കുടംബജീവിതവുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത് രാഹുലിന്റെ രാഷ്ട്രീയ ഭാവിയെ മാത്രമല്ല കുടുംബത്തിന്റെ ഭദ്രതകൂടിയാണ് സംരക്ഷിക്കപ്പെട്ടത്. അമുല്‍ ബേബിയെന്ന് മുദ്രകുത്തപ്പെട്ട് കനത്ത പരാജത്തിലേക്ക് വീണപ്പോഴും പ്രിയങ്കയ്ക്കായി മുറവിളികള്‍ ഉയര്‍ന്നു. പക്ഷേ പ്രിയങ്ക ചെവി കൊടുത്തില്ല. ഒടുവില്‍ രാഹുല്‍ രാഷ്ട്രീയത്തില്‍ കരുത്താര്‍ജ്ജിച്ചപ്പോഴാണ് പ്രിയങ്കയുടെ വരവ്. രാഹുല്‍ ഗാന്ധിയിലെ രാഷ്ട്രീയ നേതാവ് പ്രതിപക്ഷ നേതാവായി ഉയര്‍ന്ന ശേഷമാണ് പ്രിയങ്ക കന്നിയങ്കത്തിന് ഇറങ്ങുന്നത്. അതും രാഹുല്‍ ഒഴിയുന്ന മണ്ഡലത്തില്‍. രാജീവിന്റെ വിയോഗത്തില്‍ ഉലഞ്ഞുപോകാതെ തന്റെ അമ്മയെ, തന്നെ, ചേര്‍ത്തുപിടിച്ച സഹോദരിയെക്കുറിച്ച് രാഹുല്‍ എത്രയോ തവണ പറഞ്ഞിട്ടുണ്ട്. രാഷ്ട്രീയത്തിനകത്തും പുറത്തും പ്രിയങ്ക രാഹുല്‍ ബന്ധം ഊഷ്മളമാണ്. പ്രതിസന്ധികളില്‍ ഉലഞ്ഞുപോകാതെ പരസ്പരം കരുത്താര്‍ജ്ജിച്ച സഹോദരങ്ങള്‍.

പ്രിയങ്ക വയനാടിന്റെ പ്രതിനിധിയാകുന്നതോടെ ദക്ഷിണേന്ത്യയില്‍നിന്ന് പ്രിയങ്കയും ഉത്തരേന്ത്യയില്‍നിന്ന് രാഹുലും പാര്‍ട്ടിയെ നയിക്കും. സഹോദരങ്ങള്‍ ഇന്ത്യയുടെ രണ്ട് പ്രദേശങ്ങളെ പ്രതിനിധീകരിക്കുമ്പോള്‍ ഇന്ത്യ സഖ്യത്തിനും കോണ്‍ഗ്രസ് പാര്‍ട്ടിക്കും അതിലൂടെ ലഭിക്കുന്ന ഊര്‍ജ്ജം ചെറുതായിരിക്കില്ല. ദക്ഷിണേന്ത്യയില്‍ ശക്തമാകാനുള്ള ബി.ജെ.പി. ശ്രമങ്ങള്‍ക്ക് പ്രിയങ്കയുടെ സാനിധ്യം എങ്ങനെ പ്രതിരോധമാകുമെന്ന് വരും നാളുകളില്‍ അറിയം.
പ്രിയങ്ക- റോബര്‍ട്ട് പ്രണയം
പതിമൂന്നാം വയസില്‍ സ്‌കൂള്‍ പഠനകാലത്താണ് പ്രിയങ്ക ആദ്യമായി റോബര്‍ട്ട് വാദ്രയെ കാണുന്നത്. റോബര്‍ട്ടിന്റെ സഹോദരി മിഷേല്‍ വാദ്രയും പ്രിയങ്കയും സഹപാഠികളായിരുന്നു. കൂട്ടുകാരിയുടെ സഹോദരന്‍ എന്ന നിലയില്‍ തുടങ്ങിയ ബന്ധം പിന്നീട് സൗഹൃദമായി. രാജീവിന്റെ മരണത്തില്‍ തകര്‍ന്ന പ്രിയങ്കയ്ക്ക് താങ്ങായത് റോബര്‍ട്ട് ആയിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെയും മാധ്യമങ്ങളുടെയും കണ്ണുവെട്ടിച്ച് ആ സൗഹൃദം പ്രണയമായി വളര്‍ന്നു. ഒരിക്കല്‍ മിഷേലുമൊത്ത് സോണിയയുടെ വീട്ടിലെത്തിയ റോബര്‍ട്ട് പ്രിയങ്കയോട് പ്രണയാഭ്യര്‍ത്ഥന നടത്തി. അമ്മ സോണിയയും സഹോദരന്‍ രാഹുലും പച്ചക്കൊടി കാണിച്ചതോടെ ആ പ്രണയം 1997 ഫ്രെബ്രുവരി 10 പത്ത് ജന്‍പഥിലെ വീട്ടില്‍ വെച്ച് വിവാഹത്തിലെത്തി. പിന്നീട് രോഹനും മിറായയും അവരുടെ ജീവിതത്തിലേക്കെത്തി. കുട്ടികളുടെ കാര്യം നോക്കി പ്രിയങ്ക വീട്ടമ്മയിലേക്കൊതുങ്ങി. അമ്മയുടെയും സഹോദരന്റെയും മണ്ഡലത്തില്‍ പ്രചാരണത്തിനെത്തുമ്പോള്‍ മാത്രം പ്രിയങ്കയെ ജനം പൊതുവേദിയില്‍ കണ്ടു.

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ റോബര്‍ട്ട് വാദ്രയ്‌ക്കെതിരെ ഇ.ഡി അന്വേഷണം നേരിട്ടപ്പോള്‍ ബി.ജെ.പിയുടെ രാഷ്ട്രീയ പകപോക്കലെന്ന് ഉറച്ചുപറഞ്ഞ് ഭര്‍ത്താവിന് പ്രിയങ്ക പൂര്‍ണ പിന്തുണ നല്‍കി. വാദ്രയെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചപ്പോള്‍ ഭര്‍ത്താവിനൊപ്പം ഇ.ഡി ഓഫീസിലേക്ക് പ്രിയങ്കയുമെത്തി. ഒരു പരിധിവരെ പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനത്തെ വൈകിയ്ക്കാന്‍ ഇ.ഡി കേസിനായി. ഒടുവില്‍ കേസും വിവാദങ്ങളും അവസാനിച്ച ശേഷമാണ് അവര്‍ രാഷ്ട്രീയത്തില്‍ സജീവമാകുന്നതും.
സ്റ്റൈലിഷ്, എലഗന്റ് പ്രിയങ്ക ഗാന്ധി
കാതില്‍ ഒരു പൊടിക്കമ്മല്‍, കൈയ്യില്‍ രാഹുല്‍ കെട്ടിയ രാഖിച്ചരടുകള്‍, കൈത്തറി സാരി, അതുമല്ലെങ്കില്‍ കോട്ടണ്‍ ചുരിദാര്‍, ഒപ്പം മുഖത്ത് നിറചിരിയും ഇതാണ് പ്രിയങ്കയുടെ സ്റ്റൈല്‍ സ്റ്റേറ്റ്‌മെന്റ്. ഏത് ആള്‍കൂട്ടത്തെയും തന്നിലേക്ക് ആകര്‍ഷിക്കാന്‍ ഇത്രയും മതി പ്രിയങ്കയ്ക്ക്. സാരിയുടെ നിറത്തിലും പ്രത്യേകിച്ച് പിടിവാശികളൊന്നും പ്രിയങ്കയ്ക്ക് ഇല്ല ഏത് നിറത്തിലും പ്രിയങ്കയെ പ്രതീക്ഷിക്കാം.
ഏത് സാധരണക്കാര്‍ക്ക് ഇടയിലേക്കും ഇറങ്ങിച്ചെന്ന് അന്യത്വം ഇല്ലാത്ത അവരിലൊരാളായി മാറാന്‍ കഴിയുന്ന ശരീരഭാഷയാണ് പ്രിയങ്കയുടേത്. ഒപ്പം സങ്കടപ്പെടുന്നവരെ സങ്കോചങ്ങളില്ലാതെ ചേര്‍ത്തുപിടിക്കുന്ന മനസും. ആവേശത്തോടെ കത്തിക്കയറുന്ന രാഹുലിന്റെ പ്രസംഗശൈലിയും പ്രിയങ്കയ്ക്ക് ഇല്ല. വളരെ സാവധാനത്തിലാണ് പ്രയങ്ക ജനങ്ങളോട് സംവദിക്കുന്നത് ഇവിടെ മുത്തശ്ശിയല്ല അച്ഛനാണ് മാതൃക.
പ്രതീക്ഷയാണ് പ്രിയങ്ക
അനായാസേന വിജയം നല്‍കിയ മണ്ഡലത്തില്‍ ഏറെ ചെയ്ത് തീര്‍ക്കാനുണ്ട് പ്രിയങ്കയ്ക്ക്. അടിക്കടിയെത്തുന്ന ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുള്ള പ്രകൃതി ദുരന്തങ്ങളും വികസനത്തിലെ പിന്നോക്കാവസ്ഥയും വെല്ലുവിളികള്‍ തന്നെയാണ്. ഒപ്പം രാജ്യത്ത് ഇന്ത്യ സംഖ്യത്തിന് കരുത്താവാനും പാര്‍ലമെന്റില്‍ പ്രതിപക്ഷ നിരയിലെ ഉറച്ച ശബ്ദമാകാനും പ്രിയങ്കയ്ക്ക് കഴിയേണ്ടതുണ്ട്. വാക്കിലും നോക്കിലും ഇന്ദിര ഗാന്ധിയെ ഓര്‍മ്മിപ്പിക്കുന്ന പ്രിയങ്കയ്ക്ക് രാജ്യം നല്‍കുന്ന പ്രതീക്ഷയുടെ ഭാരം വലുതാണ്. ആ പ്രതീക്ഷ നിറവേറ്റാനായാല്‍ നാളെ മുത്തശ്ശി പ്രവചിച്ചതുപോലെ നാളത്തെ രാഷ്ട്രീയം പ്രിയങ്കയുടെതായിരിക്കും
Content Highlights: Indira Gandhi, Priyanka gandhi, Rahul Gandhi Makhan Lal Fotedar, Robert Vadra
Published: 23 Nov 2024, 12:40 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented