തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്കെതിരെ വയനാട്ടില്‍ മത്സരിച്ചത് തന്റെ തീരുമാനമായിരുന്നില്ലെന്നും പാര്‍ട്ടിയുടെ കേരള ഘടകത്തിന്റെ ആവശ്യ പ്രകാരമായിരുന്നുവെന്നും ആനി രാജ പറഞ്ഞത് സി.പി.ഐയ്ക്കുള്ളില്‍ ചര്‍ച്ചയാവുന്നു. പാര്‍ട്ടി സംസ്ഥാന നേതൃത്യത്തിന്റെ മുഖത്തേറ്റ അടിയാണ് ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ ആനി നടത്തിയ ഏറ്റുപറച്ചില്‍. ഇത് വരാനിരിക്കുന്ന വയനാട് ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നത് പാര്‍ട്ടിയെ ചിന്താക്കുഴപ്പത്തിലാക്കുമെന്ന് ഉറപ്പാണ്.

To advertise here,

വേണമെങ്കില്‍ തൃശ്ശൂരിലെ തിരഞ്ഞെടുപ്പു പരാജയത്തിനു ശേഷം കെ. മുരളീധരന്‍ നടത്തിയ ചില പരാമര്‍ശങ്ങളെ ഇതിനോടു ചേര്‍ത്തു വായിക്കാമെങ്കിലും ശരിക്കും അവര്‍ രണ്ടും തമ്മില്‍ താരതമ്യമില്ല. വടകരയില്‍ ജയിച്ച സീറ്റ് നിലനിര്‍ത്താന്‍ തയ്യാറെടുത്ത മുരളിയെയാണ് നിര്‍ബന്ധിച്ചു കൊണ്ടുവന്ന് തൃശ്ശൂരില്‍ സ്ഥാനാര്‍ഥിയാക്കിയത്. ദേശീയ രാഷ്ട്രീയത്തില്‍ ഇന്ത്യാസഖ്യത്തിന്റെ മുന്നണിപ്പോരാളിയായിരുന്ന ആനി രാജയെ രാഹുലിനെതിരെ നിര്‍ത്തിയത് ജയിക്കുമെന്ന വിദൂര പ്രതീക്ഷ പോലുമില്ലാതെയാണെന്നത് വ്യക്തമാണല്ലോ. വയനാട്ടില്‍ രാഹുലിന് അഞ്ചു ശതമാനം വോട്ടു കുറഞ്ഞപ്പോള്‍ ബി.ജെ.പിക്ക് ആറു ശതമാനം കൂടി. രണ്ടാം സ്ഥാനത്തു വന്ന സി.പി.ഐ. സ്ഥാനാര്‍ഥിക്ക് ഒരു ശതമാനത്തോളം വോട്ടാണ് കൂടിയത്; രാഹുല്‍ 6.47 ലക്ഷം വോട്ട് നേടിയപ്പോള്‍ ആനി രാജ 2.83 ലക്ഷം സ്വന്തമാക്കി.

ആനിയുടെ സ്ഥാനാര്‍ഥിത്വം ദേശീയ തലത്തില്‍ ഇന്ത്യാസഖ്യത്തിന് ദോഷം ചെയ്തുവെന്നാണ് പാര്‍ട്ടിക്കുള്ളിലെ ഒരു വിഭാഗം കരുതുന്നത്. പാര്‍ട്ടി പ്രതിപക്ഷ ഐക്യം പ്രസംഗിക്കുന്ന കാലത്ത് ദേശീയ നേതാവ് ആനിയെ സ്ഥാനാര്‍ഥിയാക്കിയത് രാഷ്ട്രീയ യുക്തിക്ക് ചേരാത്തതായിരുന്നു എന്ന അഭിപ്രായം തിരഞ്ഞെടുപ്പ് അവലോകനം നടത്തുന്ന സി.പി.ഐ. ദേശീയ നിര്‍വാഹക സമിതിയിലും ദേശീയ കൗണ്‍സിലിലും ഉയര്‍ന്നു. മുതിര്‍ന്ന പാര്‍ട്ടി നേതാവ് രാഹുലിനെതിരെ മത്സരിക്കുന്നതില്‍ തനിക്കുള്ള ആശയപരമായ വിയോജിപ്പ് വ്യക്തമാക്കി തിരഞ്ഞെടുപ്പിനു മുമ്പു തന്നെ ആനി രാജ കത്തയച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്.

പഞ്ചാബിലെ പാര്‍ട്ടി നേതാക്കളില്‍ നിന്നാണ് ആനിയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരായ ഏറ്റവും വലിയ വിമര്‍ശനമുണ്ടായത്. ബിഹാറിലും ഉത്തര്‍പ്രദേശിലും നിന്നുള്ള നേതാക്കളും ഇക്കാര്യത്തില്‍ നേതൃത്യത്തെ വിമര്‍ശിച്ചു. പ്രശ്നമുണ്ടായിരുന്നെങ്കില്‍ കേന്ദ്ര കമ്മിറ്റിക്ക് ഇടപെടാമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ സംസ്ഥാന ഘടകം കുറ്റമേറ്റെടുക്കാന്‍ വിസമ്മതിച്ചു. മൂന്നു ജില്ലാക്കമ്മറ്റികള്‍ ആനി രാജയുടെ പേര് ആദ്യ പരിഗണനയായി നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് സംസ്ഥാന കമ്മിറ്റി അവരുടെ പേര് മുന്നോട്ടു വെച്ചത്. അന്ന് ലഭ്യമായ ഏറ്റവും നല്ല സ്ഥാനാര്‍ഥി അവരായിരുന്നുവെന്നും കേരളത്തിലെ നേതാക്കള്‍ പറഞ്ഞു.

ഇനി കാണേണ്ടത് വയനാട്ടിലെ ഉപതിരഞ്ഞെടുപ്പില്‍ പ്രിയങ്കാ ഗാന്ധിക്കെതിരെ ആരെയാണ് സി.പി.ഐ സ്ഥാനാര്‍ഥിയാക്കുക എന്നാണ്. ദേശീയ രാഷ്ട്രീയത്തില്‍ പ്രമുഖരായ ആരെയും സ്ഥാനാര്‍ഥിയാക്കിയാല്‍ ഉറപ്പായും അത് ഡല്‍ഹിയിലെ ഇന്ത്യാ മുന്നണി സമവാക്യങ്ങളെ ബാധിക്കും. ദുര്‍ബലരായ ആരെയെങ്കിലുമാണ് നിര്‍ത്തുന്നതെങ്കില്‍ സൗഹൃദ മത്സരമെന്ന ബി.ജെ.പിയുടെ കുത്തുവാക്കുകള്‍ക്ക് നിന്നുകൊടുക്കേണ്ടിയും വരും. ചുരുക്കത്തില്‍, എന്തുചെയ്താലും പ്രശ്നമാവുന്ന രാഷ്ട്രീയക്കുരുക്കിലാണ് സി.പി.ഐ.